മനുഷ്യര്‍ക്കുവേണ്ടി ഒരു കണ്ണീര്‍കണം പൊഴിക്കുമ്പോള്‍

സമദ് കല്ലടിക്കോട്
Wednesday, May 15, 2019

ലയാളിയുടെ മാതൃദിനമാണ്‌ കേരളപ്പിറവി എന്നു പറയാം. സംസ്‌ക്കാരത്തിന്റെ, കവിതയുടെ, ജ്ഞാനത്തിന്റെ, ഗൃഹാതുരതയുടെ മേളനമാണ്‌ കേരളപ്പിറവി ആഘോഷപരിപാടികള്‍. മലയാളഭാഷയില്‍, കവിതാചരിത്രത്തിലെ മധുരതരവും അഗാധവുമായ നാഴികക്കല്ലാണ്‌ മഹാകവി അക്കിത്തത്തിന്റെ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’.

1956-ല്‍ സ്വാതന്ത്ര്യത്തിന്റെ അരുണോദയത്തില്‍ എഴുതപ്പെട്ട ഈ ഖണ്ഡകാവ്യം അനുവാചക മനസ്സുകളില്‍ ഇന്നും പരിവര്‍ത്തനത്തിന്റെ ഇടിമുഴക്കം സൃഷ്‌ടിക്കുന്നു. വരാന്‍പോകുന്ന നാളുകളെക്കുറിച്ച്‌ ഉള്‍ക്കാഴ്‌ച്ച നല്‍കിയതാണ്‌ `ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’. മനുഷ്യര്‍ക്കുവേണ്ടി ഒരു കണ്ണീര്‍കണം പൊഴിക്കുമ്പോള്‍, ഒരു പുഞ്ചിരി വിടര്‍ത്തുമ്പോള്‍ വ്യക്തി അനുഭവിക്കുന്ന ആനന്ദത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ്‌ ഇതിഹാസകാവ്യം തുടങ്ങുന്നത്‌.

ഭാഷയെക്കുറിച്ചും കവിതയെക്കുറിച്ചും മലയാളത്തിലെ ആധികാരിക ശബ്‌ദങ്ങളിലൊന്നാണ്‌ അക്കിത്തം. പക്ഷെ വയസ്സ്‌ 91 കടന്നുനില്‍ക്കുന്നു. കുമരനെല്ലൂരിലെ അമേറ്റിക്കരയിലെ `ദേവയാന’ത്തില്‍ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനത്തിനും ഇളയമകന്‍ നാരായണനുമൊപ്പം കഴിയുന്നു. വാര്‍ദ്ധക്യം ഓര്‍മ്മകളെ കവര്‍ന്നുതുടങ്ങിയിരിക്കുന്നു.

എഴുന്നേല്‍ക്കാനും നടക്കാനും പരസഹായംവേണം. സംസാരത്തിന്‌ വ്യക്തതയില്ല. എങ്കിലും നേര്‍ത്ത ശബ്‌ദത്തില്‍ സംസാരിച്ചുതുടങ്ങി. നെഞ്ചുകീറി നേരിനെക്കാട്ടുന്ന സ്‌നേഹവും ശുദ്ധിയും നേര്‍പ്പിച്ച ആ ഇതിഹാസ കാവ്യസമാഹാരത്തില്‍നിന്ന്‌ അല്‍പ്പം ഞാന്‍ ചൊല്ലിത്തുടങ്ങി… എന്നാല്‍ കൗതുകകരമായി അദ്ദേഹംതന്നെ അത്‌ ചൊല്ലിപൂര്‍ത്തിയാക്കി.

ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായിഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം.

ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായ്‌ച്ചെലവാക്കവെ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മ്മല പൗര്‍ണ്ണമി.

അറിഞ്ഞിലിത്രനാളും ഞാ-
നിദ്ദിവ്യപുളകോദ്‌ഗമം
ആ മഹാനഷ്‌ടമോര്‍ത്തോര്‍ത്തു
കുലുങ്ങിക്കരയുന്നു ഞാന്‍..

