ഷാര്‍ജ : നിരുപാധികമായ മനുഷ്യസ്‌നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തി കടന്ന് പോയ പത്മശ്രീ അഡ്വ. സി.കെ മേനോന്‍റെ പ്രഥമ ഓര്‍മപുസ്തകം പുറത്തിറങ്ങി. 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തകത്തിന്‍റെ ഔപചാരികമായ പ്രകാശനം നടന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീനും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മീഡിയ വണ്‍ മിഡിലീസ്റ്റ് ഹെഡ് എം.സി.എ നാസര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
നിറഞ്ഞ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ വിസ്മയകരമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു പത്മശ്രീ അഡ്വ. സി.കെ. മേനോന്‍. ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ളവരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയ അദ്ദേഹത്തിന്‍റെ വേര്‍പാട് സൃഷ്ടിച്ച ആഘാതം ചെറുതല്ല.
സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ മനുഷ്യ സ്‌നേഹവും സൗഹൃദവുമായിരുന്നു ഏഴ് പതിറ്റാണ്ടു നീണ്ട ധന്യമായ ആ ജീവിതത്തിന്റെ ബാക്കി പത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ബിനോയ് വിശ്വം എം.പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, കെ.സി ജോസഫ് എം.എല്‍.എ, മന്‍സൂര്‍ പള്ളൂര്‍, ആര്‍.എസ് ബാബു, വി. ബല്‍റാം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. മേനോനുമായി ബന്ധപ്പെട്ട ഓര്‍മകളും അനുഭവങ്ങളും സമാഹരിച്ച ഈ കൃതി ഏവര്‍ക്കും പ്രചോദനമേകാന്‍ പര്യാപ്തമായ ഈടുറ്റ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമാണ്.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലസിന്റെ സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പസ്തകത്തിന്റെ കോപ്പികള്‍ ലിപി ബുക്‌സിന്റെ സ്റ്റാളില്‍ ലഭിക്കുന്നതാണ്
ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ എന്‍ കുറുപ്പ്, കവി വീരാന്‍കുട്ടി, കെ.കെ മൊയ്തീന്‍ കോയ, ഇസ്മയീല്‍ മേലടി, മന്‍സൂര്‍ പള്ളൂര്‍, പി.പി ശശീന്ദ്രന്‍, എല്‍വിസ് ചുമ്മാര്‍, കെ.എം അബ്ബാസ്, സാദിഖ് കാവില്‍, ഡോ. അമാനുല്ല വടക്കാങ്ങര, ലിപി അക്ബര്‍ സംബന്ധിച്ചു.