കൊറോണക്കാലത്തെ മൊട്ടയടി അപാരത

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

പ്രവാസത്തിലെ നാല്പത് ദിവസത്തെ വർക്ക് അറ്റ് ഹോം എന്ന പരിപാടി മനോഹരമായി മുന്നോട്ട് പോകവേ സൗന്ദര്യ ആരാധികയായ ഭാര്യയ്ക്ക് എന്റെ വിശ്വാമിത്രരൂപം കുറച്ചു ദിവസമായി ദഹിക്കുന്നുണ്ടായിരുന്നില്ല.

Advertisment

publive-image

പലതവണ എന്തെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ,
'ഞാൻ നിങ്ങളുടെ മുറിക്കും '
'ഉറപ്പായിട്ടും മുറിക്കും '
ഈശ്വരാ എന്തായിരിക്കും മുറിക്കുക എന്നാലോചിച്ച് ഞാനും ടെൻഷനിൽ ആയിരുന്നു.

വർക്ക് അറ്റ് ഹോം ആയതോണ്ട് ശമ്പളം കിട്ടിയിട്ട് കുറച്ചായി. എന്തേലും പറഞ്ഞാൽ പണി പാലും വെള്ളത്തിൽ കിട്ടിയാലോ എന്ന് കരുതി തർക്കുത്തരം പറയാനും വലിയ അധികാര രൂപം പ്രകടിപ്പിക്കാനും ശ്രമിച്ചിരുന്നില്ല .

ജോലി ഉള്ളപ്പോളാണെങ്കിൽ ഉറങ്ങണ സമയത്ത് വന്നാൽ മതിയെന്ന് കരുതി സമാധാനിക്കാം. ഇപ്പോൾ അത് നടക്കില്ലെന്ന് മനസ്സിന് നന്നായി അറിയുന്നതുകൊണ്ട് പ്രത്യേക ഹോം വർക്ക് ഒക്കെ ചെയ്ത് മനസ്സിനെ കൊണ്ട് നടക്കുകയായിരുന്നു.

ഇന്ന്, രാവിലെ ഭവതിയുടെ ജോലി സമയത്തിലെ മാറ്റം എന്നിലേക്ക് കുതിര കയറാനായി ഉപയോഗിക്കുമെന്ന് സൂചന കിട്ടിയിരുന്നു . ചോറും കറികളും കാലായുടനെ എന്നോട് കുളിമുറിയിലെ കണ്ണാടിക്ക് മുൻപിൽ കസേരയിൽ വന്നിരിക്കാൻ പറഞ്ഞതും
ഈശ്വരാ, ഇന്നെന്താണോ എന്ന് ചിന്തിക്കും മുൻപേ കയ്യിൽ എടുത്ത് പിടിച്ചിരിക്കുന്ന ഗില്ലറ്റിൻറെ റേസർ കണ്ടപ്പോൾ പ്രതികരിക്കാൻ പോയില്ല . എല്ലാവരെയും പ്രാർത്ഥിച്ചു കസേരയിൽ പോയിരുന്നു.

മേത്തൊരു തോർത്തിട്ട് തന്നിട്ട് ക്ഷൗരം പഠിച്ച പെണ്ണിനെപ്പോലെ അവൾ എന്റെ തല ഷേവ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി .

തലയിൽ ആദ്യം ചൂടുവെള്ളം തളിച്ച് നിവ്യയുടെ ഷേവ് ക്രീം എടുത്ത് തലയിൽ തേച്ച് പതപ്പിച്ച് അടങ്ങിയിരിക്കാൻ പറഞ്ഞുകൊണ്ട് കർത്തവ്യത്തിലേക്ക് കടന്നു . ഒരു കുഞ്ഞു കുട്ടിയെപ്പോലെ എല്ലാം അനുസരിച്ചു ഇരിക്കുക അല്ലാതെ ഒരു നിവർത്തിയും ഉണ്ടായിരുന്നില്ല.

