വിവാദ അഭിമുഖം; രഞ്ജിത്തില്‍നിന്ന് വിശദീകരണം തേടി മന്ത്രി സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചത്.

author-image
ഫിലിം ഡസ്ക്
New Update
saji renjith.jpg

കോട്ടയം: സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തില്‍നിന്ന് വിശദീകരണം തേടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതേ പറ്റി നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ ബിജു ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെട്ടതാണ്. പിന്നെ അതില്‍ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

Advertisment

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മന്ത്രി സജി ചെറിയാന്റെ വിശദീകരണം. കെഎസ്എഫ്ഡിസി ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തില്‍ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു.

ഡോക്ടര്‍ ബിജു ഒക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കണം എന്ന് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദമായത്. ഇതിനുള്ള മറുപടിയാണ് തുറന്ന കത്തിലൂടെ ഡോ. ബിജു നല്‍കിയിരുന്നത്.  ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ താങ്കള്‍ക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് കത്തില്‍ രഞ്ജിത്തിനോട് ഡോ.ബിജു പറയുന്നത്.

 

saji cheriyan ranjith
Advertisment