Advertisment

കേരളത്തിൽ ഇത്തവണ കുളിരില്ല, ശീതകാല പച്ചക്കറികൾക്ക് വിളവ് കുറഞ്ഞു

author-image
admin
New Update

- ഉബൈദ് എടായ്ക്കൽ

Advertisment

ലയാളികളുടെ രാത്രികളും പുലരികളും കുളിരു കോരുമായിയിരുന്ന ദിനങ്ങൾ ഓർമയാകുമ്പോൾ നാട്ടിൻപുറങ്ങളിൽ അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യുന്ന ശീതകാല പച്ചക്കറികൾക്ക് തിരിച്ചടി.

മഞ്ഞുപെയ്യുന്ന ധനുമാസം അവസാനിക്കാറായിട്ടും ഓരോ ദിനവും അന്തരീക്ഷ താപനില കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. ഏറ്റവും കൂടുതൽ തണുപ്പ് ഉണ്ടാകുന്ന ധനുമാസത്തിലെ തിരുവാതിര നാളിന്റെ തൊട്ടു തലേ ദിവസങ്ങളിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് കേരളത്തിലാണ്.

publive-image

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒറ്റ ദിവസം പോലും തണുപ്പ് ഉണ്ടായിട്ടില്ല. ഇത് ശീതകാല പച്ചക്കറികൾക്ക് വലിയ തിരിച്ചടിയായി. തച്ചമ്പാറ പഞ്ചായത്തിൽ അടുക്കളത്തോട്ടം കൃഷിയിൽ ശീതകാല പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യാറുണ്ട്.

കാബേജ്, കോളിഫളവർ എന്നിവയാണ് കൂടുതലും കൃഷി ചെയ്യുക. ക്യാരറ്റ് ബീറ്റ് റൂട്ട്, ക്യാപ്സിക്കം എന്നിവയും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ മിക്ക അടുക്കളത്തോട്ടങ്ങളിലും കൃഷി ചെയ്യും.

ഡിസംബർ ജനുവരി മാസങ്ങളിലെ തണുപ്പിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുക. ഒക്ടോബർ അവസാനത്തോടെ തൈകൾ നടന്നു. ഡിസംബർ, ജനുവരി മാസങ്ങളിലാണ് പൂവിരിയുക. കൂടുതൽ തണുപ്പ് ഉണ്ടെങ്കിൽ നല്ല വലിപ്പവും തൂക്കവും ലഭിക്കും.

തണുപ്പു കുറഞ്ഞാൽ ചെറിയ പൂക്കൾ മാത്രമേ ലഭിക്കൂ. ഇത്തവണ പൂവും വരുന്ന സമയം തണുപ്പ് തീരെ കിട്ടിയില്ല ഇത് വിളവിനെ കാര്യമായി ബാധിക്കുമെന്ന് തച്ചമ്പാറ കൃഷി ഓഫീസർ എസ് ശാന്തിനി പറഞ്ഞു.

നവംബർ മുതൽ ഫെബ്രുവരി വരെ വീടുകളുടെ മുറ്റത്തും ടെറസ്സിലും മറ്റും കാബേജും കോളിഫ്ലവറും വളർന്നു നില്ക്കുന്ന കാഴ്ചകൾ ആനന്ദകരമാണ്. ഹൈറേഞ്ച് ഏരിയകളിൽ മാത്രമുണ്ടായിരുന്ന ശീതകാല പച്ചക്കറികൾ അടുത്തകാലത്താണ് നാട്ടിൻപുറങ്ങളിൽ വ്യാപകമായത്.

മണ്ണാർക്കാട് ബ്ളോക്കിൽ തച്ചമ്പാറക്ക് പുറമെ കരിമ്പ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലും കൂടുതൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്.

Advertisment