കേരളപ്പിറവിദിനാചരണത്തിന്‌ മുന്നോടിയായിട്ടാണ്‌ ഞാനും രാഷ്‌ട്രീയനിരീക്ഷകനും പത്രപ്രവര്‍ത്തകനുമായ അസീസ്‌മാഷും സംസ്‌കൃത വിശാരദന്‍ ഡോ. ഇ.എന്‍.ഉണ്ണികൃഷ്‌ണനും മഹാകവിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക്‌ യാത്ര തിരിച്ചത്‌. നവതിയുടെ നിറവില്‍കഴിയുന്ന കവിക്ക്‌ ശാരീരിക അവശത ഏറെയുണ്ടെങ്കിലും ഉല്‍സാഹത്തോടെ മനസ്സുതുറന്നു. ഒ.വി.വിജയന്‍ സ്‌മൃതിരേഖ മാഷ്‌ കവിക്ക്‌ സമ്മാനിച്ചു. മലയാള സാഹിത്യത്തിന്റെ ഹൃദയം എന്നാണ്‌ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസകവിയുടെ അഭിപ്രായം.

കവിത മനസ്സിന്റെ ഉറവ

ഭാഷസൗഭഗംകൊണ്ടും പ്രമേയവൈവിധ്യംകൊണ്ടും സമ്പന്നമാണ്‌ അക്കിത്തംവരികള്‍. തിളക്കങ്ങളെ, ഉല്ലാസങ്ങളെ അവ ആവാഹിക്കുന്നു. ഒരു മധുരബാല്യത്തിന്റെ നഷ്‌ടസ്‌മൃതികളും സ്‌നേഹവാല്‍സല്യവും അതില്‍ നിരൂപിക്കുന്നു. മനുഷ്യന്‍ സാമൂഹ്യജീവിയാകുന്നിടത്തോളം ചുറ്റുപാടുകളോട്‌ പ്രതികരിക്കാതിരിക്കാനാവില്ലെന്നാണ്‌ കവിയുടെ വീക്ഷണം. ഈ പ്രതികരണങ്ങളാണ്‌ സമൂഹത്തെ നിര്‍മ്മിക്കുന്നത്‌. അതിനെ അടയാളപ്പെടുത്താന്‍ നിയോഗം ലഭിച്ചവരില്‍ ഒരാളാവാം മഹാകവി അക്കിത്തം. അദ്ദേഹത്തെതേടി പുതുതലമുറ ദേവയാനത്തിലേക്ക്‌ വന്നുകൊണ്ടേയിരിക്കുന്നു. അവ ര്‍ക്കെല്ലാം അറിയേണ്ടത്‌ കവിത എങ്ങനെ ജനിക്കുന്നുവെന്നാണ്‌.

‘ഏഴു പതിറ്റാണ്ടിലേറെയായി ഞാന്‍ കവിതയെഴുതുന്നു. എന്നിട്ടിപ്പോഴും കവിതയെഴുതേണ്ടത്‌ എങ്ങനെയെന്ന്‌ പുതിയ തലമുറ വന്നു ചോദിക്കുമ്പോള്‍ ഞാന്‍ അന്ധാളിച്ചുപോകുന്നു. എങ്ങനെയാണ്‌ കവിത മനസ്സില്‍ ഉറവയെടുക്കുന്നത്‌? എനിക്കറിഞ്ഞുകൂടാ. മേഘാവൃതമായ രാത്രിയിലെ ഇടിമിന്നല്‍പോലെ ഒരു പ്രബുദ്ധത എന്നു വേണമെങ്കില്‍ നിര്‍വ്വചിച്ചോളൂ’.

മോഹസാക്ഷാത്‌ക്കാരം 

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മാത്രമല്ല ഞാനെഴുതിയ എല്ലാ കവിതകളുടെയും വിദൂരകാരണം മോഹമായിരുന്നു. സാക്ഷാത്‌ക്കരിക്കപ്പെടാതെ പോയ പ്രയത്‌നങ്ങളുടെ പരാജയവും പരാജിതരുടെ നൊമ്പരവും കവിതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കാം. മനുഷ്യസ്വാതന്ത്ര്യം, വിമോചനം, സ്‌ത്രീ-പുരുഷ ബന്ധങ്ങള്‍, ആദ്ധ്യാത്മികത, സഹാനുഭൂതി ഇതെല്ലാം വിഷയമായിട്ടുണ്ട്‌. മനുഷ്യന്‍ മനുഷ്യനേയും പ്രകൃതിയേയും ചൂഷണം നടത്തുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതി ആകുലപ്പെടുത്തുന്നു. ഹൃദയത്തില്‍ തോന്നുന്നത്‌ ഉറക്കെ പറയേണ്ടേ? അത്‌ അനുവാചകരുമായി പങ്കിട്ടിട്ടുണ്ടാകാം.

