Advertisment

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ (നോവല്‍ ഭാഗം - 2)

author-image
ജോൺ കുറിഞ്ഞിരപ്പള്ളി
Updated On
New Update

ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജി നഗറിലുള്ള മലബാർ ലോഡ്‌ജ്‌. എന്ന് പറയാം. എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. തൽക്കാലം ഒരു താമസസ്ഥലം വേണം. പിന്നെ ജോലി കിട്ടിയാൽ നോക്കാം എന്ന ഒരു ചിന്തയായിരുന്നു.

മലബാർ ലോഡ്ജിൽ വച്ച് പരിചയപ്പെട്ടവരിൽ ഉണ്ണികൃഷ്ണൻ വളരെ ഡീസൻറ് ആയിരുന്നു. അതിനുംകൂടി തരികിടയായിരുന്നു ഒന്നിച്ചു താമസിക്കുന്ന ജോൺ സെബാസ്റ്റ്യൻ.

Advertisment

എന്റെ കഥ കേട്ട ഉണ്ണികൃഷ്ണൻ പറഞ്ഞു, അവൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന്. അങ്ങിനെ അവൻ പറഞ്ഞ ജോലിയും കാത്തിരിക്കുമ്പോളാണ് ജോൺ സെബാസ്റ്റ്യൻ ഡെക്കാൻ ഹെറാൾഡിൽ വന്ന ഒരു പരസ്യവും ആയി വരുന്നത്.

publive-image

“മാഷേ ഇതൊന്ന് പരീക്ഷിച്ചു നോക്ക്”.

ഡൊമലൂറിലുള്ള NGEF. ൽ നാളെ സ്പോട് ഇന്റർവ്യൂ നടക്കുന്നു.

ഡീറ്റെയിൽസ് നോക്കുമ്പോൾ കൊള്ളാം എന്ന് തോന്നി. ജോലി HR division ൽ അസിസ്റ്റന്റ് ആയിട്ടാണ്.CV യുമായി ഇന്റർവ്യൂ ന് നേരിട്ടു ഹാജരാകണം.

സ്ഥലപരിചയം ഇല്ലാത്തതുകൊണ്ട് ജോൺ സെബാസ്റ്റ്യൻ കൂടെ പോരാം എന്ന് സമ്മതിച്ചു..

കാലത്തുതന്നെ ഞങ്ങൾ റെഡി ആയി, ശിവാജി നഗറിൽ നിന്നും ബസ്സ് കയറി ഡൊമലൂരേക്ക്.

നിർഭാഗ്യവശാൽ ഡൊമലൂരെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനുപകരം HAL സ്റ്റോപ്പിലാണ് ഞങ്ങൾ ഇറങ്ങിയത്. ഒരു ഒരു ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമേയുള്ളൂ. തിരക്കുള്ള സമയമാണ്. എത്ര ശ്രമിച്ചിട്ടും ഒന്നും നിർത്തുന്നുമില്ല.

“നമുക്ക് വല്ല കാറിനും കൈ കാണിച്ചു നോക്കാം ഇനി അരമണിക്കൂറേയുള്ളു, പിന്നെ അവർ ഗേറ്റ് ക്ളോസ്സ് ചെയ്യും”

വേവലാതിപ്പെട്ടു നിൽക്കുമ്പോളാണ് ഒരു പ്രൈവറ്റ് കാർ വരുന്നത് കണ്ടത്. ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കുക തന്നെ. ജോൺ സെബാസ്റ്റ്യൻ റോഡിന് നടുവിലേക്ക് കയറി നിന്നു.

കാർ നിന്നു. വണ്ടി ഓടിച്ചിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരി ആയിരുന്നു.ദേഷ്യപ്പെട്ടു അവർ ചോദിച്ചു.

“വാട്ട് ടു യു വാണ്ട്?”

