കോവിഡിനുശേഷം ലോകം

Tuesday, March 31, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

വാഹനങ്ങളുടെ തിരക്കുകളില്ലാതെ , അമിതവേഗമില്ലാതെ നിറപ്പകിട്ട് കുറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പട്ടണമെന്ന പേരുമാത്രമുണ്ടായിരുന്ന നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ തരുന്ന കാഴ്ച ആസ്വദിക്കാം.

അംബര ചുംബികളായുള്ള കെട്ടിടങ്ങൾ പലതും നിറം മങ്ങിയും , പക്ഷി കാഷ്ഠങ്ങൾ നിറഞ്ഞും നിൽക്കുന്നു. വഴിയോരങ്ങൾ നിറയെ ചുണ്ടുകളിൽ കൃത്രിമത്വം കാണാത്ത വരണ്ട ചിരിയോടെ നിത്യവൃത്തിക്ക് പലരെയും പ്രതീക്ഷിക്കുന്ന സ്ത്രീകൾ നിരനിരയായിട്ടുണ്ട് .

അഭിസാരികയാണെന്നും ഉപജീവനത്തിനാണെന്നും പറയാൻ മടികാണിക്കാത്ത തുറന്ന മനസ്സോടെയാണ് ആ നിൽപ്പെന്ന സത്യം അടുത്തുചെന്നറിഞ്ഞു.

വഴിയോര കച്ചവടക്കാർ സന്തുഷ്ടരാണ് . ഹൈജിൻ കഫറ്റീരിയകളെ നോക്കി നടന്നപ്പോൾ പലതും നാലുചക്രവണ്ടിയിൽ ഒതുങ്ങിപോയിരിക്കുന്നു . തൊപ്പിവെച്ചും പേരടിച്ച ഷെഫ് വസ്ത്രമണിഞ്ഞു നടന്നിരുന്ന പാചകവിദഗ്തർ ആണ് പല നാലുചക്ര വണ്ടിയുടെ നടത്തിപ്പുകാരെന്നറിഞ്ഞു .

സാധാരണ വേഷവിധാനത്തോടെ ആളുകളെ പ്രതീക്ഷിച്ചു കടയിലെ ഭക്ഷണങ്ങളുടെ പേരെടുത്ത് വിളിച്ചു പറയുകയാണ് . ശീതീകരിച്ച ബസ്‌സ്റ്റേഷൻ കാണാനില്ല . ആളുകളെല്ലാം സാധാരണക്കാർ ആയിരിക്കുന്നു .

തോളോട് തോൾചേർന്ന ആളുകളുണ്ട് . ഉള്ളവർ മുഖത്ത് നോക്കി പരസ്പരം സംസാരിക്കുന്നുണ്ട് . കോട്ടും സ്യൂട്ടും ഇട്ട വസ്ത്ര ധാരികൾ വിരളം . കൊന്തയിട്ടവരും നിസ്കാരത്തഴമ്പുള്ളവരും ചന്ദനകുറിയിട്ടവരും ഒരുമിച്ച് തോളിൽ കയ്യിട്ട് നിൽക്കുന്നു .

അംബരചുംബികളായ പള്ളിയോ , മോസ്‌കോ കൂടാതെ സ്വർണ്ണം പൂശിയും കൊത്തുപണികളും നിറഞ്ഞ അമ്പലമോ കാണുന്നില്ല . മഹാന്മാരുടെ സന്ദേശങ്ങൾ സ്വർണ്ണ ലിപികളിൽ എഴുതി പ്രദർശിപ്പിക്കുന്ന കമാനങ്ങൾ കാണുന്നില്ല.

വഴിയോരത്തെ ശീതീകരിച്ച വിദേശ മദ്യശാലകൾക്ക് പകരം ചാരായം പ്രത്യക്ഷമായിരിക്കുന്നു. ആഡംബരത്തിന്റെ കാൻഡിൽ ലൈറ്റ് അപ്രത്യക്ഷമായിരിക്കുന്നു. പകരം ഓട്ടു മണ്ണെണ്ണ വിളക്കുകൾ പ്രത്യക്ഷമായിരിക്കുന്നു.

മാറ്റി നിർത്തിയിരുന്ന പലതും നഗരത്തിൽ ഇന്ന് ആവേശത്തോടെ തിരിച്ചെത്തിയിരിക്കുന്നു. ജനങ്ങൾ മനുഷ്യരായിക്കുന്നു.

ശ്വാസം വലിച്ചുവിടാൻ ഭയം തോന്നുന്നില്ല. ആരോടും സംസാരിക്കാൻ വൈമുഖ്യം കാണുന്നില്ല. എല്ലാവരുടെയും ഭാഷയും ഒന്നായിരിക്കുന്നു. പ്രത്യക്ഷത്തിൽ പറഞ്ഞാൽ എല്ലാവരും ഒരുപോലിരിക്കുന്നു. എല്ലാവരും പിറന്നത് ഒരു യോനിയിൽനിന്നെന്നപോലെ പ്രതീതി.
കാലത്തിന്റെ ശക്തി. പ്രകൃതിയെന്ന ഈശ്വരൻ.

അറിയുന്നപോലെ ആ ഈശ്വരനോട് പ്രാർത്ഥിക്കാം. വിധിക്ക് മറുവിധിയുണ്ടെന്ന് അശരീരി പറയുന്നപോലെ പോലെ മനുഷ്യർക്ക് തരുന്ന ഉണർവ്വ്. ആരും ആരെയും ഭീതിപെടുത്താതെ കാലം കടന്നു വന്നിരിക്കുന്നു. പ്രതീക്ഷകളോടെ ഇനിയും ലോകം ഇവിടെ അവശേഷിക്കാൻ. മനുഷ്യർക്ക് മനുഷ്യരായി ജീവിക്കാൻ.

കാലമേ ,
നീ തന്നെ ശക്തി
നീ തന്നെ സ്ഥിതി
നീ തന്നെ സംഹാരം
നീ തന്നെ സർവ്വവും …..

×