തിരിഞ്ഞുനോക്കിപ്പോകുന്നു
ചവുട്ടിപ്പോന്ന ഭൂമിയെ
എനിക്കുമുണ്ടായിരുന്നു
സുഖംമുറ്റിയ നാളുകള്‍.

ജീവകാരുണ്യം

എന്റെ സര്‍ഗസൃഷ്‌ടികളുടെ അസ്‌തിവാരം ജീവകാരുണ്യമെന്നു പറഞ്ഞത്‌ വരികള്‍ക്കിടയിലൂടെ വായിച്ചവരാണ്‌. മലയാളി സ്വന്തം വയര്‍ നിറയ്‌ക്കുന്നതോടൊപ്പം അപരന്റെ വയറ്‌ നിറഞ്ഞുകാണാന്‍ ത്യാഗമനുഭവിക്കുന്നവനാണ്‌. സാങ്കേതികവിദ്യയും ഉപഭോഗക്കൊതിയുമാണ്‌ കാലഘട്ടത്തിന്റെ നേര്‍ചിത്രം. ഒരു ജനപദത്തെ മനസ്സിലാക്കാന്‍, അവരുടെ അഭിലാഷം, മനോസഞ്ചാരങ്ങള്‍ എന്നിവ ആവിഷ്‌ക്കരിക്കാന്‍ കവിതയോളം സഹായിക്കുന്ന മറ്റൊന്നുണ്ടോ?

കേരളീയത, മലയാളിത്തം എന്നൊക്കെ പറയുന്നത്‌ സംസ്‌ക്കാരത്തിന്റെയും സഹായമനസ്ഥിതിയുടെയും ഉപോല്‍പ്പന്നമായിരിക്കണം. കവിതാസ്വാദകരോ സാഹിത്യതല്‍പരരോ അല്ലാത്തവര്‍ക്കും കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക പൈതൃകമറിയാം. നമ്മുടേതെന്തും പ്രകടിപ്പിക്കാന്‍ നമുക്ക്‌ മലയാളംതന്നെവേണം. ഭാഷ സംരക്ഷിച്ചില്ലെങ്കില്‍ നാം നാമല്ലാതായി മാറും. ജീവിതത്തില്‍ നഷ്‌ടപ്പെടുന്ന മൂല്യങ്ങള്‍ വീണ്ടെടുക്കാതെ എങ്ങനെ മനുഷ്യത്വം സാധ്യമാകും. അധിനിവേശവും പലായനവും ഇന്ന്‌ പതിവുകാഴ്‌ച്ചയല്ലേ?

എന്റെ കാതിലലയ്‌ക്കുന്നു
നിത്യമാനുഷരോദനം
എന്റെ കാലില്‍ തറയ്‌ക്കുന്നു
മനുഷ്യത്തലയോട്ടികള്‍

നിരുപാധിക സ്‌നേഹം

വിപ്ലവത്തിന്‌ തീവ്രമായി അഭിലഷിക്കുകയും വര്‍ത്തിക്കുകയും ചെയ്യുന്ന ഒരാള്‍ അതിന്റെ നിര്‍വ്വഹണത്തിനായി അനുഭവിക്കുന്ന ത്യാഗവും വിഹ്വലതകളും ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം നിവേദിക്കുന്നു. സമൂഹജീവിതത്തിനും വ്യക്തിജീവിതത്തിനും ഏറെ ഭാവാന്തരങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്‌. ധര്‍മമേത്‌/അധര്‍മമേത്‌, നിരൂപിക്കുക അസാധ്യം. പരാജയകാരണങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌ മനുഷ്യന്‍. വിജയവഴികളെ തേടുന്നില്ല. വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടാണ്‌ എവിടേയും. സ്‌നേഹ വും പരസ്‌പരവിശ്വാസവും ഇല്ലാതാകുന്നില്ലേ?

