Advertisment

മഹാനായ കുട്ടികളുടെ കഥാകാരന്‍

author-image
admin
New Update

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ, കുട്ടികളുടെ കഥാകാരന്‍ എന്ന് ഖ്യാതിനേടിയ ആളാണ് റൊവാള്‍ഡ് ഡാല്‍ (Roald Dhal). നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, തിരക്കഥാ രചയിതാവ് എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റൊവാള്‍ഡ് ഡാല്‍ പ്രധാനമായും അറിയപ്പെടുന്നത് കുട്ടികളുടെ കഥാകാരന്‍ എന്ന പേരിലാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ 250 ദശലക്ഷം പ്രതികള്‍ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. നിരവധി ലോകഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

Advertisment

ഡാലിന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചുവന്നത് ഈവിനിങ് പോസ്റ്റിലാണ്. 1961-ല്‍ 'ജെയിംസ് ആന്‍ഡ് ദ ജയന്റ് പീച്ച്' എന്ന പുസ്തകം പുറത്തുവന്നതോടെ പ്രിയപ്പെട്ട എഴുത്തുകാരനായി ഡാല്‍ കുട്ടികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചു.

publive-image

നിരൂപകപ്രശംസ പിടിച്ചുപറ്റിയ ഈ പുസ്തകം വമ്പിച്ച സാമ്പത്തികവിജയംകൂടിയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 'ചാര്‍ളി ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ഡാല്‍ കുട്ടികളുടെ എഴുത്തുകാരന്‍ എന്ന നിലയില്‍ കുഞ്ഞുമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി.

പതിറ്റാണ്ടുകള്‍ക്കുശേഷം ഈ രണ്ടു പുസ്തകങ്ങളും ജനശ്രദ്ധ ആകര്‍ഷിച്ച ചലച്ചിത്രങ്ങളായി.  ചാര്‍ളി ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി എന്ന പുസ്തകം ചലച്ചിത്രമാക്കിയപ്പോള്‍ പേര് 'വില്ലി വോന്‍ഗ ആന്‍ഡ് ദ ചോക്കലേറ്റ് ഫാക്ടറി'  എന്നാക്കി. 'ഫന്റാസ്റ്റിക് ഫോക്‌സ്', 'ദ വിച്ചസ്', 'മറ്റില്‍ഡ' തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

1916 സെപ്റ്റംബര്‍ 13-ന് ബ്രിട്ടനിലെ ദക്ഷിണ വെയ്ല്‍സിലെ ലാന്‍ഡാഫില്‍ നോര്‍വീജിയന്‍ മാതാപിതാക്കളുടെ മകനായാണ് ജനനം. ഡാലിന്റെ നാലാം വയസ്സില്‍ പിതാവ് മരിച്ചു. പഠനത്തില്‍ സമര്‍ഥനൊന്നുമല്ലാതിരുന്ന ഡാല്‍ ആഫ്രിക്കയില്‍ ഷെല്‍ ഓയില്‍ കമ്പനിയില്‍ ജീവനക്കാരനായും രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സില്‍ പൈലറ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പൈലറ്റായി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് നടത്തേണ്ടിവന്ന രണ്ട് നട്ടെല്ല് ശസ്ത്രക്രിയയ്ക്കുശേഷം അധികൃതര്‍ ഡാലിനെ അമേരിക്കയിലെ വാഷിങ്ടണിലേക്ക് സ്ഥലം മാറ്റി. അവിടെ സി.എസ്., ഫോറസ്റ്റര്‍ എന്ന എഴുത്തുകാരനെ കണ്ടുമുട്ടിയത് ഡാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഫോറസ്റ്ററാണ് ഡാലിലെ എഴുത്തുകാരനെ കണ്ടെത്തിയത്.

Advertisment