മാദ്ധ്യമങ്ങൾക്കെതിരെ നടത്തിയ തെറ്റായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഷിയാസ് കരീം. കഴിഞ്ഞ ദിവസം ഒരുപാട് വാർത്തകൾ പലരം അയച്ച് തന്നപ്പോഴുണ്ടായ പ്രകോപനത്തിൽ പറഞ്ഞതാണ് അതെന്ന് ഷിയാസ് കരീം പറഞ്ഞു. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വീഡിയോയിൽ ഷിയാസ് വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം ഞാൻ മാദ്ധ്യമങ്ങളെ ചീത്ത വിളിച്ചിരുന്നു, അതിന് മാപ്പ്.. എന്റെ കരിയറിൽ ഒരുപാട് സഹായം ചെയ്തത് മാദ്ധ്യമങ്ങളാണ്. എനിക്കെതിരായി വന്ന ആരോപണങ്ങളെ പറ്റി പല വീഡിയോകളും വാർത്തകളും പലരും അയച്ചു തന്നു, അതിൽ പ്രകോപിതനായാണ് മാദ്ധ്യമങ്ങൾക്കെതിരെ അങ്ങനെയെല്ലാം പറഞ്ഞത്. അതിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു.
എനിക്ക് അറിയാത്ത കാര്യമാണ് ആ പരാതിയെല്ലാം. ഒരുപാട് കാര്യങ്ങൾ വളച്ചൊടിച്ചതാണ്. ഒരുപാടു കഷ്ടപ്പെട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. എത്രയും പെട്ടെന്ന് നേരിട്ട് കാണാം. അന്ന് കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കും' ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾക്കെതിരെ ഷിയാസ് കരീം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതിയും ഷിയാസും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.