Advertisment

മേമനെകൊല്ലി (നോവൽ ഭാഗം -9)

New Update

സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു് ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന് സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും.

Advertisment

വൈകുന്നേരങ്ങളിൽ മിക്കവാറും ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും ജെയിംസ് ബ്രൈറ്റും മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു് പോകാറില്ല. അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.

publive-image

ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും. ചിലപ്പോൾ കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ് വരെ പോകും.അവിടെ നിന്നാൽ അങ്ങ് കടലിൽ വരിവരിയായി മതിലുകൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ കാണാം.വേലിയേറ്റ സമയങ്ങളിൽ തിരകൾ അവയിൽ പളുങ്കുമണികൾ വിതറുന്നതും നോക്കി ബ്രൈറ്റ് എത്ര സമയം വേണമെങ്കിലും നിൽക്കും.

അങ്ങ് ദൂരെ കടലിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ ഇറങ്ങുന്നു.

"ഹലോ ജെയിംസ്". ബ്രൈറ്റ് തിരിഞ്ഞുനോക്കി.

"ഹലോ"

കുഞ്ചുവിൻ്റെ കേസ് അറ്റൻഡ് ചെയ്ത സ്റ്റേഷൻ ഓഫീസർ ആണ്.

സംസാരത്തിനിടയിൽ കുഞ്ഞിരാമൻ്റെ കേസും ചർച്ചാവിഷയമായി.

"ആ കേസ് ആരോ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്‌ പോലെ തോന്നുന്നുണ്ട്.രണ്ടു ദൃക്‌സാക്ഷികൾ ഉള്ളതായിട്ടാണ് അറിവ്. പുറത്തു് അറിയില്ലെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് ".

ജെയിംസ് ബ്രൈറ്റിന് പുതിയ അറിവായിരുന്നു അത്.എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.ഒരാവേശത്തിന് ചെയ്തതാണ്.ഇപ്പോൾ താനാണ് അതിനു പിന്നിൽ എന്ന് പലർക്കും അറിയാമെന്നു തോന്നുന്നു.

കുറച്ചു നേരം സംസാരിച്ചതിനുശേഷം അയാൾ പോയി.

ആരായിരിക്കും ഇതിന് പിന്നിൽ?ശങ്കരൻ നായർ?ഡാനിയേൽ വൈറ്റ് ഫീൽഡ്?

അടുത്ത ദിവസം തലശ്ശേരി മൈസൂർ റെയിൽവേയുടെയും റോഡിൻ്റെയും പ്ലാനും മറ്റു വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് പൂർത്തിയാക്കി ശങ്കരൻ നായർ ബ്രൈറ്റിനെ ഏൽപ്പിച്ചു.

റിപ്പോർട്ട് വായിച്ചു് നോക്കിയ ബ്രൈറ്റിന് സന്തോഷം അടക്കാനായില്ല.

"വെരി ഗുഡ് മിസ്റ്റർ നായർ ,വെരി ഗുഡ് ,മിസ്റ്റർ നായർ"എന്ന് പലതവണ ബ്രൈറ്റ് പറഞ്ഞുകൊണ്ടിരുന്നു.

സന്തോഷം സഹിക്കവയ്യാതെ ബ്രൈറ്റ് ഒരു ഹൗസ് പാർട്ടി എല്ലാവർക്കും വേണ്ടി അറേഞ്ച് ചെയ്തു.

എന്നാൽ നായർ പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായില്ല.

നായർ പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് തന്നെ അപമാനിച്ചതിന് തുല്യമായിട്ടാണ് ബ്രൈറ്റിന് തോന്നിയത് "നായർ തൻ്റെ കീഴിലുള്ള ജോലിക്കാരനാണ്,അയാൾ തന്നെ അനുസരിക്കേണ്ടവനാണ്.ഇപ്പോൾ ഈ ഇന്ത്യക്കാരൻ തന്നെ നിയന്ത്രിക്കാൻ വരുന്നു." ഇങ്ങനെ പോയി ബ്രൈറ്റിൻ്റെ ചിന്തകൾ.