കല്യാണത്തിന് താലികെട്ടുന്ന ചടങ്ങിനും പിന്നെ എന്റെ തല ഷേവ് ചെയ്യുന്ന ഈ സമയത്തുമല്ലാതെ അവൾക്ക് ഇങ്ങനെ അടങ്ങിയ ഭർത്താവിനെ കിട്ടില്ലെന്ന ഉത്തമ ബോധ്യത്തോടെ അവൾ ആ ജോലി ഊർജ്ജസ്വലയായി ചെയ്തുകൊണ്ടിരുന്നു.

ഇടയിൽ എവിടെയോ ഒന്ന് പാളിയപ്പോൾ ,
'ചേട്ടാ വേദനിച്ചോ ?'

ഇനി പാതി വഴിയിൽ ഇട്ടിട്ട് പോയാൽ പിന്നെ എന്റെ ഗതി പുറത്താരോടും പറയാൻ പോയിട്ട് , എനിക്ക് വീട്ടിൽ തന്നെ ഇരിക്കേണ്ടിവരുമെന്നും വല്ലപ്പോഴും മുഖപുസ്തകത്തിൽ ലൈവ് ഇട്ട് സന്തോഷിക്കുന്ന എന്റെ ആ സന്തോഷവും പോകുമെന്നുള്ള വേദനയും ഇപ്പോൾ പറ്റിയ ചെറിയ മുറിവിനേക്കാൾ എത്രയോ വലുതായിരിക്കുമെന്നുള്ള ചിന്തയാൽ , ' ഇല്ല' എന്ന് മറുപടി നൽകി.

പുറകിലുള്ള വലിയ ചിരി എന്നെ ചെറുതായൊന്നുമല്ല രോഷം കൊള്ളിച്ചത് . എന്നാലും അവൾ പുരുഷന് ക്ഷൗരം ചെയ്യുന്ന സ്ത്രീ ആയല്ലോ, അതുമതി എന്ന് സ്വയം ആശ്വസിച്ചു. അരമണിക്കൂറിനുള്ളിൽ എന്നെ കുട്ടപ്പനാക്കി കണ്ണാടിക്ക് മുന്നിൽ നിർത്തിച്ചു.

എന്റെ മൊട്ടത്തല ഞാൻ കൈകൊണ്ട് തടവി ആസ്വദിക്കുംനേരം ,
'ചേട്ടാ ഏതോ ബ്രസീലിയൻ കളിക്കാരനെ പോലെ ഉണ്ടല്ലോ ഇപ്പൊ '.
'ആരാ അറിയോ ?'
'മഞ്ഞപ്പട ടീം ലേ?'.
'ഹും'....
'ഗൂഗിൾ നോക്കട്ടെ '
'എന്നെ ഒന്ന് കുളിപ്പിക്ക് '
'വേണേൽ കുളിച്ചു ,വാ '
പറഞ്ഞ് അവൾ ബാത്രൂം ക്ലീനിങ് ജോലിയടക്കം എന്നെ ഏൽപ്പിച്ച് മൊത്തത്തിൽ എന്നെ ഷേവ് ചെയ്ത് കളഞ്ഞു .

കുളിമുറിയിൽ ഞാൻ എല്ലാം ചെയ്യുന്നതിനിടയ്ക്ക് 'ചേട്ടാ 'റോബർട്ടോ കാർലോസ് ' പോലെ ഉണ്ട് ട്ടോ '.

ഈശ്വരാ അതിന്റിടയ്ക്ക് ഗൂഗിൾ തപ്പി അതും കണ്ടുപിച്ച് എന്നെ മൊത്തത്തിൽ തരിപ്പണമാക്കി കളഞ്ഞു . കുളി കഴിഞ്ഞ് എന്തോ പോയ അണ്ണാനെപ്പോലെ ഇറങ്ങിവരും നേരം വാ വിട്ട് ചിരിച്ച് സ്വീകരിച്ച അപാരത കൊറോണക്കാലത്തല്ല ഒരു കാലത്തും മനസ്സിന്ന് പോവില്ലെന്നുറപ്പിച്ച് ഞാൻ എന്റെ ലോകത്തേക്കും അവൾ അവളുടെ ലോകത്തേക്കും പോയി.

Advertisment