വാഹന വായ്പക്ക് കൂടുതല്‍ അവസരമൊരുക്കി ഹോണ്ട ടൂവീലേഴ്‌സ്

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 10, 2019

കൊച്ചി:  ഇടപാടുകാര്‍ക്ക് വാഹന വായ്പ എടുക്കുന്നതിനു കൂടുതല്‍ അവസരമൊരുക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.

ഇതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയയും ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി വെഹിക്കിള്‍ പ്രസിഡന്റും ബിസിനസ് ഹെഡുമായ രവീന്ദ്ര കുണ്ഡുവും ധാരാണാപത്രം ഒപ്പു വച്ചു.

ഇതനുസരിച്ച് ഹോണ്ട സ്‌കൂട്ടറിന്റെ വിലയുടെ 97 ശതമാനം വായ്പയായി ലഭിക്കും. പ്രോസസിംഗ് ഫീസ് ഇല്ല, 36 മാസത്തെ വായ്പ കാലാവധി, വാഹനം വാങ്ങുമ്പോള്‍ 2999 രൂപ ഡൗണ്‍ പേമന്റ്, ആകര്‍ഷകമായ പലിശനിരക്ക്, കുറഞ്ഞ പ്രതിമാസ ഗഡു തുടങ്ങിവയാണ് ഈ വായ്പയുടെ സവിശേഷതകള്‍. ഇതുവഴി ഇടപാടുകാര്‍ക്ക് വായ്പയില്‍ 6000 രൂപ വരെ ലാഭിക്കുവാന്‍ സാധിക്കും.

അടുത്ത ഘട്ടമായി ഗ്രാമീണ, അര്‍ധനഗര മേഖലകളില്‍ ഹോണ്ട സ്‌കൂട്ടര്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകുമെന്ന് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സിന് രാജ്യമൊട്ടാകെ ആയിരത്തിലധികം ശാഖകളുണ്ട്. അതിലധികവും ഗ്രാമീണ, അര്‍ധനഗര പ്രദേശങ്ങളിലാണ്. പത്തുലക്ഷത്തിലധികം ഇടപാടുകാരുണ്ടെന്നും രവീന്ദ്ര കുണ്ഡു പറഞ്ഞു.

×