കൊച്ചി: വളരെ അഭിമാനവും സർക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നൽകിയ പരാതിക്കാരി വ്യക്തമാക്കി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവർക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സർക്കാരിന് നൽകാൻ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് അവബോധം സർക്കാരിനോ സാധാരണക്കാർക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികൾക്ക് അത്രമാത്രം പരിഗണനയാണ് അവർ നൽകിയിരുന്നത്. ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാർക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു.
നടപടി വേഗത്തിലായതിൽ ആശ്വാസമുണ്ട്. ഇങ്ങനെ മുഖം മൂടിയണിഞ്ഞ ഒരാളെയല്ല സമൂഹത്തിന് വേണ്ടത്, സത്യസന്ധരായവരെയാണ് വേണ്ടത്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്നവരാണ് ജനപ്രതിനിധികളാവേണ്ടത്. ജനങ്ങളുമായി സഹകരിക്കുന്നവരാണ് വേണ്ടത്. മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് തന്നെ തളർത്തുകയാണ്. ജനങ്ങൾ ലോജിക്കായി ചിന്തിക്കും. 2012-13ലെ സിനിമയ്ക്ക് ശേഷം മുകേഷിനെ കണ്ടപ്പോൾ പോലും മിണ്ടിയില്ല. വളരെ മോശം ഡയലോഗ് അറപ്പുളവാക്കി. ഈ നിമിഷം വരെയും ഫോണിലൂടെ സംസാരിച്ചിട്ടില്ല. മുകേഷിനെതിരെ തെളിവുകൾ നൽകി. താൻ ബ്ലാക്ക്മെയിൽ ചെയ്തെങ്കിൽ മുകേഷിന് നട്ടെല്ലുണ്ടെങ്കിൽ തെളിവ് പുറത്തുവിടട്ടെ. എതിർകക്ഷിയെ തളർത്താനുള്ള കാര്യങ്ങളാണെന്നും പരാതിക്കാരി പ്രതികരിച്ചു.
അതേസമയം, നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്.
കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.