Advertisment

ലോക്ക് ഡൌൺ ഡയറി കുറിപ്പുകൾ: കൊറോണക്കാലത്ത് പറ്റിയ അമളി

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

Advertisment

publive-image

കൊറോണ വൈറസ് ആക്രമണത്താൽ ലോകത്താകമാനമുള്ളവർ ഭയചകിതരായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അറബ് രാജ്യങ്ങളിലെ ഒരു രാജ്യമായ യുഎ ഇയിലെ ദുബായ് നഗരത്തിൽ കൃഷ്ണനും ഭാര്യ ദീപികയും കഴിഞ്ഞ ഒന്നര മാസമായി വർക്ക് അറ്റ് ഹോമിലാണ് .

ഫ്ളാറ്റിലെ മുറിയിൽ പരസ്പരം ഓരോന്ന് പറഞ്ഞും, കുട്ടികളായി കളിച്ചും പോകുന്നുണ്ടെങ്കിലും മനസ്സ് അടിവേരിളക്കി കടന്നുപോയിക്കൊണ്ടിരിക്കുകയാണ് .ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്ര രണ്ടുപേർക്കും ഉത്കണ്ഠകൾ സമ്മാനിക്കുന്നുമുണ്ട് .സമീപസ്ഥരായി ആരുമില്ലാതെയായി . ദിനചര്യകൾ എല്ലാം ഒരേപോലെ ആയിരിക്കുന്നു .

ജീവിത പ്രാരാബ്ധങ്ങളിൽ ജീവവായു പോലെ സന്തത സഹചാരിയായി ദീപികയുള്ളതാണ് കൃഷ്‌ണന്റെ ആകെയുള്ള ആശ്വാസം.വർക്ക് അറ്റ് ഹോം മാനസികമായി ഉന്മേഷം രണ്ട് പേർക്കും നൽകിയിരുന്നില്ല . മനസ്സിനൊരു സ്വസ്ഥത കിട്ടുന്ന ദിവസങ്ങൾ വെള്ളിയാഴ്ചകൾ മാത്രമായി മാറിയിരിക്കുന്നു .

പതിവ് പോലെ വന്നണഞ്ഞ അവധിദിനമായ വെള്ളിയാഴ്ച വൈകിത്തന്നെയാണ് ദീപിക ഉണർന്നത് . കൃഷ്ണേട്ടനും മക്കളും എണീക്കുമ്പോഴേക്കും ഫ്രഷായി . ചായവെച്ചിട്ട് കൃഷ്ണേട്ടനെയും മക്കളെയും എണീപ്പിക്കാമെന്ന് കരുതി ചായ വയ്ക്കാനുള്ള തയ്യാറെടുപ്പുകൾക്കായ് ഫ്രിഡ്ജ് തുറന്ന് പാൽ ബോട്ടിൽ നോക്കിയപ്പോളാണ് പാല് തീർന്ന കാര്യം അറിഞ്ഞത്. ഉടനെ കൃഷ്ണേട്ടനെ ഉണർത്തി പാല് തീർന്ന കാര്യം പറഞ്ഞു .

publive-image

തലേദിവസം രണ്ടെണ്ണം അടിച്ച ക്ഷീണം കാരണം എണീറ്റിട്ടും വീണ്ടും കിടന്നു . വീണ്ടും കൃഷ്ണനെ എണീപ്പിച്ചുവിടാൻ നോക്കിയെങ്കിലും കെട്ടു വിട്ടില്ലെന്നറിഞ്ഞ കൃഷ്ണൻ ദീപികയോട് പോയി മേടിക്കാൻ പറഞ്ഞതോണ്ട്  മനസ്സില്ലാമനസ്സോടെ ദീപികയ്ക്ക് പാലുമേടിച്ച് കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കേണ്ടിവന്നു .

