ഐശ്വര്യത്തിലേക്ക് കണ്‍തുറക്കാം.. വിഷുക്കണി എങ്ങനെയാണ് ഒരുക്കേണ്ടത് ?

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, April 12, 2019

വിഷു എത്തി. വിഷു ആഘോഷത്തില്‍ ഏറ്റവും പ്രധാനം വിഷുക്കണി തന്നെയാണ്. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. ശരിയായ രീതിയില്‍ എങ്ങനെ കണിവയ്ക്കാം എന്ന് നോക്കാം;

കണ്ണന്റെ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത്. വെള്ളോട്ടുരുളിയിലാണ് കണിവയ്‌ക്കേണ്ടത്. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് വിഷുക്കണിക്കുള്ള പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണി വക്കാനായി പിന്നെ വേണ്ടത്.

കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായും, കൊന്നപ്പൂക്കൾ കിരീടമായും വാൽക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കൽപ്പം. ഇതിന്റെ തൊട്ടടുത്തായി ഓട്ടുതാലത്തിൽ അലക്കിയ കസവുമുണ്ട് ,ഗ്രന്ഥം ,കുങ്കുമച്ചെപ്പ് ,കണ്മഷി ,വെറ്റിലയിൽ നാണയത്തുട്ടും പാക്കും എന്നിവ വയ്ക്കുക . നവധാന്യങ്ങളും വയ്ക്കുന്നത് നന്ന്.

പീഠത്തിൽ നിലവിളക്കുവച്ചു എണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ, കൊടിവിളക്ക് എന്നിവ പിറ്റേന്നേക്കായി ഒരുക്കി വയ്ക്കുക.

വിഷുദിനപ്പുലര്‍ച്ചെ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ അല്ലെങ്കില്‍ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ”വിഷുക്കൈനീട്ടം” എന്നറിയപ്പെടുന്നത്. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

 

×