പുതിയ വീടുണ്ടാക്കാൻ പോവുകയാണോ ? വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇതാ ചില വഴികൾ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 2, 2020

പുതിയ ഗൃഹം പണിയുമ്പോഴും പഴയ വീട് പൊളിച്ചു പണിയുമ്പോഴും ഭവനത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഇതാ ചില വഴികൾ.

1. ഭവനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സൂചിപ്പിക്കുന്നതു സുദൃഢമായ കുടുംബബന്ധങ്ങളെയാണ്. ഈ ഭാഗം മികച്ചരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കുടുംബത്തിൽ അനൈക്യത്തിനു സാധ്യതയേറെയാണ്. കുടുംബത്തിലെ പൂർവികർ കുടികൊള്ളുന്നയിടം കൂടിയാണ് തെക്കുപടിഞ്ഞാറു ഭാഗം.

വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും അടുക്കുംചിട്ടയോടെയും സൂക്ഷിക്കുന്നതു തൊഴിലിൽ നിപുണതയും ഏകോപനവും കൈവരുന്നതിനു സഹായിക്കും.

2. വടക്ക് അല്ലെങ്കിൽ കിഴക്കു ദിശയെ അഭിമുഖീകരിക്കുന്ന രീതിയിലായിരിക്കണം പണമോ ആഭരണമോ സൂക്ഷിച്ചിരിക്കുന്ന ഗൃഹത്തിലെ ഷെൽഫുകളോ അലമാരകളോ സ്ഥാപിക്കേണ്ടത്.

ഇത്തരത്തിലല്ലെങ്കിൽ തെക്കുപടിഞ്ഞാറു ദിശയിയിലോ തെക്കു ദിശയിലോ അലമാരി സ്ഥാപിച്ചതിനു ശേഷം, വടക്കു ദിശയിലേക്കു വാതിൽ തുറക്കുന്ന രീതിയിലായിരിക്കണം അലമാരയുടെ സജ്ജീകരണം. ഇപ്രകാരം ചെയ്യുന്നതു ഗൃഹത്തിൽ സമ്പത്തുനിറയ്ക്കും.

3. വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുകിഴക്കു ഭാഗത്തിനു ആഗ്നേയ മൂല എന്നാണു പേര്. ഈ ഭാഗത്തു അടുക്കള വരുന്നതാണുത്തമം. ആഗ്നേയ മൂലയിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഭവനത്തിൽ താമസിക്കുന്നവർക്കു ശുഭകരമാണ്.

അവരെപ്പോഴും ഉത്സാഹികളായിരിക്കും, മാത്രമല്ല സാമ്പത്തികമായും ഇവർക്ക് അഭ്യുന്നതി ഉണ്ടാകും. വടക്കുപടിഞ്ഞാറു ഭാഗങ്ങളിൽ അടുക്കള സജ്ജീകരിക്കുന്നതു ഗുണകരമല്ല. ഇങ്ങനെ ചെയ്യുന്നതു കുടുംബാംഗങ്ങളിൽ അനാരോഗ്യവും ബന്ധങ്ങളിൽ വിള്ളലുകൾക്കും സാധ്യതയുണ്ട്.

4. ഗൃഹത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗം എപ്പോഴും അവശ്യവസ്തുക്കൾ സംഭരിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. വാസ്തുശാസ്ത്രപ്രകാരം ഇങ്ങനെ ക്രമീകരിക്കുന്നത് ഗൃഹത്തിലെ താമസക്കാർക്കു മറ്റുള്ളവരുടെ സഹായം എപ്പോഴാണോ ആവശ്യമായി വരുന്നത് അന്നേരങ്ങളിൽ ലഭിക്കുന്നതിനിടയാക്കും.

5. ഗൃഹ നിർമാണത്തിൽ ഈശ്വര സാന്നിധ്യം ഉറപ്പിക്കുന്ന ഭാഗമാണ് വടക്കു കിഴക്ക്. ഈശാൻ കോൺ എന്നാണ് വാസ്തുപ്രകാരം ഈ ഭാഗം അറിയപ്പെടുന്നത്. പൂജാമുറി ക്രമീകരിക്കാൻ ഉത്തമ സ്ഥാനമാണിത്. വടക്കുകിഴക്കു മൂലയിലല്ലെങ്കിലും ഗൃഹത്തിന്റെ ഏതുഭാഗത്തും വിശ്വസിക്കുന്ന ദൈവങ്ങളെ വച്ചാരാധിക്കുന്നതു ഐശ്വര്യദായകമാണ്.

6. ഗൃഹത്തിന്റെ വടക്കു കിഴക്കു ഭാഗം എപ്പോഴും തുറന്നും ശബ്ദകോലാഹലങ്ങളൊഴിഞ്ഞും സൂക്ഷിക്കുന്നതാണുത്തമമം. വടക്കുഭാഗത്തു മുകളിലേക്ക് കയറുന്ന ഗോവണിയോ ടോയ്‌ലറ്റോ അടുക്കളയോ നിർമിക്കരുത്, അശുഭകരമാണത്‌.

പൂർണമായും അടച്ചുവെച്ചാലും ഇറ്റിറ്റു ജലത്തുള്ളികൾ വീഴുന്ന പൈപ്പുകൾ ഗൃഹത്തിൽ നിന്നൊഴിവാക്കുക. സമ്പത്തിലും ഇത്തരത്തിലുള്ള ചോർച്ചയ്ക്ക് സാധ്യതയുണ്ട്. ഭവനത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയിൽ ടോയ്‌ലറ്റ് നിർമ്മിക്കുന്നത് ധനനഷ്ടത്തിനിടയാക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങളിൽ തടസം സൃഷ്ടിക്കുകയും ചെയ്യും.

കുടുംബത്തിലെ ചെറിയ അസ്വാരസ്യങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ വാസ്‌തുശാസ്‌ത്ര പ്രകാരം ഗൃഹനിർമാണം നടത്തിയാൽ സാധിക്കും. മേല്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഭവനനിർമാണമെങ്കിൽ ഐശ്വര്യവും സമ്പത്തും ആരോഗ്യവും സമാധാനവും ഗൃഹത്തിൽ നിറയുമെന്നതിനു സംശയമില്ല.

×