/sathyam/media/media_files/2025/11/12/victoriya-2025-11-12-19-35-36.jpg)
ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്ത മലയാള ചിത്രം വിക്ടോറിയ കേരളത്തിലെ തീയ്യേറ്ററുകളിലേക്ക് എത്തുന്നു. നവംബർ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കെഎസ്എഫ്ഡിസി നിർമ്മിച്ച് നവാ​ഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിം​ഗും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
ഒരു ബ്യൂട്ടിപാർലർ ജോലിക്കാരിയായ വിക്ടോറിയയുടെ കഥപറയുന്ന ചിത്രത്തിൽ മീനാക്ഷി ജയൻ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മീനാക്ഷി ജയന് ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു.
മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഒരു പൂവൻകോഴിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്.
ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയാണ് വിക്ടോറിയ. ഐഫ്ഫ്കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ചിത്രം മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക,ഛായാ​ഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
ആനന്ദ് രവി ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ​ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ- അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന- രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തീർത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്സ്- ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിം​ഗ്- അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്ടൈറ്റിൽസ്- ആസിഫ് കലാം, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോ​ഗ്രാഫർ- മൈത്രി ബാബു, ടൈറ്റിൽ- ഹരിയോഡി, ഡിസൈൻ- യെല്ലോ ടൂത്ത്.
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിലാണ് ഈ ചിത്രം നിർമ്മിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us