എങ്കിലും ബ്രൈറ്റ് തൻ്റെ ഭാവമാറ്റം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു.

നായർ കൊടുത്ത പ്ലാനിലും റിപ്പോർട്ടിലും ബ്രൈറ്റ് ചെറിയ മാറ്റങ്ങൾ വരുത്തി.റിപ്പോർട്ട് മൈസൂരിൽ ബ്രിട്ടീഷ് കമ്മീഷണർ സർ കബൂൺ മൺട്രോയ്ക്ക് നേരിട്ട് സബ്ബ്‌മിറ്റ്‌ ചെയ്യാൻ നായരെ ഏൽപ്പിച്ചു.

റിപ്പോർട്ടിൽ താനൊഴിച്ചു മറ്റു ആരുടേയും പേരുകൾ വരാതിരിക്കാൻ ബ്രൈറ്റ് പ്രത്യകം ശ്രദ്ധിച്ചു.

ഈ പ്രൊജക്റ്റ് തൻ്റെ ആശയമാണ്.അതിൽ മറ്റാരും അവകാശം പറയാൻ പാടില്ല.

തലശ്ശേരി മൈസൂർ റെയിൽവേ ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം. അതായിരുന്നു അയാളുടെ മനസ്സിൽ.

എന്നാൽ ഇത് വെറും ഒരു പ്രാരംഭ പഠനം മാത്രമാണ്. സൈറ്റ് ഇൻസ്‌പെക്‌ഷൻ നടത്തി പ്ലാൻ,എസ്റ്റിമേഷൻ കോസ്റ്റിങ് എല്ലാം, ഈ റിപ്പോർട് അപ്പ്രൂവ് ചെയ്തതിനു ശേഷം നടത്തണം.

ഈസ്റ്റ് ഇന്ത്യ റയിൽവേ കമ്പനി അംഗീകരിച്ചു ആവശ്യമായ തുക അനുവദിക്കണം.അങ്ങിനെ ദീർഘമായ നടപടിക്രമങ്ങൾ ഇനിയുമുണ്ട്.ഒരു സിവിൽ എൻജിനീയർ ആയ ജെയിംസ് ബ്രൈറ്റിന് ഇതെല്ലാം അറിഞ്ഞുകൂടാഞ്ഞിട്ടല്ല.എന്നാലും........

കുടകിൻ്റെ ഭരണ നിർവ്വഹണം നടത്തിയിരുന്നത് മൈസൂർ ഉള്ള റസിഡന്റ് ആയിരുന്നു.എന്നാൽ മൈസൂർ ഭരിക്കുന്നത് വടയാർ രാജ വംശമാണ്.മൈസൂർ ഭരണം ബ്രിട്ടീഷ് നേതൃത്വത്തിൽ വടയാർ രാജാക്കൻമാർ ആണ് നടത്തി വന്നിരുന്നത്.

രാജഭരണത്തിൽ ജനക്ഷേമത്തിനായി കാര്യമായി ഒന്നും ചെയ്തിരുന്നില്ല.ധൂർത്തും അഴിമതിയും മൂലം ജനങ്ങൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു.അത് മനസ്സിലാക്കിയ കണിശക്കാരനും സത്യസന്ധനുമായ ബ്രിട്ടീഷ് കമ്മീഷണർ കബ്ബൺ മൺട്രോ വടയാർ രാജാവിൽനിന്നും ഭരണം ഏറ്റെടുത്തു

ബ്രൈറ്റ് തയാറാക്കിയ തലശ്ശേരി മൈസൂർ റയിൽവേ ലൈനും റോഡും സംബന്ധിച്ച വിവരങ്ങൾ സർ കബ്ബൺ മൺട്രോയ്ക്ക് ശങ്കരൻ നായർ നേരിട്ട് വന്ന് കൊടക്കുകയാണ് ഉണ്ടായത്.

