/sathyam/media/media_files/LrpL5CCxhxbScsIl1QjJ.jpg)
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി മഹി രാഘവ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു യാത്ര. 2019 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി പുറത്ത് വിട്ട ക്യാരക്ടർ പോസ്റ്റർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടർ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. പിന്നാലെ ഈ നടി ആരാണെന്നായി പ്രേക്ഷകരുടെ അന്വേഷണം. ജർമൻ നടി സൂസെയ്ൻ ബെർണെർട്ടാണ് ചിത്രത്തിൽ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് സൂസെയ്‌നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്.
വൻ ഹിറ്റായ യാത്രയുടെ രണ്ടാം ഭാഗത്തിൽ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങൾ. ജീവയാണ് ഈ വേഷം ചെയ്യുന്നത്.