സുകു തോക്കാംപാറയുടെ ‘മുറിവാക്കുകൾ’

സമദ് കല്ലടിക്കോട്
Monday, January 13, 2020

നുഷ്യഹൃദയ സ്‌പന്ദനങ്ങളെ മിഴിവോടെ തൂലികയിലേക്ക് പകർത്തുന്ന സുകു തോക്കാംപാറയുടെ പുതിയ പുസ്തകം ‘പെൺമഷി’ ആസ്വാദകർക്കിടയിൽ ശ്രദ്ധേയമാവുന്നു.

സ്ത്രീപക്ഷമെന്ന് തോന്നാമെങ്കിലും വിമർശിക്കേണ്ട നിലപാടുകളെ നിശിതമായി വിമർശിക്കാനും സാഹിത്യത്തിന്റെ കവിളിൽ പെൺമഷി ഉപയോഗിച്ച് പച്ച കുത്താനും അദ്ദേഹം മടിക്കുന്നില്ല. കണ്മഷി എഴുതാൻ മറന്നുപോയവരെക്കുറിച്ചും,എഴുതിയവരിൽ കണ്ണെരിഞ്ഞ് കലങ്ങിപോയവരെക്കുറിച്ചും, പിന്നെയും കണ്ണീരണിഞ്ഞ് നിശ്ശബ്ദം തേങ്ങിപ്പോയവരെക്കുറിച്ചും എഴുത്തിന്റെ വഴികളിൽ സ്മരിച്ചിരിക്കുന്നു.

ഒരു മനുഷ്യന് താൻ പറയേണ്ടതിനപ്പുറം എന്തൊക്കെയോ ചുറ്റിലുമുള്ള ജീവിതത്തിലുണ്ട് എന്ന സത്യം വിടാതെ പിന്തുടരുമ്പോഴാണ് ഒരാൾ രചനാ വഴികളിലേക്ക് കടന്നു ചെല്ലുന്നത്. എണ്ണമറ്റ എഴുത്തുകൾ.. മൂന്ന് കവിതാ സമാഹാരങ്ങൾ.. മുറിവാക്കുകൾ(രോഹിണി പബ്ലിക്കേഷൻസ്), ക്ലാസ്മുറിക്കവിതകൾ (ബ്രില്യന്റ് ബുക്സ്), പെൺമഷി (ചിത്രരശ്മി ബുക്സ്).

ഹൃദയത്തിൽ പ്രണയത്തിൻ മറുകുള്ളവർക്കായ് സമർപ്പിച്ച ഇരുന്നൂറോളം കവിതകൾ ഉൾക്കൊള്ളുന്ന ‘മുറി വാക്കുകൾ ‘ പുതിയ അർത്ഥങ്ങളും അനുഭൂതികളും സൃഷ്ടിക്കുന്നവയാണ്.

സ്കൂൾ പഠനകാലത്തെ വിഷയങ്ങളും, പഠനോപകരണങ്ങളും മറ്റും ഇന്നത്തെ ചിന്താഗതിക്കനുസരിച്ച് വിലയിരുത്തുന്നതാണ് ഗൃഹാതുരത്വമുണർത്തുന്ന ‘ക്ലാസ്മുറിക്കവിതകൾ’. ഒരിക്കൽ വായിച്ചാൽ വീണ്ടുംവായിക്കാൻ തോന്നുന്ന തത്വശാസ്ത്രങ്ങളും വ്യാഖ്യാനങ്ങളും, തിരിച്ചറിവുകളും.

ഹൃദ്യവും മനോഹരവും കയ്യടക്കവുമുള്ള ഭാഷയിൽ അവതരിപ്പിക്കാനുള്ള കഴിവാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കോട്ടക്കൽരാജാസ് ഹൈസ്‌കൂളിലും മലപ്പുറം ഗവ.കോളേജിലും പഠനം. പഠിച്ചിരുന്ന കാലത്ത് തന്നെ കവിതയിൽ ഭ്രമിച്ചു തുടങ്ങി.

