പച്ചക്കറി തൈകള്‍ നട്ടതിനുശേഷമുള്ള വളപ്രയോഗങ്ങള്‍ അറിയാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 10, 2018

വെണ്ട, മുളക്, വഴുതന, തക്കാളി തൈകള്‍ നട്ടതിനുശേഷമുള്ള വളപ്രയോഗങ്ങള്‍ അറിയാം.

മുളക്, വഴുതന, തക്കാളി തൈകൾ നട്ട് 20–25 ദിവസമായാൽ മേൽവളം ചേർക്കുക. സെന്റിന് 15–225 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷ് വളവും. വളം തൈകൾക്കു ചുറ്റും തണ്ടിൽ തട്ടാതെ വിതറി മണ്ണിൽ കൊത്തിച്ചേർക്കുക. കളകൾ നീക്കം ചെയ്ത് ഇളകിയ മണ്ണ് ചുറ്റും കൂട്ടുക. വഴുതനയിലെ കായും തണ്ടും തുരക്കുന്ന കീടത്തെ നിയന്ത്രിക്കാൻ ഇക്കാലക്സ് 2 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യാം.

ഈ വിളകളിൽ പെട്ടെന്നുള്ള വാട്ടം ബാക്ടീരിയ വരുത്തുന്നതാണ്. വാടിക്കരിഞ്ഞ ചുവടുകൾ പിഴുതെടുത്തു ചുടുക. ചുറ്റുമുള്ള തടത്തിൽ 200 ഗ്രാം വീതം കുമ്മായം, 20 ഗ്രാം യൂറിയയും കൂടി ചേർത്ത് വിതറി മണ്ണിൽ കൊത്തിച്ചേർക്കുക. ചെറുകീടങ്ങളായ വെള്ളീച്ച, ജാസിഡ് എന്നിവ വരുത്തുന്ന കുരുടിപ്പ്, ഇലകളുടെ മാർദവം നഷ്ടപ്പെടൽ, ഇലകളുടെ അരികു വളയുക എന്നിവ നിയന്ത്രിക്കാൻ വെളുത്തുള്ളിനീര് നേർപ്പിച്ചതും ഫലപ്രദമാണ്. കൂടാതെ വെളുത്തുള്ളി–വേപ്പെണ്ണ– സോപ്പു മിശ്രിതവും ഫലപ്രദമാണ്.

വെണ്ട വിത്തു മുളച്ച് 4–5 ഇലയാകുമ്പോൾ അൽപം യൂറിയ തൈകൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുക. തുടർന്ന് ഒരാഴ്ച കഴിയുന്നതോടെ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം എന്നിവ നേരിയ അളവിൽ തൈകൾക്കു ചുറ്റും വിതറി കൊത്തിച്ചേർക്കുക. നട്ട് ഒരു മാസമാകുമ്പോഴും ഒന്നര മാസമാകുമ്പോഴും സെന്റിന് 180 ഗ്രാം വീതം യൂറിയ തൈകൾക്കു ചുറ്റും കൊത്തിച്ചേർക്കണം.

×