ബോംബെ ജയശ്രീ ആശുപത്രിയിൽ, അവിടെ മിനി സ്റ്റുഡിയോ ഒരുക്കി പാട്ട് ഉണ്ടാക്കി മകൻ; 'വർഷങ്ങൾക്ക് ശേഷ'ത്തിൽ അരങ്ങേറ്റം; കുറിപ്പുമായി വിനീത്

സിനിമയിലേക്ക് അമൃത് അരങ്ങേറ്റത്തിന് ഒരുങ്ങിയപ്പോള്‍ വിദേശത്തെയും ഇന്ത്യയിലെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ആയിരുന്നു അമ്മ ജയശ്രീ

author-image
ഫിലിം ഡസ്ക്
New Update
bombay jayasree vineeth srinivasan.jpg

പ്രണവ് മോഹന്‍ലാല്‍  വിനീത് ശ്രീനിവാസന്‍  കോമ്പോയിലുള്ള ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകര്‍ ആവേശത്തിലാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിന്റേത്. വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

Advertisment

ഇപ്പോഴിതാ അമൃതിനെ കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. അമ്മയും സംഗീതജ്ഞയുമായ ജയശ്രീക്ക് അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴാണ് ചിത്രത്തിലെ പാട്ടുകള്‍ സെറ്റ് ചെയ്തത് എന്നാണ് വിനീത് പറയുന്നത്. സിനിമയിലേക്ക് അമൃത് അരങ്ങേറ്റത്തിന് ഒരുങ്ങിയപ്പോള്‍ വിദേശത്തെയും ഇന്ത്യയിലെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ആയിരുന്നു അമ്മ ജയശ്രീ. 

ഇംഗ്ലണ്ടില്‍ ഒരു കച്ചേരി അവതരിപ്പിക്കാന്‍ പോയ ജയശ്രീക്ക് 'അന്യൂറിസം' എന്ന രോഗം ബാധിക്കുകയായിരുന്നു. ഹോസ്പിറ്റലിലെ ഒരു മുറി സ്റ്റുഡിയോ ആക്കി മാറ്റിയ അമൃത്, ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. 


വിനീത് ശ്രീനിവാസന്റെ കുറിപ്പ് ഇങ്ങനെ

രണ്ടര വര്‍ഷത്തിന് ശേഷം തിങ്ക് മ്യൂസിക്കിനൊപ്പം ഒരു ലിസണിങ് സെഷനില്‍ പങ്കെടുത്തു. കഴിഞ്ഞ തവണത്തേത് പോലെ എല്ലാ ലൈറ്റുകളും അണച്ച ശേഷം 'വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ' പാട്ടുകള്‍ എല്ലാം കേട്ടു. ഇത് പൂര്‍ത്തിയാക്കിയ ശേഷം ലൈറ്റുകള്‍ വീണ്ടും ഇട്ടപ്പോള്‍ തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റെയും മഹേഷിന്റെയും മുഖത്ത് ഒരു വിടര്‍ന്ന ചിരിയുണ്ടായിരുന്നു. അവര്‍ അമൃതിനെ ആലിംഗനം ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. ''ഈ കുടുംബത്തിലേക്ക് സ്വാഗതം''.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അമൃത് കടന്നുപോകുന്ന കഷ്ടപ്പാടുകള്‍ ഞാന്‍ കാണുന്നതാണ്. നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയശ്രീ മാം ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കിടക്കുമ്പോള്‍ അവരെ പരിചരിക്കുന്നതിനിടയില്‍, ആശുപത്രിമുറിയില്‍ വച്ചാണ് അമൃത് ആദ്യത്തെ മൂന്ന് ഗാനങ്ങള്‍ക്ക് ഈണമിട്ടത്. ആശുപത്രി മുറിയില്‍ മിനി സ്റ്റുഡിയോ സജ്ജീകരിച്ച് മനസില്‍ വരുന്ന ഈണങ്ങള്‍ അമ്മയ്ക്ക് പാടിക്കൊടുക്കും. എന്നിട്ട് എനിക്ക് അയച്ചുതരും.

അമൃത് അയച്ചു തന്ന രണ്ടാമത്തെ ഈണത്തിന് അനുസരിച്ച് ജയശ്രീ മാഡം വരികള്‍ എഴുതിയാല്‍ നന്നാവുമെന്ന ഒരാഗ്രഹം അമൃതിനോട് ഫോണില്‍ പറഞ്ഞു. അതിന് അനുസരിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാട്ടിന്റെ ആദ്യ വാക്ക് എന്തായിരിക്കണമെന്ന ധാരണയിലെത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം പാട്ടിന്റെ ആദ്യ നാലുവരി അമൃത് അയച്ചുതന്നു. രോമാഞ്ചം വന്നു. ബോംബെ ജയശ്രീ മാം എന്ന ഇതിഹാസത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.

അമൃതിന് കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാകുന്നത് വരെ ജോലി കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കണോ എന്ന് ഞാന്‍ പലതവണ അമൃതിനോട് ചോദിച്ചിരുന്നു. പക്ഷേ അവന്റെ മറുപടി എപ്പോഴും ഒന്നു തന്നെയായിരുന്നു. 'വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നല്‍കുന്നത് ഞാന്‍ സ്വയം മുറിവുണക്കുന്ന പോലെയാണ്.' ഈ 25 വയസുകാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് വേണ്ടി ചെയ്തത് ലോകം കേള്‍ക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല. 

bombay jayasree
Advertisment