റിപ്പോർട്ടുമായി വന്ന നായരെ വളരെ മാന്യമായി സർ മൺട്രോ സ്വീകരച്ചു,വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എങ്ങിനെയാണ് ബ്രൈറ്റ് ചെയ്തതെന്ന് സർ മൺട്രോ തിരക്കി.താനും നാരായണൻ മേസ്ത്രിയും മേമനും ബൂ വും ചെയ്തതെല്ലാം നായർ വിശദീകരിച്ചു.എന്നാൽ റിപ്പോർട്ടിൽ ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും ബ്രൈറ്റ് നീക്കം ചെയ്തിരുന്നു.

മേമനെയും ബൂ വിനേയും അവരുടെ കോളനിയെയും കുറിച്ച് ചോദിച്ചറിഞ്ഞ മൺട്രോ രണ്ടുമാസം കഴിഞ്ഞു കുടക് സന്ദർശിക്കുന്ന അവസരത്തിൽ അവരെ കാണാനും സഹായങ്ങൾ ചെയ്യാനും താല്പര്യം കാണിച്ചു .

കുടകിലെ വനങ്ങളിൽ ആദിവാസികൾ താമസിക്കുന്നുണ്ട് എന്നത് കബ്ബൺ മൺട്രോയ്ക്ക് ഒരു പുതിയ അറിവായിരുന്നു.

നായരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സംതൃപ്തനായിരുന്നു സർ മൺട്രോ..

നായർ തിരിച്ചു വന്നപ്പോൾ ദീർഘമായ യാത്രകൊണ്ട് ആകെ ക്ഷീണിതനായിരുന്നു. എങ്കിലും എന്തോ ഒരു അസ്വാഭാവികത വീട്ടിൽ വന്നത് മുതലേ നായർക്ക് തോന്നിത്തുടങ്ങി.

ചോദിച്ചിട്ട് ഒന്നും വ്യക്തമായി പറയുന്നില്ല മകൾ ഗീത

".സന്ധ്യ സമയത്തുവീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അവർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി പോയി" എന്നും പറഞ്ഞ കഥ നായർ മുഴുവനും വിശ്വസിച്ചില്ല.നായർ ഒരു കായിക അഭ്യാസിയും മർമ്മ വിദ്ഗ്ധനും ആയിരുന്നു..കുറെ വിദ്യകൾ മകളെയും പഠിപ്പിച്ചിരുന്നു.

അതിക്രമിച്ചു കയറിയ ആളെ അവൾ കീഴ്പെടുത്തിയിട്ടുണ്ടാകണം, നായർ വിചാരിച്ചു.സാധാരണ രീതിയിൽ നായർ പുറത്തെങ്ങാനും പോയിട്ടുവന്നാൽ മകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.ഇത്തവണ അവൾ മൗനം പാലിക്കുന്നതുകൊണ്ട് നായർക്ക് ഉള്ളിൽ അല്പം പരിഭ്രമം ഇല്ലാതില്ല.

മൈസൂരിൽ കബ്ബൺ മൺട്രോയെ കണ്ട വിവരം അറിയിക്കാനായി ഓഫീസിൽ ചെന്നു.

നായർക്ക് ഒരു സംശയം,"ബ്രൈറ്റ്"?

കുഞ്ചു ഒരിക്കൽ ഭിത്തിയിൽ ഉറപ്പിച്ചുവച്ചിരുന്ന കളരിപ്പയറ്റിന് ഉപയോഗിക്കുന്ന വാളും പരിചയും ശങ്കരൻ നായരുടെ കണ്ണിൽപ്പെട്ടു.

ഒരാവേശത്തിൽ അയാളുടെ തല തെറിപ്പിക്കാനാണ് നായർക്ക് തോന്നിയത്.

ബ്രൈറ്റിൻ്റെ കണ്ണുകൾ നായരിലായിരുന്നു.

രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി.

നായർ കൊടുത്ത റിപ്പോർട്ടും പ്ലാനും സർ കബ്ബൺ മൺട്രോ ടെക്‌നിക്കൽ ബോർഡിന് കൈമാറി.റിപ്പോർട്ടിന് അടിയിൽ "വിശദമായ പഠനത്തിനും പരിഗണനക്കും മേമൻ റൂട്ട്സ് കൈമാറുന്നു",എന്നാണ് എഴുതിയത്.

