കൊറോണക്കാലത്തും സൂക്ഷിക്കാൻ പറ്റിയ സൗഹൃദം

Saturday, May 16, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

‘ഒരു കൊറോണ ഹരിയെ ചുറ്റിപറ്റി നടക്കാൻ തുടങ്ങിട്ട് അറുപത്തി അഞ്ച് ദിവസങ്ങളായി . അച്ഛന്റെയും , അമ്മേടയും , കുട്ടികളുടെയും പിന്നെ സന്തത സഹചാരിയായ പ്രിയ പത്നിയുടെയും പ്രാർത്ഥനകൊണ്ട് എല്ലാ പ്രതിരോധമാർഗ്ഗങ്ങളെയും ശക്തമായി സംരക്ഷിക്കാൻ അവന് കഴിഞ്ഞത്കൊണ്ടാകാം കൊറോണയുടെ അക്രമണത്തിന് ഇതുവരെയും വിധേയനായിട്ടില്ല .

ഇപ്പോൾ എന്തോ തൊട്ടടുത്തുള്ളത് പോലെ ? അവന്റെ മനസ്സ് മന്ത്രിച്ചു .

‘നിത്യവും മുഖപുസ്തകത്തിൽ പോസ്റ്റ് കണ്ടില്ലേൽ ഒന്ന് നോക്കിക്കോണം ട്ടോ ?…’
ആ രാത്രി മുഖപുസ്തകത്തിൽ അങ്ങനെ പോസ്റ്റിട്ട് അവൻ കിടന്നുറങ്ങി .

നേരം വെളുത്തെണീക്കുന്നതുതന്നെ വാട്സപ്പ്പ് സന്ദേശങ്ങൾ നോക്കിയായതിനാൽ ആദ്യ സന്ദേശം തന്നെ ഹരിയുടെ മനസ്സിനെ തെല്ലൊന്നുമല്ല കുളിരണയിച്ചത് .

“ഹരിയേട്ടാ എന്താ പ്രശ്നം ? .” നാട്ടിൽ നിന്നും ഷെഫീക്കിന്റെ സന്ദേശമായിരുന്നു .
മറ്റുസന്ദേശങ്ങളെക്കാളും ഈ സന്ദേശത്തിന് എന്നും വിലയുണ്ടെന്ന് ഷഫീക്കിന് നന്നായി അറിയാം .

കോവിഡ് പടർന്നുപിടിക്കുമ്പോഴും ജീവിതത്തിൽ ഹരി സൂക്ഷിച്ച സാധാരണ മനുഷ്യ ബന്ധങ്ങൾ മനസ്സിൽ അലയടിക്കുന്ന അനുഭൂതികൾ പകരുന്നതായിരുന്നു .

ഹരി എഴുതിയ രണ്ട് പുസ്തകത്തിലും അവൻ ഇടം പിടിച്ചിരുന്നുവെന്നുള്ളതിൽ ഷഫീക്കിനോടുള്ള ഹരിയുടെ കടപ്പാട് നന്ദിയായി രേഖപെടുത്തിയതാണ് .

ഷഫീക്ക് മനസ്സ് അങ്ങനെ തുറക്കണ കൂട്ടത്തിൽ അല്ലെങ്കിലും ജീവിതത്തിൽ രണ്ടായിരത്തിമൂന്നുമുതൽ കൂടെ കൂട്ടിയ അവന്റെ
പ്രധാനമായ ഒരു കാര്യം ഒഴിച്ച് ബാക്കിയെല്ലാം പറഞ്ഞുവെന്നുള്ളത് മറ്റാർക്കും അറിയാത്ത സത്യങ്ങളാണ് .

ആരാണ് ഹരിയേട്ടൻ , എന്താണ് ഹരിയേട്ടൻ എന്ന് വ്യക്തമായി അറിഞ്ഞ് മുന്നോട്ട്പോകുന്നവൻ .അവന്റെ ജീവിതത്തിൽ നടന്ന പ്രധാനമായ ആ കാര്യം പറയാതിരുന്നതിന്റെ കാരണവും അതുതന്നെ .

പ്രവാസമോ, നാടോ എവിടെയാണെങ്കിലും ഒരു രഹസ്യം സൂക്ഷിക്കാൻ പറ്റിയൊരാൾ വേറെ ഉണ്ടായിരിക്കുമോ എന്നറിയില്ല. അതായിരുന്നു അവന്റെ സൗഹൃദത്തിന്റെ പ്രത്യേകത .

എത്ര സൗഹൃദമാണെങ്കിലും വഴിതെറ്റിയാൽ ഉളുപ്പില്ലാതെ ചീത്തപറയുന്ന പോലെതന്നെ ഒരു തെറ്റിനെ ശരിയാക്കി കാണിച്ചുകൊടുത്ത് കൂടെ ചേർത്തുപിടിച്ചു സ്നേഹിക്കുന്ന ഹരിയേട്ടന്റെ മിടുക്കറിഞ്ഞ മറ്റുള്ള ചുരുക്കം ചില സൗഹൃദങ്ങളിൽ ഒന്നാണവൻ .