ഫ്ലാറ്റിനടുത്തുള്ള മദീന സൂപ്പർ മാർക്കെറ്റിലേക്ക് കൊറോണ വൈറസ് പ്രതിരോധം സ്വയം തീർത്ത് മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി ഇറങ്ങി . കൃഷ്ണൻ വിവാഹം കഴിഞ്ഞയുടൻ ദീപികയെ പ്രവാസത്തിലേക്ക് കൊണ്ടുവന്നതാണ് . വന്നിട്ടിതുവരെയും ഒരാവശ്യത്തിനും കടയിൽ പോകേണ്ടിവന്നിട്ടില്ല .എല്ലാം കൃഷ്ണന്റെ ചുമലിലായിരുന്നു .

രാവിലെ ചായ കൃഷ്ണന് നിർബന്ധം ആണെന്ന് നന്നായിയറിയാവുന്നത്കൊണ്ടാണ് കെട്ടൊക്കെ ഇറങ്ങി ശരിക്ക് ഉണരുന്നതിന് മുൻപ് ചായകൊടുക്കാനായുള്ള ആത്മാർത്ഥത കാട്ടിയത്. ആ ആത്മാർത്ഥത ദീപികയുടെ നടത്തത്തെ വേഗത്തിലാക്കി .

കടയിൽ നിറയെ മാസ്കും ഗ്ലൗസും ധരിച്ചവർ . പാലിരിക്കുന്ന ഭാഗം കൗണ്ടറിലുള്ള ആളോട് ചോദിച്ചു മനസ്സാലാക്കി അവൾ അങ്ങോട്ടു നീങ്ങി . ചുമരിനോട് ചേർന്ന നീണ്ട ചില്ലർ കണ്ണിൽ കണ്ടപ്പോൾ സമാധാനമായി .

അതിൽ പാലിരിക്കുന്ന സ്ഥലം കണ്ടെത്താൻ അല്പം വിഷമിച്ചെങ്കിലും മൂലയിൽ അടിയിലിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് കൗണ്ടറിൽ എത്തി പണം നൽകി അതുമായി വീട്ടിലേക്ക് മടങ്ങി .

കൃഷ്ണൻറെ സഹായമില്ലാതെ വലിയൊരു കാര്യം വീട്ടിലേക്ക് വേണ്ടി ചെയ്ത ആവേശത്തോടെ വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിച്ചു . കൃഷ്ണനും മക്കളും എണീറ്റിരുന്നു .

'എന്താണിത്ര നേരം'

എന്തോ അപരാധം ചെയ്തപോലെയുള്ള കൃഷ്ണന്റെ ചോദ്യം അത്രയ്ക്ക് ഇഷ്ടമായില്ലെങ്കിലും കടയിൽ നല്ല തിരക്കാണെന്ന് മറുപടി നൽകി അവൾ പതിക്ക് ഉണർവ്വേകാൻ പുലർകാലേയുള്ള ചായ ഉണ്ടാക്കാനുള്ള കാര്യങ്ങളിലേക്ക് പ്രവേശിച്ചു .

കൃഷ്ണൻ ചായയും പ്രതീക്ഷിച്ച് കിടക്കയിൽ മൊബൈലും നോക്കി കിടന്നു . കുട്ടികൾ കളിപ്പാട്ടങ്ങളുമായി തറയിലും . അടുപ്പിൽ തിളച്ചുകൊണ്ടിരിക്കുന്ന കട്ടൻ ചായയിലേക്ക് കടയിൽനിന്ന് കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ഒരു ഗ്ലാസ് പാൽ ഒഴിച്ച് അടുപ്പിന്റെ തീ കുറച്ച് മാറി നിന്നു.

അല്പം നേരം കഴിഞ്ഞ് തിളച്ച് പൊന്തിവന്ന നേരം ചായപ്പാത്രം വാങ്ങി വെച്ച് പിള്ളേർക്കുള്ള പാൽ ഒന്നരഗ്ലാസ്സ് പകർന്ന് അരഗ്ലാസ്സ് വെള്ളവും ചേർത്ത് തിളപ്പിക്കാൻ വെച്ച് പതിക്കുള്ള ചായ പകരാൻ നോക്കിയപ്പോൾ ചായപാത്രത്തിൽ മുഴുവൻ പാൽ പിരിഞ്ഞപോലെ കിടക്കുന്നു .