കബ്ബൺ മൺട്രോ യ്ക്ക് വളരെ രസകരമായി തോന്നി ഈ മാർഗ്ഗരേഖയും അതിൻ്റെ പിന്നിലുള്ള പ്രയഗ്നവും.

പിന്നീട് എല്ലാവരും കത്തിടപാടുകളിൽ തലശ്ശേരി മൈസൂർ റയിൽവേ ലൈൻ എന്നതിനു പകരമായി"മേമൻ റൂട്ട്",എന്നു ഉപയോഗിച്ചു തുടങ്ങി.

"മേമൻ റൂട്ട്"എന്ന പദപ്രയോഗം ജെയിംസ് ബ്രൈറ്റിനെ അരിശം കൊള്ളിച്ചു.എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ നീരസം ആരും പരിഗണിച്ചതേയില്ല.

രണ്ടു മാസത്തിനുശേഷം ഈ റിപ്പോർട് അടിസ്ഥാനമാക്കി വിദ്ഗ്ധ സമിതി സൈറ്റ് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.മാക്കൂട്ടത്തിൽ ഉള്ള പാറക്കെട്ടുകൾ ഒഴിവാക്കി പത്തു ഡിഗ്രി ചെരിവുകൊടുത്താൽ ഏകദേശം എട്ടു മൈൽ ദൂരം കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി.

സ്ഥലം സന്ദർശിച്ചു് ഒരു പ്ലാൻ തയ്യാറാക്കി അയച്ചു കൊടുക്കുവാൻ അവർ ആവശ്യപ്പെട്ടു.

ആ കത്ത് കയ്യിൽകിട്ടിയ ജെയിംസ് ബ്രൈറ്റിന് അരിശം സഹിക്കാൻ കഴിഞ്ഞില്ല. മേമനെ അഭിനന്ദിച്ചുകൊണ്ട് ഈ റൂട്ടിനെ മേമൻ റൂട് സ് എന്ന പേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?ഈ പേര് എങ്ങനെയുണ്ടായി?

"ഇത് എൻ്റെ ബ്രെയിൻ ചൈൽഡ് ആണ്.അത് വേറെ ആരും തട്ടി എടുക്കാൻ ഞാൻ സമ്മതിക്കില്ല". അയാൾ പറഞ്ഞുകൊണ്ടിരുന്നു.

റിപ്പോർട്ടിൽ നായരും ദാനിയേൽ വൈറ്റ് ഫീൽഡും ചേർന്ന് എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടാകും എന്ന് ബ്രൈറ്റ് സംശയിച്ചു.

അതിൻ്റെ പേരിൽ ദാനിയേൽ വൈറ്റ് ഫീൽഡും ബ്രൈറ്റും തമ്മിൽ വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു.

സമർത്ഥനും ബുദ്ധിമാനുമായിരുന്നു ജെയിംസ് ബ്രൈറ്റ്.എന്നാൽ അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം അസഹനീയമായിരുന്നു.

ദാനിയേൽ വൈറ്റ് ഫീൽഡ് നടന്ന സംഭവങ്ങൾ, ബ്രൈറ്റിൻ്റെ മോശമായ പെരുമാറ്റം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മദ്രാസിലെ റെസിഡന്റിന് അയച്ചു.അത് മദ്രാസ്സിൽ കിട്ടുന്നതിന് മുൻപ് ജെയിംസ് ബ്രൈറ്റിനെ മേമൻ റൂട്ടിൻ്റെ പ്രോജക്ട് മാനേജർ ആയി പ്രോമോട്ട് ചെയ്തുകൊണ്ടുള്ള ഓർഡർ തലശ്ശേരിയിലേക്ക് അയച്ചിരുന്നു.

