നിങ്ങള്ക്ക് ജീവിതത്തിൽ എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. അന്നെനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സും. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’–നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് ആന്റണിയുടെ മകൾ മീരയെ പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ ജീവിതത്തിൽ ഒറ്റയ്ക്ക് പോരാടി മുന്നേറിയ വ്യക്തിയാണ് വിജയ് ആന്റണി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആകാംഷയോടെ കേൾക്കാനും ജീവിതത്തിൽ പകർത്താനും ഒരുപാട് പേർ ഉണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ തന്നെ ആത്മഹത്യയുടെ ആഘാതം എന്തെന്ന് അനുഭവിച്ചറിഞ്ഞുതുകൊണ്ട് തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ കൊണ്ടാണ് ആളുകളിൽ ആത്മഹത്യ എന്നൊരു ചിന്ത വരുന്നത്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വസിച്ച ചിലർ ചതിച്ചാലും ചിലർക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാം. കുട്ടികളുടെ കാര്യത്തിൽ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് കാരണം. അവര്‍ക്കു ചിന്തിക്കാൻ പോലും സമയം കൊടുക്കുന്നില്ല. കുറച്ച് അവരെ ചിന്തിക്കാൻ വിടണം. പിന്നെ മുതിർന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്നേഹിക്കാൻ സാധിക്കുകയാണെങ്കിൽ അതാകും സന്തോഷം തരുന്ന കാര്യം.’’ സമൂഹമാധ്യമങ്ങള്‍ നിറയെ വിജയ് ആന്റണിയുടെ ഈ വാക്കുകളാണ് നിറയുന്നത്.
സിനിമ മേഖലയിൽ ഉള്ളവർ അടക്കം നിരവധിപ്പേരാണ് വിജയ് ആന്റണിക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്. ഈ വേർപാട് സഹിക്കാനുള്ള ശക്തി ഈശ്വരൻ ഇവർക്ക് നൽകട്ടെ എന്നുമാണ് ഇവർ പ്രാർഥിക്കുന്നത്. വർഷങ്ങളായി സംഗീതസംവിധായകനായി പ്രവർത്തിക്കുന്ന വിജയ് ആന്റണി നിർമാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എൻജിനീയർ, സംവിധായകൻ എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്. 2012 ൽ നാൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. സലിം. പിച്ചൈക്കാരൻ, സൈത്താൻ, യമൻ എന്നിവയാണ് പ്രധാന സിനിമകൾ. ‘കൊലൈ’ ആണ് വിജയിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്.