Astrology

വിശ്വാസത്തിന്റെ ഭാഗമായി കഴുത്തിലും കൈയ്യിലും അരയിലും എല്ലാം ചരടുകള്‍ ജപിച്ച് കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. വിവിധ നിറത്തിലുള്ള ചരടുകള്‍ ആണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഓരോ നിറത്തിലുളള ചരട് കെട്ടുന്നതിലൂടെ ലഭിക്കുന്നത് ഓരോ ശക്തിയും ഫലവും ആണ്

Thursday, September 23, 2021

 

വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നിരവധി ആളുകള്‍ നമ്മുക്കു ചുറ്റുമുണ്ട്. അത്തരത്തില്‍ വിശ്വാസത്തിന്റെ ഭാഗമായി കഴുത്തിലും കൈയ്യിലും അരയിലും എല്ലാം ചരടുകള്‍ ജപിച്ച് കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. വിവിധ നിറത്തിലുള്ള ചരടുകള്‍ ആണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഓരോ നിറത്തിന് പിന്നിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

എല്ലാ ചരടുകളും ഒരു പോലെ ധരിക്കാന്‍ സാധിക്കുകയില്ല. ചുവപ്പ്, ഓറഞ്ച്, വെള്ള, കറുപ്പ്, മഞ്ഞ തുടങ്ങിയ വിവിധ നിറങ്ങള്‍ നിലവിലുണ്ട്. അതിനെല്ലാം അതിന്റേതായ കാരണങ്ങളും പരിഹാരങ്ങളും ഉണ്ട് എന്നുള്ളതാണ് സത്യം. അതിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.

പൂണൂല്‍ എന്ന വെളുത്ത ചരട്

ഉപനയനം എന്ന പവിത്രമായ ചടങ്ങിലൂടെയാണ് ബ്രാഹ്രമണ വിഭാഗത്തില്‍ പെട്ടവര്‍ പൂണൂല്‍ ധരിക്കുന്ന ചടങ്ങ് നടത്തുന്നത്. ചില ക്ഷത്രിയരും വൈശ്യരും ഇത് ധരിക്കുന്നുണ്ട്. ബ്രാഹ്മണരുടെ ഈ പവിത്രമായ നൂല്‍ പരുത്തി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ആണ്‍കുട്ടിയുടെ പുരുഷനിലേക്കുള്ള പരിവര്‍ത്തനത്തെ ഇത് ചിത്രീകരിക്കുന്നു.

ചുവന്ന ചരട്

ചുവന്ന ചരട് നമുക്കിടയില്‍ വളരെ സാധാരണമാണ്. വളരെ ചെറിയ ഒരു പൂജാ ആചാരം നടത്തി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ധരിക്കാന്‍ കഴിയും. ചുവന്ന നൂല്‍ സാധാരണയായി പുരുഷന്മാരുടെയും അവിവാഹിതരായ സ്ത്രീകളുടെയും വലതു കൈയിലാണ് കെട്ടുന്നത്. അതേസമയം വിവാഹിതരായ സ്ത്രീകള്‍ക്ക് ഇടത് കൈയിലാണ് കെട്ടേണ്ടത്.

പല ക്ഷേത്രങ്ങളിലും ഇത്തരം ചരടുകള്‍ ലഭിക്കുന്നുണ്ട്. പല ദോഷങ്ങളും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ ചുവന്ന നിറത്തിലുള്ള ചരട്. കൂടാതെ ചുവന്ന ചരട് ദീര്‍ഘായുസ്സിനെയും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണത്തെയും പ്രതീകമാക്കുന്നു. അതിനാല്‍ ഇതിനെ ‘രക്ഷ ചരട്’ എന്നും വിളിക്കുന്നു. ഇത് ധരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹത്തെ നിങ്ങളോടൊപ്പം നിലനിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നത്.