മേമൻ ഇടക്കിടക്കു നായരെ കാണാൻ വരും.വരുമ്പോളൊക്കെ എന്തെങ്കിലും നായരും നാരായണൻ മേസ്ത്രിയും കൊടുത്തുവിടും

അവൻ വന്നാൽ ഗീതക്ക് നല്ല ഉത്സാഹമാണ്.അവളുടെ പ്രസംഗം കേട്ട് ചിരിച്ചുകൊണ്ട് അവനിരിക്കും.രണ്ടുപേരും അവരുടെ ഭാഷയിൽ സംസാരിക്കും.എന്നാൽ അവർ രണ്ട്പേർക്കും മറ്റേ ആൾ പറയുന്നത് മനസ്സിലാകുകയുംചെയ്യും.

അവരുടെ ഈ കളി ശങ്കരൻ നായർ കൗതുകത്തോടെ നോക്കിയിരിക്കും.

"നിൻ്റെ മിന്നിക്ക് സുഖമാണോ?"ഗീത ചോദിക്കും.

അവൻ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും.

ആംഗ്യം കാട്ടി മേമൻ എന്തെങ്കിലും തിരിച്ചു ചോദിക്കും.

ഇതെല്ലം നോക്കി അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ബൂ അടുത്തു തന്നെ ഉണ്ടാകും. ആരോടും അടുപ്പം കാണിക്കാത്ത ബൂ, ഗീത വിളിച്ചാൽ ഓടി വരും.

ശങ്കരൻ നായർ തമാശ ആയിട്ടു പറയും,"അവൻ്റെ ആത്മാവാണ് ബൂ"

"ശരിയാ",ഗീത അതിനോട് യോജിക്കും.

പതിവുപോലെ മേമന് നായർ രണ്ടു കുപ്പി മദ്യം കൊടുത്തു.വാങ്ങാൻ അവൻ മടിച്ചു.നായർ ചോദിച്ചു,"എന്തുപറ്റി?"

അവൻ്റെ മുഖത്തെ ചിരി മാഞ്ഞു.അവൻ പറഞ്ഞു,"പോയി".

അവൻ മദ്യം കൊണ്ടുപോയി കൊടുക്കാറുള്ള അവൻ്റെ ഊര് മൂപ്പൻ മരിച്ചുപോയി എന്ന്.

ശങ്കരൻ നായർ ഞെട്ടലോടെ ഓർമ്മിച്ചു,അതെ ആ ഊര് അവസാനിക്കുകയാണ്.പാവം മേമൻ.

മേമൻ ശങ്കരൻ നായരെ ഇടക്കിടക്ക് വന്ന് കാണാറുള്ള വിവരം എങ്ങിനെയോ ബ്രൈറ്റ് അറിഞ്ഞു.അരിശം സഹിക്കവയ്യാതെ ബ്രൈറ്റ് നായരോട് ചോദിച്ചു.

"എന്തിനാണ് അവൻ ഇടയ്ക്കിടെ ഇവിടെ വരുന്നത്?"

നായർ മേമൻ്റെ ദയനീയ അവസ്ഥയും ഊരിലെ അവസ്ഥയും വിശദീകരിച്ചു.

അല്പം ആലോചിച്ചിരുന്നശേഷം ജെയിംസ് ബ്രൈയ്റ്റ് പറഞ്ഞു,"സോറി,എനിക്കറിഞ്ഞുകൂടായിരുന്നു അവൻ്റെ സ്ഥിതി.നമുക്ക് സഹായിക്കാം."

നായർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ബ്രൈറ്റ് അങ്ങിനെ പറയുമെന്ന്.എന്ത് പറ്റി? വിചാരിച്ചിരുന്നപോലെ അത്രയും ദയ ഇല്ലാത്തവനല്ല ബ്രൈറ്റ്.

വിവരം അറിഞ്ഞ നാരായണൻ മേസ്ത്രിയും അത് തന്നെ പറഞ്ഞു "അവിശ്വസനീയം".

ബ്രൈറ്റും നായരും തമ്മിലുള്ള അകൽച്ച ഈ സംഭവത്തോടെ അല്പം കുറഞ്ഞു.ബ്രൈറ്റിൻ്റെ അമിതമായ മദ്യപാനമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് ശങ്കരൻ നായർ സമാധാനിച്ചു..

