/sathyam/media/media_files/wmrfjs6vg4f9sG45OUb5.jpg)
ഇന്ത്യന്‍ നവതരംഗ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്നിന് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സെന്നിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അഞ്ചു സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് മേള ആദരമൊരുക്കുന്നത്. മൃണാള്‍ സെന്നിന് ആദ്യമായി ദേശീയ അംഗീകാരം നേടിക്കൊടുത്ത ഭുവന്‍ ഷോം, കല്‍ക്കട്ട 71, ഏക് ദിന്‍ പ്രതിദിന്‍, ഏകാലേര്‍ ഷന്തനെ, പദടിക് എന്നീ അഞ്ച് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സെന്നിന്റെ കല്‍ക്കട്ട സിനിമാത്രയത്തില്‍ ഉള്‍പ്പെട്ട കല്‍ക്കട്ട 71, പദടിക് എന്നീ ചിത്രങ്ങള്‍ എഴുപതുകളിലെ ബംഗാളിന്റെ നേര്‍ചിത്രമാണ് പ്രമേയമാക്കിയിരിക്കുന്നത്. പോലീസ് വാനില്‍ നിന്നും രക്ഷപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയാണ് പദടിക് പങ്കുവയ്ക്കുന്നത്.
ദേശീയ ചലച്ചിത്ര അവാര്‍ഡും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതിയും നേടിയ ഏക് ദിന്‍ പ്രതിദിന്‍ ഒരു പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്നുള്ള സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നു. 1943 ലെ ബംഗാള്‍ക്ഷാമമാണ് ഏകാലേര്‍ ഷന്തനെയുടെ പ്രമേയം. മൃണാള്‍സെന്നിന്റെ ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്‌സിബിഷനും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുക. അതേസമയം വ്യക്തി, വ്യക്തിഹത്യ, ശരീരം, സ്വത്വം, പ്രതീക്ഷ തുടങ്ങിയ സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയ 12 മലയാള ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ . രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ഒ.ബേബി, തിയേറ്ററുകളില്‍ തരംഗമായി മാറിയ മമ്മൂട്ടി-ജ്യോതിക ചിത്രം കാതല്‍-ദി കോര്‍, ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സുനില്‍ മാലൂര്‍, ആനന്ദ് ഏകര്‍ഷി, വി ശരത്കുമാര്‍, ശ്രുതി ശരണ്യം, ഗഗന്‍ ദേവ് എന്നീ നവാഗതരുടെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
പോള്‍സണ്‍ സ്‌കറിയ-ആദര്‍ശ് സുകുമാരന്‍ ടീമിന്റെ തിരക്കഥയില്‍ ജിയോ ബേബിയാണ് കാതല്‍-ദി കോര്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തികച്ചും വൈവിധ്യമാര്‍ന്ന കഥാപാത്രമാണ് ചിത്രത്തിലെ മാത്യു. സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിന്റെ കഥപറയുന്ന സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ ചിത്രം, ആനന്ദ് മൊണാലിസ മരണവും കാത്ത്, വിഘ്‌നേഷ് പി ശശിധരന്റെ ഷെഹറാസാദ, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും, ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന നാല് യുവ വ്‌ലോഗര്‍മാരുടെ കഥയാണ് ഈ വിഭാഗത്തിലെ വി ശരത്കുമാര്‍ ചിത്രം നീലമുടി പങ്കുവയ്ക്കുന്നത്.സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തേയും സ്വവര്‍ഗരതിയേയും സൂക്ഷ്മമായും സഹാനുഭൂതിയോടെയും അവതരിപ്പിക്കുന്ന ബി 32 മുതല്‍ 44 വരെ എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ശ്രുതി ശരണ്യമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായിക.