/sathyam/media/media_files/fuLhdnvfUsIue9bGnN0L.jpg)
ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നടികർ തിലകത്തിനെതിരെ ശിവാജി ഗണേശന്റെ ആരാധക സംഘടന. ചിത്രത്തിൻറെ പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ച് 'അമ്മ' സംഘടനയ്ക്ക് കത്ത് നൽകി. നടികർ തിലകം ശിവാജി സമൂഗനള പേരവൈ എന്ന സംഘടനയാണ് അമ്മയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. ഒരു കോമഡി ചിത്രത്തിന് നടികർ തിലകം എന്ന പേരിടുന്നത് ശിവാജി ഗണേശനോടുള്ള അവഹേളനമാണെന്ന് കത്തിൽ പറയുന്നു.
നടികർ തിലകം എന്നുള്ളത് വെറും ഒരു പേരുമാത്രമല്ല, ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമാണെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ചിത്രത്തിന് ഇങ്ങനെ പേര് നൽകിയാൽ തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്നവർക്കും ഏറെ വേദന നൽകും. തമിഴ് - മലയാളം സിനിമ മേഖലകൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകാൻ ഇത് കാരണമാകരുത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികർ തിലകം'. ഷൂട്ടിംഗ് വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാൽ ജൂനിയർ വ്യക്തമാക്കി. ഗോഡ്സ്പീഡിന്റെ ബാനറിൽ അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്.
'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുന്നു, അത് തരണം ചെയ്യാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് നടികർ തിലകത്തിന്റെ പ്രമേയമാകുന്നത്. ആൽബി ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഭാവന നായികയായി വേഷമിടുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ് എന്നിവരുമുണ്ട്.