Advertisment

'അഞ്ചാം ഭാവം' - മനം നോവുന്ന പെൺ മുറിവുകൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

സ്ത്രീ ജീവിതങ്ങളെപ്പറ്റി നവീന ആശയങ്ങളുള്ള എഴുത്തുകാരിയാണ് ജ്യോതിർമയി ശങ്കരൻ. മാടമ്പ് കൃഷ്ണൻ നമ്പൂതിരിയുടെയും വെണ്മണി ലീലാ ദേവിയുടെയും മകൾ. ഓൺലൈൻ എഴുത്തുകാരിയും കോളമിസ്റ്റുമാണ്.

Advertisment

ജ്യോതിർമയിയുടെ ഏറ്റവും പുതിയ പുസ്തകം അഞ്ചാം ഭാവം പുറത്തിറങ്ങിയിരിക്കുന്നു. വളരെയേറെ ശ്രദ്ധേയമായി തീർന്ന സ്ത്രീപക്ഷ ലേഖനങ്ങളുടെ സമാഹാരം.

പ്രസാധനം: ചിത്രരശ്മി ബുക്സ്.

publive-image

'ഒരു സ്ത്രീയുടെ ഭംഗി നിലകൊള്ളുന്നത് അവളുടെ വസ്ത്രധാരണത്തിലോ, തലമുടിയിലോ, സുന്ദരമായ ആകാരസൗഷ്ഠവത്തിലോ അല്ല, മറിച്ച് അവളുടെ കണ്ണുകളിലാണ്. സ്നേഹം വാസമുറപ്പിച്ച അവളുടെ ഹൃദയ ക്ഷേത്രത്തിലേക്കുള്ള പടിവാതിൽ'.

യഥാർത്ഥത്തിൽ പുസ്തകത്തിന്റെ സാരാംശമായി ജ്യോതിർമയി പറഞ്ഞു വെക്കുന്ന ഈ ഒറ്റവാചകം മതി അഞ്ചാം ഭാവം എന്ന പുസ്തകത്തിന്റെ രചനാ സവിശേഷത ആയിട്ട്.

അവിചാരിതമായി തുറന്നു നോക്കിയ ഒരു ഇ-മെയിലിന്റെ ഉള്ളടക്കമാണ് ഈ ലേഖന സമാഹാരത്തിന്റെ ജന്മത്തിനു കാരണമെന്ന് ആമുഖത്തിൽ പറഞ്ഞിരിക്കുന്നു. പല കാലങ്ങളായി മനുഷ്യ സമൂഹത്തെ ഗ്രസിച്ച സ്ത്രീ കാഴ്ചപ്പാടുകളെ വിശകലന വിധേയമാക്കുകയാണ് ഈ ലേഖനങ്ങളിൽ.

ചുറ്റുപാടുകളെ വീക്ഷിക്കുമ്പോൾ കാണുന്ന, സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളെ, നിഗൂഢതകളെ, അസമത്വങ്ങളെ വിമർശന വിധേയമാക്കുന്നു.

വിദ്യാഭ്യാസത്തിലൂടെയും ഭൗതികമായ വളര്‍ച്ചയിലൂടെയും മാത്രം സ്ത്രീയും അവള്‍ക്ക് ചുറ്റുമുള്ള സമൂഹവും ഉണരുമെന്ന് കരുതരുത്. നിയമങ്ങൾ മാറ്റിയതു കൊണ്ടായില്ല, സാമൂഹ്യ കാഴ്ചപ്പാടുകൾ മാറണമെന്നാണ് ലേഖികയുടെ അഭിപ്രായം.

ദൈവം പ്രത്യേകതകൾ നൽകി അവളെ സജ്ജമാക്കിയിട്ടുണ്ട്. എത്രയോ പ്രത്യേകതയാർന്ന സ്ത്രീകളെ പുരാണങ്ങൾ നമുക്ക് കാണിച്ചു തരുന്നു. ചരിത്രത്തിന്റെ താളുകളിൽ കനത്ത സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട എത്രയോ ബുദ്ധിമതികളായ സ്ത്രീകളുണ്ട്.

