പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഷംന കാസിം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലുമാണ് താരം അറിയപ്പെടുന്നത്. ഷംന കാസിമിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ഷംനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'അമ്മയെന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷം മറ്റൊന്നിൽ നിന്നും ലഭിക്കില്ല... എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം' എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷംന കുറിച്ചത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം.
ഏപ്രിൽ നാലാം തീയതിയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും ആൺകുഞ്ഞ് പിറന്നത്. ഹംദാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേര് (ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം) തന്റെ കുഞ്ഞിന് ഷാനിദ് നൽകുകയായിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നർത്തകിയായ ഷംന കാസിം 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ഒട്ടേറെ സിനിമകളുടെ ഭാഗമായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഷംന കാസിം. വിചിത്രൻ എന്ന തമിഴ് ചിത്രമാണ് ഷംനയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്.