ഒരാഴ്ച്ചകഴിഞ്ഞു.

നായർ ചില ഓഫിസ് കാര്യങ്ങൾ ബ്രൈറ്റുമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ ഓഫീസർ കയറി വന്നു.

ബ്രൈറ്റ് പറഞ്ഞു,"മിസ്റ്റർ നായർ ബാക്കി നാളെ സംസാരിക്കാം"

നായർ പുറത്തുപോയിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ബ്രൈറ്റ് ചോദിച്ചു,"എന്തെങ്കിലും പ്രശനം?"

"കുഴപ്പമുണ്ട്.കേസ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്"

"എന്താണ് ഒരു മാർഗ്ഗം?"

" അറസ്റ്റിന് സാധ്യതയുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വന്നേക്കാം.അങ്ങേയറ്റം ഒരാഴ്ച എനിക്ക് ഓർഡർ കയ്യിൽ കിട്ടിയാൽ താമസിപ്പിക്കാം.എളുപ്പ വഴി ഇംഗ്ളണ്ടിലേക്കു എന്തെങ്കിലും കാരണം പറഞ്ഞു ലീവ് എടുത്തു പോകുക.പിന്നെ മടങ്ങി വരാതിരിക്കുക."

ജെയിംസ് ബ്രൈറ്റ് ആകെ വിഷമത്തിലായി.

ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കണം.

തൻ്റെ സ്വപ്നമായിരുന്ന തലശ്ശേരി മൈസൂർ റെയിൽവേ മേമൻ്റെ പേരിൽ തന്നെ അറിയപ്പെടും.

ദുഃഖം സഹിക്കവയ്യാതെ ബ്രൈറ്റ് രാത്രി മുഴുവൻ കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടവേളകളിൽ മദ്യപാനവും ഒഴിവാക്കിയില്ല.

പ്രഭാതമായപ്പോൾ ബ്രൈറ്റ് ശാന്തനായി കാണപ്പെട്ടു.

ശങ്കരൻ നായരെ വിളിച്ചു് അടുത്ത ദിവസം സൈറ്റ് ഇൻസ്പെക്ഷനു പോകാൻ തയ്യാറായിക്കൊള്ളാൻ നിർദ്ദേശം നൽകി.

"മേമൻ ഇപ്പോൾ വരാറില്ലേ "?

"ഉണ്ട്.വല്ലപ്പോഴും."

"എന്താ?"

"വെറുതെ".

"അവൻ മിക്കവാറും നമ്മുടെ കൂട്ടുപുഴ വർക്ക് സൈറ്റിൽ വരാറുണ്ട് "

"പുവർ ബോയ്"

ബ്രൈറ്റിന്റെ മനസാന്തരം നായരെ ശരിക്കും അത്ഭുതപ്പെടുത്തി.

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൾ ഒരു കത്തുമായി ഓഫീസ് ബോയ് വന്നു.കത്ത് ബ്രൈറ്റിൻ്റെ കയ്യിൽ കൊടുത്തു.അതിനുപുറത്തു കോൺഫിഡൻഷ്യൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നത് നായരുടെ ശ്രദ്ധയിൽപ്പെട്ടു.

ബ്രൈറ്റ് ഒന്നും പറയാതെ കവർ ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് കോട്ടിനുള്ളിലെ പോക്കറ്റിൽ തിരുകി വച്ചു.

അടുത്തദിവസം സൈറ്റിൽ പോകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി നായർ പോയി.

ബ്രൈറ്റ് ചിന്താമഗ്നനായി അവിടത്തന്നെ ഇരുന്നു.

സൂര്യൻ അസ്തമിക്കുകയും ഇരുട്ടിന് കട്ടികൂടി വരുകയും ചെയ്തത് ജെയിംസ് ബ്രൈറ്റ് അറിഞ്ഞില്ല.

ഓഫീസ് ബോയ് വന്നു വിളിക്കുന്നവരെ അതെ ഇരിപ്പ് തുടർന്നു.

(തുടരും)

Advertisment