ഡിസംബർ എട്ട് മുതൽ 15 വരെ നടക്കുന്ന 28-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കൺട്രിഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇരു രാജ്യങ്ങളുമായുള്ള ചലച്ചിത്ര സഹകരണത്തിന്റെ ഭാഗമായി മലയാളത്തിലെ സമീപകാലത്തെ മികച്ച സിനിമകൾ ഉൾപ്പെടുത്തി ക്യൂബയിൽ ചലച്ചിത്രമേളയും നടത്താൻ ധാരണയായി.
‘എൽ ബെന്നി’, ‘ഇന്നസെൻസ്’, ‘മാർത്തി ദ ഐ ഓഫ് ദ കാനറി’, ‘ദ മേയർ’, ‘സിറ്റി ഇൻ റെഡ്’, ‘വിത്ത് യു ബ്രെഡ് ആന്റ് ഒനിയൻസ്’ എന്നീ ചിത്രങ്ങളാണ് തിരുവനന്തപുരം മേളയിൽ പ്രദർശിപ്പിക്കുന്നത്. സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിലെ അതിഥികളാണ്.
തിരുവനന്തപുരം സന്ദർശിച്ച ക്യൂബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മരീനുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ(ഫെസ്റ്റിവൽ) എച്ച്. ഷാജി എന്നിവർ ചർച്ച നടത്തി. ചെയർമാൻ രഞ്ജിത്തുമായി അംബാസഡർ ഫോണിലൂടെ ആശയവിനിമയം നടത്തി. ഹവാന അന്താരാഷ്ട്രമേളയും ഐ.എഫ്.എഫ്.കെ.യും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളുടെ ഭാഗമായാണ് മലയാള ചലച്ചിത്രമേള ക്യൂബയിൽ സംഘടിപ്പിക്കാനുള്ള സന്നദ്ധത അലെഹാന്ദ്രോ സിമാൻകാസ് മരീൻ അറിയിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ ആർട്ടിസ്റ്റിക് ഡയറക്ടർ ആയിരുന്നു ചലച്ചിത്ര മേളയുടെ മേൽനോട്ടം വഹിച്ചിരുന്നത്. കഴിഞ്ഞ വർഷം ദീപിക സുശീലൻ ആയിരുന്നു ആർട്ടിസ്റ്റിക് ഡയറക്ടർ. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനം ദീപിക സുശീലൻ ഒഴിഞ്ഞിരുന്നു.
ആർട്ടിസ്റ്റിക് ഡയറക്ടർക്ക് പകരം ഇത്തവണ സ്പെഷ്യൽ ക്യുറേറ്ററാണ് മേള ക്യുറേറ്റ് ചെയ്യുക. ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോൾഡ സെല്ലം ആണ് ഈ വർഷത്തെ സ്പെഷ്യൽ ക്യുറേറ്റർ. കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബയിൽ നിന്നുള്ള സിനിമകളാണ് ഇത്തവണ ഐഎഫ്എഫ്കെ യിൽ പരിചയപ്പെടുത്തുന്നത്. ക്യൂബയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം ചലച്ചിത്ര അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു. ഇതിൽ രണ്ടുസിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും ഉൾപ്പെടുത്തി.
മത്സരവിഭാഗം: ഫാമിലി- സംവിധാനം ഡോൺ പാലത്തറ, തടവ്- ഫാസിൽ റസാഖ്.
മലയാളം ടുഡേ വിഭാഗം: എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ് (റിനോഷുൻ കെ.), നീലമുടി (ശരത്കുമാർ വി.), ആപ്പിൾ ചെടികൾ (ഗഗൻ ദേവ്), ബി 32 മുതൽ 44 വരെ (ശ്രുതി ശരണ്യം), ഷെഹർസാദേ (വിഘ്‌നേഷ് പി. ശശിധരൻ), ആട്ടം (ആനന്ദ് ഏകർഷി), ദായം (പ്രശാന്ത് വിജയ്), ഒ. ബേബി (രഞ്ജൻ പ്രമോദ്), കാതൽ (ജിയോ ബേബി), ആനന്ദ് മോണോലിസ മരണവും കാത്ത് (സതീഷ് ബാബുസേനൻ-സന്തോഷ് ബാബുസേനൻ), വലസൈ പറവകൾ (സുനിൽ കുടമാളൂർ).