കറുത്ത ചരട്

നമ്മള്‍ സാധാരണ കാണുന്ന പലരും ധരിക്കുന്ന ഒരു ചരടാണ് കറുത്ത നിറത്തിലുള്ള ചരട്. ചെറിയ കുട്ടികളുടെ കാര്യത്തില്‍, ഇത് സാധാരണയായി അരയില്‍ കെട്ടിയിരിക്കും, മുതിര്‍ന്നവര്‍ ഇടത് കൈത്തണ്ടയിലോ കൈത്തണ്ടയിലോ കെട്ടുന്നു. ചിലര്‍ അതിനൊപ്പം ഒരു പ്രത്യേക ഉറുക്ക് കെട്ടി മാലയായി ധരിക്കുന്നു.

മന്ത്രവിദ്യ അഭ്യസിക്കുന്ന ആളുകള്‍ക്ക് അവരുടെ വലതു കാലിലും കറുത്ത ചരട് ധരിക്കാവുന്നതാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ദൃഷ്ടി ദോഷം ഉണ്ടാവില്ല എന്നതാണ്. ഇത് ആളുകളെ ദുരാത്മാവില്‍ നിന്നോ അനാവശ്യമായ തന്ത്ര മന്ത്രത്തില്‍ നിന്നോ അകറ്റിനിര്‍ത്തുന്നു എന്നാണ് വിശ്വാസം.

മഞ്ഞച്ചരട്

വിശുദ്ധിയുടെയും പവിത്രതയുടേയും നല്ല ആരോഗ്യത്തിന്റെയും നിറമാണ് മഞ്ഞ. വിവാഹങ്ങള്‍ അല്ലെങ്കില്‍ വീടിന്റെ കയറി താമസിക്കല്‍ തുങ്ങിയ ചടങ്ങ് പോലുള്ള അവസരങ്ങളില്‍ ഈ നിറം വളരെ പ്രധാനമാണെന്നതാണ് സത്യം. ഹിന്ദു വിശ്വാസപ്രകാരം മഞ്ഞ നിറത്തിലുള്ള ഈ ചരട് മഞ്ഞളില്‍ മുക്കി വെക്കുന്നു.

വിവാഹസമയത്ത് ഇത് ഭാഗ്യത്തിന്റെ പ്രതീകമായി ഉപയോഗിക്കുകയും ചെയ്യുന്നു. കഴുത്തില്‍ മംഗല്യ സൂത്രമായാണ് ഇത് ധരിക്കുന്നത്. ചില ദേശത്ത് ഇത് കൈത്തണ്ടയില്‍ മൂന്ന് കെട്ടുകള്‍ കെട്ടി വധുവിനെ ധരിപ്പിക്കുന്നു. ഇതിലൂടെ അര്‍ത്ഥമാക്കുന്നത് ഇത് ദാമ്പത്യജീവിതം സന്തോഷകരവും വിജയകരവുമാക്കുന്നു. ഇത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ് ഉറപ്പാക്കുന്നു എന്നുമാണ്.

ഓറഞ്ച് നിറമുള്ള ചരട്

ഓറഞ്ച് നിറമുള്ള ചരടുകള്‍ തെക്ക്, കിഴക്കന്‍ ഇന്ത്യയില്‍ വളരെ പ്രചാരത്തിലുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ ആളുകള്‍ ഇത് ധരിക്കുന്നുണ്ട്. ഇത് ഒറ്റ വരിയായി ധരിക്കാതെ നിരവധി തവണ കൈത്തണ്ടയില്‍ ചുറ്റിയാണ് ധരിക്കുന്നത്.

അത് മാത്രമല്ല ഈ ചരട് ധരിക്കുന്നതിലൂടെ അത് പ്രശസ്തിയും ശക്തിയും കൊണ്ടുവരുമെന്നും എല്ലാ തിന്മകളില്‍ നിന്നും വ്യക്തിയെ കാത്തുസൂക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യത്തോടെയാണ് ഓറഞ്ച് ചരട് ധരിക്കുന്നത്.

×