കുവൈറ്റില്‍ ക്ലീന്‍ ജലീബിന്റെ ഭാഗമായി അബ്ബാസിയയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നിര്‍ത്തിവെച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 17, 2019

കുവൈറ്റ് : കുവൈറ്റില്‍ ക്ലീന്‍ ജലീബിന്റെ ഭാഗമായി അബ്ബാസിയയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ദിവ്യബലിയും മറ്റ് ശുശ്രൂഷകളും ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി ദേവാലയവൃത്തങ്ങള്‍ അറിയിച്ചു . ജലീബ് അല്‍ ഷുവൈക്കില്‍ ക്ലീന്‍ ജലീബിന്റെ ഭാഗമായി ബേസ്‌മെന്റുകളിലും ബാച്ചിലര്‍ അക്കമഡേഷനുകളിലും പരിശോധന ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട് .

ഇതിന്റെ ഭാഗമായി പരിശോധനയ്ക്കായുള്ള സര്‍വ്വ സന്നാഹങ്ങളും സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കര്‍ഷനമായ പരിശോധനകള്‍ക്കാണ് അധികൃതര്‍ ലക്ഷ്യം വക്കുന്നത്. ഇത്തരം മേഖലകളില്‍ താമസിക്കുന്ന നിരവധി പ്രവാസികള്‍ അവധിയെടുത്ത് നാട്ടിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ബാസിയയിലെ ചില ദേവാലയങ്ങളില്‍ ദിവ്യബലിയും മറ്റ് ശുശ്രൂഷകളും താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ ദേവാലയ വൃത്തങ്ങള്‍ തീരുമാനിച്ചത്.

ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ പരിശോധനകള്‍ നടക്കേണ്ടതായിരുന്നുവെങ്കിലും ഞായറാഴ്ച്ച മുതല്‍ രണ്ട് ദിവസത്തേയ്ക്ക് കുവൈറ്റില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പരിശോധനകള്‍ ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

×