ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുകയെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണെന്നും ഹേമ കമ്മിറ്റിയിന്‍ മേല്‍ നടപടിയെടുക്കണമെന്നും സാജു പറഞ്ഞു. ഓണം റിലീസായെത്തുന്ന 'പ്രതിഭ ട്യൂട്ടോറിയല്‍സ്' എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രമോഷന്‍ പരിപാടിക്കിടെ പ്രമുഖ മാധ്യമത്തോട് സാജു പ്രതികരിച്ചത്.
സാജു നവോദയയുടെ വാക്കുകള്‍:
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമ ഇന്‍ഡസ്ടറി എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമായിരിക്കും നില്‍ക്കുക. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ലെന്നും സാജു പറഞ്ഞു. എന്നാല്‍ കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും സാജു പറഞ്ഞു.
സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണ്. അവര്‍ക്കു തണലായി മാത്രമേ നില്‍ക്കുകയുള്ളു. സിനിമ എന്നത് ഫാന്റസി ആണ്. എപ്പോഴും ഒരു തിരിഞ്ഞുനോട്ടം നല്ലതാണ് എന്നും സാജു നവോദയ അഭിപ്രായപ്പെട്ടു. നേരത്തെ വിഷയത്തില്‍ സിനിമാ മേഖലയില്‍ ഉള്‍പ്പെട്ടവരും മറ്റു പ്രമുഖരും അടക്കം നിരവധി പേര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.