‘സൽമാനെ പേടിപ്പിക്കുകയായിരുന്നു ലക്ഷ്യം’; ആസൂത്രണം നടത്തിയത് ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയി

കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ് രാജസ്ഥാനിലെ ബിഷ്‌ണോയ് വിഭാഗം. അതിനെ വെടിവെച്ചുകൊന്നതിൽ സൽമാനോട് കടുത്ത ദേഷ്യവും പകയുമുണ്ട് എന്നും സംഭവത്തിൽ സൽമാൻ ഖാൻ മാപ്പുപറയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്നും ഇയാൾ പറഞ്ഞു.

New Update
salman khann.jpg

മുംബൈ: സൽമാൻ ഖാന്റെ വീടിന് നേരെ ഉണ്ടായ വെടിവെയ്പ്പിന് ആസൂത്രണം ചെയ്തത് ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെന്ന് പ്രതികളിൽ ഒരാൾ. വിക്കി കുമാർ ഗുപ്ത എന്ന പ്രതിയാണ് പ്രത്യേക കോടതിയിൽ സമർപ്പിച്ച തന്റെ ജാമ്യാപേക്ഷയിൽ ഇക്കാര്യം പറഞ്ഞത്. നടനെ കൊല്ലാനായിരുന്നില്ല, മറിച്ച് പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും പ്രതി കോടതിയിൽ പറഞ്ഞു.

Advertisment

കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ് രാജസ്ഥാനിലെ ബിഷ്‌ണോയ് വിഭാഗം. അതിനെ വെടിവെച്ചുകൊന്നതിൽ സൽമാനോട് കടുത്ത ദേഷ്യവും പകയുമുണ്ട് എന്നും സംഭവത്തിൽ സൽമാൻ ഖാൻ മാപ്പുപറയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്നും ഇയാൾ പറഞ്ഞു.

ബിഷ്‌ണോയ് സംഘത്തിന്റെ മേധാവി ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോൾ ബിഷ്‌ണോയിയും ചേർന്നാണ് വെടിവെക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കൊവിഡ് കാലത്ത് ജോലി തേടി ഒരു സുഹൃത്തിന്റെ സഹായത്തോടെ പഞ്ചാബിലെത്തിയപ്പോഴാണ് അൻമോൽ ബിഷ്‌ണോയ് ഇക്കാര്യം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും അവർ തന്നെ മുംബൈയിലേക്ക് എത്തിക്കുയായിരുന്നുവെന്നും പ്രതി ജാമ്യാപേക്ഷയിൽ പറയുന്നു.

‘അപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെക്കണമെന്ന് പറയുന്നത്. വെടിവെച്ച സാഗർ പാലിനെ ബൈക്കിൽ അവിടെയെത്തിച്ചത് ഞാനാണ്. എനിക്കൊന്നും സംഭവിക്കില്ലെന്ന് അവർ ഉറപ്പു നൽകിയിരുന്നു. അതിനാലാണ് ഞാൻ ഇതിന് കൂട്ടുനിന്നത്. കുടുംബത്തിന്റെ ആകെ വരുമാനം എന്റെ ജോലിയാണ്. കേസിന്റെ വിചാരണ നീണ്ടു പോകുന്നതിനാൽ എനിക്ക് ജാമ്യം അനുവദിക്കണം’ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 13-ലേക്കാണ് മാറ്റിയിരിക്കുന്നത്.

Advertisment