വീണ്ടും അടുപ്പിൽ ചായക്ക് വെള്ളം വെച്ച് കുട്ടികൾക്കായുള്ള പാല് തിളയ്ക്കുന്നത് കണ്ട് അതും വാങ്ങിച്ചു വെച്ച് നോക്കിയപ്പോൾ പാത്രത്തിൽ തരി തരി ആയി കണ്ടതും വീണ്ടും പാല് പിരിഞ്ഞിരിക്കുന്നു മനസ്സിലായി . ദീപികയ്ക്ക് അകെ ഭ്രാന്ത് പിടിക്കുന്നപോലായി . വെള്ളത്തിൽ എന്തേലും ചേർന്നുവോ ? .

അങ്കലാപ്പോടെ കൃഷ്ണനെ വിളിച്ച്

'ചായ ശരിയാവുന്നില്ല' .

'പുറത്ത് പോയി കുടിച്ചോ' എന്ന് പറഞ്ഞ് അടുക്കളയിൽ ഭ്രാന്തിളകി നടന്നുകൊണ്ടിരുന്നു .

പതിവില്ലാത്ത ദീപികയുടെ അങ്കലാപ്പോടെയുള്ള വിളിയും പറച്ചിലും കേട്ട് അടുക്കള ഭാഗത്തേക്ക് പോകാത്ത കൃഷ്ണൻ തന്നെ ചായയുടെ കാര്യം ഏറ്റെടുത്തു. തിളച്ച സുലൈമാനിയിൽ പാലൊഴിക്കാൻ ദീപിക കൊണ്ട് വന്ന പാലുള്ള പ്ലാസ്റ്റിക് ബോട്ടിൽ എടുത്തു .

പതിവിലും വിപരീതമായുള്ള ബോട്ടിലിന്റെ കനം കൃഷ്‌ണനെ പുറത്തെ ലേബലിലേക്ക് കണ്ണുകൾ പായിക്കാൻ ഇടയാക്കി . ലേബൽ കണ്ട കൃഷ്‌ണൻ അടുപ്പ് എല്ലാം ഓഫ് ചെയ്തത് ഇട്ടിരുന്ന വസ്ത്രം ധരിച്ച് പുറത്തേക്ക് പോയി .

ദീപിക അകെ വിഷമത്തിലായി . ചെയ്തതിൽ പാകപ്പിഴകൾ എന്തെങ്കിലും ഉണ്ടോന്നു നോക്കി. ഇല്ല എന്നുറപ്പ് വരുത്തി . എന്നാലും എവിടെയോ എന്തോ ഉള്ളത് പോലെ അവൾക്ക് തോന്നി .

കൃഷ്ണേട്ടൻ ലേബൽ നോക്കിയപ്പോളാണല്ലോ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതെന്ന് മനസ്സിലാക്കിയ അവൾ പാൽ ബോട്ടിലിന്റെ ലേബൽ ഒന്ന് നോക്കി .

ജീവിതത്തിൽ ഇന്നേവരെ കടയിൽ പോയി ഒന്നും വാങ്ങിശീലമില്ലാതിരുന്ന ദീപിക തന്റെ മണ്ടത്തരം മനസ്സിലാക്കി . വെള്ള പ്ലാസ്റ്റിക് ബോട്ടിലിൽ വരുന്ന വെള്ള നിറമുള്ളതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ച് വാങ്ങിക്കൊണ്ട് വന്നത് കട്ടിയുള്ള മോരായിരുന്നു ( Leban ).

ഇനി കൃഷ്ണേട്ടൻ പാൽ വാങ്ങികൊണ്ടുവന്നതിനുശേഷമുള്ള പുകിലുകൾ ഓർത്ത് മക്കളെയും കൊണ്ട് വിഷണ്ണയായി കട്ടിലിൽ പോയി കിടന്നു. എന്തുണ്ടെങ്കിലും കുടുംബമായി ജീവിക്കുന്നതിന് മുൻപ് ചില പരിശീലനങ്ങൾ അത്യാവശ്യമാണെന്ന് ഷെൽഫിൽ അടുക്കിവെച്ചിട്ടുള്ള സെർട്ടിഫിക്കറ്റുകളെ നോക്കി ആത്മഗതമോതി .

Advertisment