ഇനി ആരാണവൻ , എന്താണവന്റെ മതം , എന്താണവന്റെ രാഷ്ട്രീയം തുടങ്ങിയ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറയുമ്പോൾ ഒരിക്കലും വിലകുറച്ചുകാണാതെ അവൻ പലപ്പോഴും ചങ്കൂറ്റത്തോടെ പറയുന്ന ആദര്ശങ്ങളെയും മത ബോധങ്ങളെയും ഉൾക്കൊണ്ടുതന്നെ വിഭിന്നമായവനെ ഇന്നും കൂടെ കൂട്ടുന്നതിൽ ഹരിക്ക് എന്നും അഭിമാനമാണ് .

മുഹമ്മദ് ഷഫീക്ക് എന്നപേരിൽ നാട്ടിൽ കൂടെ നടക്കുന്ന സന്തത സഹചാരിയാണ് ഹരിയുടെ ഈ പറയുന്ന ആത്മമിത്രം . ‘ഒരിക്കലും അകലില്ലെടാ’ എന്ന് മനസ്സുകൊണ്ട് മാത്രമല്ല എല്ലാത്തരത്തിലും വാക്ക് കൊടുത്ത് മുന്നോട്ട് പോകുന്ന ഹരിയുടെ ജീവിതത്തിലെ അപൂർവ്വം സമ്പാദ്യങ്ങളിൽ ഒന്ന് .

ഏത് പാതിരാത്രിയിലും ഒരു വിളിയിൽ അവൻ വരും . നാട്ടിലെ ചേലക്കര കൂട്ടായ്‌മയോടൊപ്പം

‘break the chain ‘
എന്ന പദ്ധതി തുടക്കമിട്ട നേതൃത്വങ്ങളോടൊപ്പം വീട്ടിൽ പോയി അമ്മയ്ക്കും മക്കൾക്കും സാനിറ്റൈസർ കൊടുത്ത് മോളുടെ ശാഠ്യത്തിനുവഴങ്ങി അവളെയും കൂട്ടി ഫോട്ടോ എടുത്ത് അയച്ചു തന്നതും കോറോണ കാലത്ത് മറക്കാൻ കഴിയാത്ത ചിലതുകളിൽ ഒന്നായിരുന്നു

ഒന്നും പറയാതെ കൊറോണക്കാലത്ത് വീട്ടിലെത്തി ആവശ്യമുള്ള കാര്യങ്ങൾ അറിഞ്ഞ് എല്ലാം പ്രവാസത്തിലേക്ക് വിളിച്ച് പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ അലതല്ലുന്ന ആഹ്‌ളാദം കൊറോണയെപ്പോലും ശരീരത്തിൽ നിന്നോടിക്കാൻ കഴിയുന്ന പ്രതിരോധശേഷിയാണ് ഹരിക്ക് നൽകിയത് .

ദിവസങ്ങൾ ഇത്രയായിട്ടും മടിയോ മടുപ്പോ ഇല്ലാതെ തുടരുന്ന പ്രക്രിയ . എല്ലാ സുരക്ഷാ നിർദേശങ്ങളും പാലിച്ച് പ്രവാസിയായ സുഹൃത്തിന്റെ വീട്ടാവശ്യങ്ങൾക്ക് വേണ്ടി ഓടിനടക്കുന്ന നാട്ടിലെ മിത്രം .

കോറോണയാണെങ്കിലും അടുത്ത് വന്നിരുന്ന് പരിചരിക്കാൻ കിട്ടുന്ന ജീവിത സൗഭാഗ്യം. ഇതൊക്കെ തന്നെയല്ലേ ആത്മ സൗഹൃദങ്ങൾ ആണെന്ന് പറയുന്നത് .

ആരെല്ലാം ഒറ്റപെടുത്തുമ്പോളും മനസ്സും ശരീരവും വിട്ടുകൊടുക്കാൻ കഴിയുന്ന ആത്മബന്ധങ്ങൾ തന്നെയല്ലേ യഥാർത്ഥത്തിൽ സൗഹൃദങ്ങൾ . മുഖംമൂടി ധരിക്കാതെ കൂടെ കൂട്ടിയപ്പോൾ ജീവിതത്തിൽ ഇത്രകാലം കൂടെ ഉണ്ടാകുമെന്ന് ഇരുവരും ചിന്തിച്ചുകൂടി കാണില്ല .

നിയോഗമായി അവതരിക്കുന്ന ചിലരുണ്ട് ഓരോരുത്തരുടെയും ജീവിതത്തിൽ . പ്രകൃതിയും, മനുഷ്യനും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പ്രപഞ്ചത്തിൽ ആത്മബന്ധങ്ങൾ നിസ്വാർത്ഥമായി അനശ്വരമായി നിലകൊള്ളുമെന്ന് സാക്ഷ്യപ്പെടുത്തി ഹരി പ്രവാസത്തിലും ഷഫീക്ക് നാട്ടിലുമായി കോറോണയുടെ ഭീതിയെ പരസ്പരം പങ്കുവെച്ച് ദിനരാത്രങ്ങൾ തള്ളിനീക്കുകയാണ് .

×