മൽസ്യകൃഷിയിൽ അധ്വാനത്തിന്റെ പുതുമാതൃകയായി യുവാവ്. മൽസ്യ വിളവെടുപ്പും ഉദ്‌ഘാടനവും വിൽപനയും

സമദ് കല്ലടിക്കോട്
Tuesday, August 27, 2019

പാലക്കാട്:  അഞ്ചു സെന്റ് ഭൂമിയിൽ മൂന്ന് സെന്റ് വലുപ്പമുള്ള കുളം തയ്യാറാക്കി ഒരു ലക്ഷം രൂപ ചെലവിൽ മൽസ്യ കൃഷിനടത്തി വിജയം കൈവരിക്കുകയാണ് കരിമ്പ പഞ്ചായത്ത് പതിനേഴാം വാർഡിലെ പാലളം വീട്ടിൽ രാഹുൽ. സ്വന്തം പുരയിടത്തിലെ ഒരു മീറ്റർ താഴ്ചയിലെ കുളത്തിൽ നിന്നുള്ള ആദ്യ തവണ മൽസ്യ വിളവെടുപ്പും വിൽപനയും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിമ്മി മാത്യു, കൃഷി ഓഫീസർ പി.സാജിദലി, മെമ്പർ ആന്റണി മതിപ്പുറം, എ ഡി സി അംഗവും ഇടക്കുറുശ്ശി സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ.കെ.നാരായണൻകുട്ടി, ഫിഷറീസ് വകുപ്പ് സൂപ്പർ വൈസർ സത്യഭാമ, കൃഷി അസിസ്റ്റന്റ് മഹേഷ് എന്നിവർ പങ്കെടുത്തു.

സമ്മിശ്ര കൃഷിരീതിയാണ് രാഹുൽ നടപ്പാക്കിയത്. കരിമീനിന് തുല്യമായ തിലോപ്പിയ, സിൽവർ ആവോലി ഇനം മീനാണ് ഇവിടെ വളർത്തി വലുതാക്കുന്നത്. ആദ്യ തവണ ഒരു ലക്ഷം രൂപ ചെലവിട്ടാണ് കുളം ഒരുക്കിയത്. പിന്നീട് മീനിന്റെ തീറ്റയ്ക്ക് വേണ്ടിയും പണം ചെലവാക്കി.

പ്രതിരോധ ശേഷി ഏറിയതും വളർച്ചത്തോത് കൂടിയതുമായ തിലോപ്പിയ കൃഷി ലാഭകരമാണെന്നാണ് രാഹുലിന്റെ അനുഭവ സാക്ഷ്യം. മീൻ വളർത്തുന്നതിനൊപ്പം മറ്റു കൃഷിക്കും സമയം കണ്ടെത്തുന്നു ഈ യുവാവ്. മാത്രമല്ല പച്ചക്കറി തൈകൾക്ക് രാസവളം നൽകാറില്ല. പകരം കുളത്തിൽ അടിയുന്ന മൽസ്യ വിസർജ്യം പച്ചക്കറി തൈകൾക്കരികത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വിളവെടുപ്പ് തുടങ്ങിയതോടെ കുളത്തിനരികിലെത്തി മീൻ വാങ്ങുന്നതിനും ആളുകൾ വന്നു തുടങ്ങി. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്. ജനങ്ങളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് മത്സ്യം. ഒരു കുളം സ്വന്തമായുണ്ടെങ്കിൽ ആർക്കും മികച്ച വരുമാനം നേടിതരുന്നതാണ് മത്സ്യ കൃഷിയെന്ന് രാഹുലിന്റെ പ്രയത്നം സാക്ഷ്യപ്പെടുത്തുന്നു

×