/sathyam/media/media_files/2026/01/30/the-kerala-story-2-2026-01-30-18-37-20.jpg)
മുംബൈ: രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു.
'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' (The Kerala Story 2: Goes Beyond) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഒന്നാം ഭാഗത്തിലെന്നപോലെ മതപരിവർത്തനം തന്നെയാണ് പുതിയ ചിത്രത്തിന്റെയും പ്രമേയമെന്ന് ടീസർ സൂചിപ്പിക്കുന്നു.
വിപുൽ അമൃത് ലാൽ ഷാ നിർമ്മാണവും സുദിപ്തോ സെൻ സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം, മുൻ സിനിമ ഉയർത്തിയ വിവാദങ്ങളുടെ തുടർച്ചയാകുമെന്നാണ് സൂചന.
2023-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രൊപ്പഗണ്ട സിനിമയാണിതെന്ന വിമർശനമാണ് വിവിധ രാഷ്ട്രീയ സാംസ്കാരിക കേന്ദ്രങ്ങൾ ഉയർത്തുന്നത്.
സിനിമയ്ക്ക് പുരസ്കാരം നൽകിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്ന ചിത്രത്തിന് പുരസ്കാരം നൽകിയത് സാംസ്കാരിക ദുഷിപ്പാണെന്നും, വർഗീയ വിദ്വേഷം പടർത്താനുള്ള ഉപാധിയായി കലയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
മലയാളി താരങ്ങൾ കൈവരിച്ച നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതാണ് ഈ സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ പുതിയ ചർച്ചകൾക്ക് ഇത് വഴിവെക്കുമെന്ന് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us