നിരുപാധികമാം സ്‌നേഹം
ബലമായിവരും ക്രമാല്‍
ഇതാണഴകിതേ സത്യം
ഇതു ശീലിയ്‌ക്കല്‍ ധര്‍മ്മവും

ഗുരുക്കളുടെ കടാക്ഷം

എന്റെ കവിതകള്‍ വ്യക്തിപരമല്ല. കവിതകള്‍ ഓരോകാലത്തും പുതിയ അര്‍ത്ഥങ്ങളുണര്‍ത്താന്‍ സാധ്യതയരുളുന്നവയാണ്‌. നേരെ പറയാവുന്നവയാണ്‌ കാവ്യസങ്കല്‍പ്പമെങ്കില്‍ അതില്‍ കവിതയുണ്ടാവില്ല. കവിതയും ജീവിതവും പരസ്‌പര പൂരകമാകുന്നതും ഈ കാഴ്‌ചപ്പാടിലാണ്‌. കവിതാരചന ക്ലേശകരമാണെന്ന്‌ എല്ലാവരും പറയും. ആ ക്ലേശം ഒട്ടും ചിന്തിക്കാത്ത മട്ടില്‍ എഴുതുമ്പോഴാണ്‌ കവിത ശ്രേഷ്‌ഠമാകുന്നത്‌. കാവ്യസപര്യയിലെ എന്റെ ഗുരു ആരെന്നുചോദിച്ചാല്‍, ഇടശ്ശേരിയെന്ന്‌ ഓര്‍മിക്കാനാണിഷ്‌ടം.

കുറ്റിപ്പുറം ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഉണ്ണികൃഷ്‌ണമേനോന്‍ മാഷുടെ ശിഷ്യനായിരുന്നു ഇടശ്ശേരി. ഒരിക്കല്‍ അദ്ദേഹത്തെ എന്റെ സൃഷ്‌ടികള്‍ കാണിക്കാന്‍ ഇല്ലത്തേക്കു കൂട്ടിക്കൊണ്ടുവന്നതോര്‍ക്കുന്നു. കവിതകളും ലേഖനങ്ങളും നാടകങ്ങളും കുറിച്ചിട്ട മൂന്നുനോട്ടുബുക്കുകള്‍ ഇടശ്ശേരിയെ കാണിച്ചു.

എല്ലാം വായിച്ചുനോക്കിയശേഷം അദ്ദേഹം പറഞ്ഞു ‘ഈ ആളെ നന്നാക്കിയെടുക്കാം, ചെറിയ ചില കാര്യങ്ങള്‍ മാത്രമേ പറഞ്ഞുകൊടുക്കുവാനുള്ളു’. പിന്നെ ഇടശ്ശേരിയെ കാണുവാന്‍വേണ്ടി പൊന്നാനിയില്‍ പോകുമായിരുന്നു. നായരുടെ വീട്ടില്‍നിന്ന്‌ നമ്പൂതിരിക്കു ഭക്ഷണം നല്‍കാന്‍ മുത്തശ്ശിക്കു മടി. പൊന്നാനി കരുവാട്ടുമനയില്‍ നിന്നായിരുന്നു ഭക്ഷണം.

എടപ്പാളിലെ ശൂലപാണി വാര്യരും (ജ്യോതിഷപണ്ഡിതന്‍) തന്റെ കവിതകളുമായി ഇടശ്ശേരിയെ കാണാന്‍ വരുമായിരുന്നു. ഇടശ്ശേരിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറയാന്‍ വാക്കുകള്‍ മതിയാവില്ല. ഞാന്‍കണ്ട ഗുരുതുല്യര്‍ അത്യപൂര്‍വ്വ മഹാസംഭവങ്ങളാണ്‌. അവരും മനുഷ്യദേഹികള്‍തന്നെ. വേദനിക്കുന്നവരും കരയുന്നവരും ചിരിക്കുന്നവരും ചിന്തിക്കുന്നവരുംതന്നെ. പക്ഷെ അവര്‍ ദ്വേഷിക്കുന്നില്ല. ആഗ്രഹിക്കുന്നില്ല, മല്‍സരിക്കുന്നില്ല, അഹങ്കരിക്കുന്നുമില്ല.

×