ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ രേഖാചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുക്കയാണ് ആസിഫ് അലി.
ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നത് തൽക്കാലം പറയാൻ കഴിയില്ലെന്നും എന്നാൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്നും ആസിഫ് അലി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. സിനിമയ്ക്ക് എല്ലാ വിധ പിൻബലവും നൽകിയതിന് മമ്മൂക്കയോടുള്ള നന്ദിയും ആസിഫ് പങ്കുവെച്ചു.
'രേഖാചിത്രം' എന്ന എന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയിൽ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യൽ മീഡിയ ചർച്ചകളും നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാൻ ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ തൽക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു. നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്.