Advertisment

'അഴിമതിക്കാരായ എല്ലാ ഉദ്യോ​ഗസ്ഥർക്കും പാഠമാകട്ടെ'; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് വിശാൽ

ഈ മാസം 28നാണ് സെൻസർ ബോർഡിനെതിരെ കൈക്കൂലി ആരോപണവുമായി വിശാൽ രംഗത്തെത്തിയത്. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നു എന്നായിരുന്നു വിശാലിന്റെ ആരോപണം.

author-image
ഫിലിം ഡസ്ക്
New Update
vishal modi

മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവന്നു എന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവർക്ക് നന്ദിയറിയിച്ചിരിക്കുകയാണ് വിശാൽ.

Advertisment

മുംബൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച സുപ്രധാന വിഷയങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിച്ചതിന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നന്ദി പറയുന്നതായി വിശാൽ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. അഴിമതിക്കാരോ അഴിമതി നടത്താൻ ഉദ്ദേശിക്കുന്നവരോ ആയ സർക്കാർ ഉദ്യോ​ഗസ്ഥർ ഇതൊരു ഉദാഹരണമായെടുക്കണം. സർക്കാർ ഉദ്യോ​ഗസ്ഥർ നേരായ വഴിയിലൂടെ രാജ്യത്തെ സേവിക്കണമെന്നും അഴിമതിയുടെ പടവുകൾ തിരഞ്ഞെടുക്കരുതെന്നും വിശാൽ പ്രതികരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവരോടും വിശാൽ നന്ദി പറഞ്ഞു. അഴിമതിക്ക് ഇരയായ ആളുകൾക്ക് നീതി ലഭിക്കുമെന്നത് തന്നെപ്പോലുള്ള ഒരു സാധാരണക്കാരന് സംതൃപ്തി നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ മാസം 28നാണ് സെൻസർ ബോർഡിനെതിരെ കൈക്കൂലി ആരോപണവുമായി വിശാൽ രംഗത്തെത്തിയത്. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നു എന്നായിരുന്നു വിശാലിന്റെ ആരോപണം. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് പറഞ്ഞ വിശാൽ പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും പുറത്തുവിട്ടിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ​ഗും ചെയ്തിരുന്നു. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം എന്നും വിശാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അം​ഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവിച്ചു. എന്റെ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകേണ്ടിവന്നു. രണ്ട് ഇടപാടുകൾ നടത്തി. സ്ക്രീനിങ്ങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നൽകി.

 എന്റെ കരിയറിൽ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്. താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും വിശാൽ വ്യക്തമാക്കിയിരുന്നു.

വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണം തീർത്തും ദൗർഭാഗ്യകരമെന്നാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചത്. സമാന അനുഭവമുണ്ടായവർ വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. 

അഴിമതിയോട് സർക്കാറിന് സഹിഷ്ണുതയില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷണത്തിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം ഉണ്ടായവർ jsfilms.inb@nic.in  മെയിലിൽ വിവരങ്ങൾ പങ്കുവയ്ക്കണം' പോസ്റ്റിൽ പറയുന്നു. 

vishal narendra modi
Advertisment