ഉയരങ്ങളിലെത്താന്‍ സ്ത്രീക്കു തടസ്സമായി നില്‍ക്കുന്നത് വികലമായ സങ്കല്‍പ്പങ്ങളാണ്. സമൂഹം അവൾക്കായി നീക്കിവയ്ക്കുന്ന വേഷം അവളണിഞ്ഞാൽ മതിയോ? എവിടെയും അവളുടെ സ്വാധീനം പ്രകടമാവണം.

സ്ത്രീയെയും സമൂഹത്തെയും കേന്ദ്രീകരിക്കുന്ന വിഷയങ്ങളിൽ നേരനുഭവങ്ങളും ചില സ്വതന്ത്ര കാഴ്ചപ്പാടുകളുമാണ് ഈ പുസ്തകത്തിൽ.  സ്ത്രീയുടെ മനക്കരുത്ത് വിളിച്ചോതുന്ന, സഹന ശക്തി ബോധ്യമാക്കുന്ന, സ്ത്രീധന കുരുക്കുകൾ മുറുകുന്ന, സ്ത്രീ തന്നെ അവളുടെ കഴിവിനെ മറക്കുന്ന, ഭിന്നമായ സാമൂഹിക പ്രവണതകളെ ഓരോ ലേഖനങ്ങളിലൂടെയും നിരൂപിക്കുന്നു.

സ്ത്രീ എന്നും പ്രഹേളിക തന്നെ. അത് എഴുത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും അവളെ താഴ്ത്തി കാട്ടുന്നതിനുള്ള ജീവിത നിലവാരത്തെയും നിസ്സഹായതയുമാണ് ശ്രദ്ധയിൽ കൊണ്ടുവരുന്നത്.

പെൺകുഞ്ഞായി ജന്മമെടുത്തതിനാൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ മരിക്കുന്നവർ ഏറെ.  കൊച്ചു വയസ്സിൽ തന്നെ പ്രാരാബ്ധരാകുന്നവർ. പെണ്‍ മക്കളെ കേള്‍ക്കാന്‍ രക്ഷിതാക്കൾ സന്മനസ്സു കാണിക്കണം.

നഷ്ട ബാല്യങ്ങളുടെ കാലത്ത് പെണ്‍മക്കളെ പരിഗണിക്കണം. അവരുടെ ഗ്രാഹ്യശേഷിക്കിണങ്ങും വിധം അവരോട് സംസാരിക്കണം. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള അവരുടെ താത്പര്യങ്ങളേയും അഭിരുചികളേയും മനസ്സിലാക്കണം.

ബാല്യം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെപ്പറ്റി പരിതപിയ്ക്കുന്നതിനൊപ്പം നമുക്കെന്തു ചെയ്യാനാകുമെന്ന് കൂടി ചിന്തിക്കണം. പഠിക്കാനും വളരാനും എപ്പോഴും പെൺകുട്ടികൾക്ക് പ്രചോദനം കിട്ടണം. അവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹനങ്ങളേകാനും മനസ്സുകാണിക്കണം. നാം അവരെ പരിഗണിക്കുന്നുവെന്ന് അവര്‍ അറിയണം.

ഈ പുസ്തകം വായിക്കുന്ന ഓരോ വനിതയും തങ്ങളുടെ ഓർമ്മകളെയും വ്യക്തിത്വത്തെയും താരതമ്യം ചെയ്യാനുള്ള അവസരം ഇതിലെ ഓരോ ലേഖനവും തരുന്നു.

ജ്യോതിർമയി എന്ന എഴുത്തുകാരി ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ജാലകം, ഉത്തരേന്ത്യൻ യാത്രാകുറിപ്പുകൾ, അയനങ്ങൾ എന്നിവയാണ് മറ്റു കൃതികൾ. ഏറെ പ്രതീക്ഷാ നിർഭരമായ സ്ത്രീപക്ഷ ചിന്തകൾക്ക് വഴിതുറന്ന 'അഞ്ചാം ഭാവം' മനംതൊടുന്ന സ്ത്രീപക്ഷ സൃഷ്ടി തന്നെയാണ്.

Advertisment