ആർമിയിൽ ഉദ്യോഗസ്ഥനായിരിക്കെ ഇന്ത്യയിൽ പോകുന്നിടത്തെല്ലാം കവിതയെ കൂടെ കൊണ്ടു നടന്നു. ജീവിതവും ജോലിയും കവിതയും സമന്വയിച്ച വിവക്ഷിതങ്ങൾ. കാവ്യനിർമിതിക്കായുള്ള പരിശ്രമം കൂടുതൽ ഫലംകണ്ടു. അപ്രകാശിതമായവയടക്കം ആയിരത്തോളം കവിതകൾ. ഇപ്പോൾ കഥകളിലേക്കും ‘മുഖാരി ‘ എന്ന ഹ്രസ്വ സിനിമയ്ക്ക് കഥയും തിരക്കഥയുമെഴുതി കലയുടെ പുതുവഴികളിലേക്കും കടന്നു വരുന്നു.

ദാർശനിക വ്യഥകൾക്കും സാമൂഹിക ഉദ്ബോധനങ്ങൾക്കുമപ്പുറം കാലത്തിനനുസരിച്ച് പരിണമിക്കപ്പെടുന്ന സൃഷ്ടികൾ.. പ്രണയം ഒരു ദാർശനിക വെളിപാടാകുന്ന ഊർവരമായ കാഴ്ച സുകു തോക്കാംപാറയുടെ കവിതകളിൽ നിഴലിക്കുന്നുണ്ട്.

എന്നാൽ പ്രണയത്തിന്റെ മാത്രം കവിയല്ല സുകു. ഒരു കവിയെ ഏതെങ്കിലും ഒരു മനുഷ്യാവസ്ഥയുടെ മാത്രം കവി എന്ന് വിളിക്കരുതല്ലോ. സാമൂഹ്യ വിമർശനം നടത്തുന്ന, സമകാലിക സംഭവങ്ങളിൽ ഉൾപ്പൊട്ടലുണ്ടാകുന്ന ഒരു മനസ്സിന്റെ ഉടമ.ആർദ്രവും അർത്ഥവ്യാപ്തവുമായ മനസംഘർഷങ്ങളുടെ ഹൃദ്യമായ ഒരു രേഖാചിത്രം എവിടെയും കാണാൻ കഴിയുന്നുണ്ട്.

ആത്മാർത്ഥമായ മനുഷ്യത്വത്തിന്റെ പ്രകാശ കിരണങ്ങൾ കാവ്യ ജീവിതത്തിൽ പ്രസരിപ്പിക്കാനായതാണ് ഈ രചയിതാവിന്റെ പുണ്യം. വായനയുടെ എല്ലാഘട്ടത്തിലും വിസ്മയം അവശേഷിപ്പിക്കുന്നവയാണ് സുകുതോക്കാംപാറയുടെ പുസ്തകങ്ങൾ.

ഭാഷാപ്രയോഗത്തിന്റെ മനോഹരമാതൃക കൂടിയാണ് ഓരോ പുസ്തകവും. എല്ലാ കവിതകളും-ലേഖനങ്ങളും കുറിപ്പുകളുമുൾപ്പെടെ-പലകുറി വായിക്കാൻ പ്രേരിപ്പിക്കുന്ന തത്വങ്ങൾ ഉള്ളവ. അനുഭാവപൂർണമായും ദയാർദ്രതയോടെയുമാണ് ഇദ്ദേഹം കഥാപാത്രങ്ങളെ പരിചരിക്കുന്നത്. ആശയങ്ങളെ പരിവർത്തിപ്പിക്കുന്നത്.

ഹൃദയത്തിൽ ആരോ വന്ന് സ്നേഹത്തോടെ മൃദുലമായി തൊടുന്നതായി അനുഭവപ്പെടും പെൺമഷിയിലെ പ്രണയ കവിതകൾ. ലോകത്തെവിടേക്കും ബാധകമായ ‘ വാക്യവും വ്യാഖ്യാനവുമാണവയിൽ.

പ്രൊഫ:ഹൃദയകുമാരി സ്മാരക പുരസ്കാരം , പ്രതിഭാ പുരസ്ക്കാരം, വിചാര രത്‌ന പുരസ്ക്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ. 2012മുതൽ എസ്.ബി.ടിയിലും ഇപ്പോൾ എസ്ബിഐ യിലും ജോലി ചെയ്യുന്നു. ഭാര്യ : സുനിത.

×