/sathyam/media/media_files/el8vr5zwehZG0ryn5nBo.jpg)
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുന്നു. അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തേയും ആരാധകരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. നാല്‍പ്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പുനീത് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും തങ്ങള്‍ക്ക് മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സഹോദരന്‍ ശിവരാജ് കുമാര്‍ പറയുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. എല്ലാവരും പറയുന്നു അപ്പു ജീവിച്ചിരിപ്പില്ലെന്ന്. അതിനര്‍ഥം അവന്‍ ഞങ്ങളെ പൂര്‍ണമായി വിട്ടുപോയി എന്നല്ല. എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാന്‍ സാധിക്കില്ല. പുനീതിന്റെ നല്ല ഓര്‍മകള്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.
അവനെ മിസ് ചെയ്യുന്നുവെന്ന് പറയാനല്ല, അവനെ ആഘോഷിക്കാനാണ് എനിക്ക് താല്‍പര്യം. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു പുനീത്. അവന്റെ മരണവുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് ഏറെ സമയമെടുക്കേണ്ടി വന്നു. എന്നെക്കോള്‍ പതിമൂന്ന് വയസ്സിന് താഴെയാണ് അവന്‍. ചിലസമയങ്ങളില്‍ അവന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കും. ഒരിക്കലും അവനെ മറക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ എവിടേയ്‌ക്കോ ദീര്‍ഘമായ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് ഒരിക്കല്‍ മടങ്ങിവരുമെന്ന് കരുതാനാണ് ഇഷ്ടം- ശിവരാജ്കുമാര്‍ പറഞ്ഞു.
കന്നഡ സിനിമയിലെ സൂപ്പര്‍താരമായിരുന്നു പുനിത് രാജ്കുമാര്‍. അഭിനേതാവ് എന്നതിനപ്പുറം മികച്ച ഒരു അവതാരകനും ഗായകനും കൂടിയാണ് പുനിത്. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരമായ രാജ്കുമാറിന്റെ മകനാണ് പുനിത് രാജ്കുമാര്‍. 2012 ല്‍ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു.
പുനീത് രാജ്കുമാറിന്റെ വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.