'ഹുകും!' രജനികാന്തിന്റെ ജനപ്രിയ ഡയലോഗ് പറഞ്ഞ് രണ്‍വീര്‍ സിങ്... ഗോവ ചലച്ചിത്രോത്സവത്തില്‍ സൂപ്പര്‍സ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് ചലച്ചിത്രലോകം, ജയിലര്‍ 2-നായി കാത്തിരിക്കുന്നുവെന്നും രണ്‍വീര്‍

2023ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം.

author-image
ഫിലിം ഡസ്ക്
New Update
1001441244

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ, ഇതിഹാസതാരം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസകളറിയിച്ച് ആരാധകരും ചലച്ചിത്രപ്രവര്‍ത്തകരും.

Advertisment

 ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ രജനികാന്തിനെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്.

 ആശംസാപ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

സമാപന ചടങ്ങിനിടെ രജനികാന്തിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍, പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് സൂപ്പര്‍സ്റ്റാറിനെ നിറഞ്ഞ കൈയടിയോടെയാണ് എതിരേറ്റത്.

രജനികാന്ത് കൈകള്‍ കൂപ്പി, തന്നെ സ്‌നേഹിക്കുന്നവരുടെ ആശംസകള്‍ നിറഞ്ഞമനസോടെ സ്വീകരിച്ചു.

അവതാരകരായ ജയ് ഭാനുശാലിയും ടിസ്‌ക ചോപ്രയും രജനികാന്തിനെ ക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും സംസാരിക്കാന്‍ രണ്‍വീറിനോട് ആവശ്യപ്പെട്ടപ്പോള്‍, അത് അസാധ്യമായ കാര്യമാണെന്നായിരുന്നു രണ്‍വീറിന്റെ മറുപടി. 

രണ്‍വീര്‍ പറഞ്ഞു: 'രജനികാന്ത് എന്ന മഹാനടനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആരുമല്ല..! ജയിലര്‍ 2-നായി നിങ്ങളെപ്പോലെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധകനാണ് ഞാനും...' തുടര്‍ന്ന്, 'ഹുകും!' എന്ന ജയിലര്‍ സിനിമയിലെ രജനികാന്തിന്റെ ഐക്കണിക് ഡയലോഗ് രണ്‍വീര്‍ ആവേശത്തോടെ പറഞ്ഞു.

 സദസിലുണ്ടായിരുന്നവര്‍ അതേ വികാരത്തോടെ ആ ഡയലോഗ് ഏറ്റുപറഞ്ഞു.

രണ്‍വീറിന്റെയും തന്നെ സ്‌നേഹിക്കുന്നവരുടെയും പ്രതികരണങ്ങളെ രജനികാന്ത് എന്ന സൂപ്പര്‍താരം നിറപുഞ്ചിരിയോടെ സ്വീകരിച്ചു.

ലോകമെമ്പാടും ആരാധകരുള്ള രജനികാന്ത്, ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പാണ്, ജീവശ്വാസമാണ്. 1975-ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും പിന്നീട് ബോക്‌സ്ഓഫീസില്‍ കോടികളുടെ താരരാജാവായി അദ്ദേഹം മാറി. 2023ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം.

 അതിനുശേഷം ഉലകനായകന്‍ കമല്‍ഹാസനോടൊപ്പമുള്ള പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment