കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുകയാണ് ഷിയാസ് കരീം. താരത്തിന്റെ പേരിൽ പുറത്തുവന്ന വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസും പിന്നാലെയുള്ള വിവാഹ നിശ്ചയ ചിത്രങ്ങളുമാണ് ഇതിന് കാരണം. ഇപ്പോഴിതാ സംഭവങ്ങളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷിയാസിന്റെ പ്രതികരണം.
താൻ ജയിലിൽ അല്ലെന്നും ദുബായിൽ ആണെന്നും ഷിയാസ് കരീം പറയുന്നു. 'എന്നെക്കുറിച്ച് ഒരുപാട് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഞാൻ ജയിലിൽ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം'. - എന്ന് പറഞ്ഞാണ് ഷിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതിയും ഷിയാസും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു.
പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാർ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്.