“മാഡം ഞങ്ങൾക്ക് അടിയന്തിരമായി ഒന്ന് ഡൊമലൂർ വരെ പോകണം. ഞങ്ങളുടെ കാർ ബ്രേക്‌ ഡൌൺ ആയിപോയി. മാഡം ആ വഴിയാണ് പോകുന്നതെങ്കിൽ ഞങ്ങളെ ഒന്ന് ഡൊമലൂർ വിടാമോ?.”അവൻ നല്ല ഫ്ലുവൻറ് ആയി ഇംഗ്ലീഷിൽ സംസാരിക്കും,എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്.

ഇതുപറഞ്ഞിട്ട് അവൻ എന്നെ ആ സ്ത്രീ കാണാതെ കണ്ണിറുക്കികാണിച്ചു.

“എന്നിട്ട് നിങ്ങളുടെ കാർ ഏവിടെ?”

“അതുകണ്ടില്ലേ അവിടെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത്.”

ആരുടെയോ ഒരു കാർ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്നത് അവൻ ചൂണ്ടി കാണിച്ചു.

“എന്താ അത്യാവശ്യം?”.അവർ വിടുന്ന ലക്ഷണമില്ല.

“നോക്കു മാഡം ഇദ്ദേഹം NGEF ൽ HR മാനേജർ ആണ്”.

എന്നെ ചൂണ്ടി അവൻ പറഞ്ഞൂ.”ഞാൻ അസിസ്റ്റന്റും .ഇന്ന് അവിടെ ഒരു ഓപ്പൺ റിക്രൂട്ടിറ്മെന്റ് ഉണ്ട്. ഞങ്ങൾ താമസിച്ചാൽ റിക്രൂട്ട്മെന്റ് എല്ലാം കുഴയും.”

“നിങ്ങൾ HR ൽ മാനേജർ ആണ്?”

“അതെ.”

അല്ലാതെ ഇനിഎന്തുപറയാനാണ്? ആ ദ്രോഹി വായിൽ വരുന്നതുപോലെ തട്ടി വിടുകയാണ്.

അവർ ഒരു കറുത്ത വലിയ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ട് അവരുടെ മുഖഭാവം മനസിലാക്കാൻ വിഷമമായിരുന്നു.

“ശരി ,കയറിക്കോളൂ, ഞാൻ കൊണ്ടുപോയി വിടാം.”

താങ്ക്സ് പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഇരുന്നു

”ഒരു HR manger ആയി ജോലിചെയ്യുന്ന ആൾ റോഡിന്റെ നടുക്കുകയറി നിന്ന് മറ്റുള്ളവരുടെ വാഹനം തടഞ്ഞു നിർത്തുന്നത് അത്ര മരിയാദയൊന്നുമല്ല ”“സോറി മാഡം,അത്യാവശ്യം കാരണം ചെയ്തു പോയതാണ്.സോറി”ഞാൻ പറഞ്ഞു.

പെട്ടന്നാണ് ആ യുവതിയുടെ അടുത്ത ചോദ്യം,”NGEF എന്ത് ഫാക്ടറി ആണ്?എന്താണ് നിങ്ങളുടെ പ്രോഡക്ട്?”

“അത് ഒരു ടെക്സ്റ്റയിൽ മിൽ ആണ്. ലോകത്തിലെ തന്നെ ഏറ്റവും മോഡേൺ ടെക്സ്റ്റെയ്ൽ മിൽ ആണ് ഞങ്ങളുടേത് .”ജോൺ സെബാസ്റ്റ്യൻ പറഞ്ഞു.

“നിങ്ങൾ HR മാനേജർ ആണ് എന്നല്ലേ പറഞ്ഞത്?എനിക്ക് അവിടെ വല്ല ജോലിയും കിട്ടാൻ സാധ്യതയുണ്ടോ?”

ചോദ്യം എന്നോടായിരുന്നെങ്കിലും ജോൺ സെബാസ്റ്റ്യൻ ആണ് മറുപടി പറഞ്ഞത്.

“നിങ്ങൾ CV തരു. ഞാൻ ശ്രമിക്കാം.” ജോൺ സെബാസ്റ്റ്യൻ വിടുന്ന ലക്ഷണമില്ല.

“മാഡം രാവിലെ എവിടെപോകുന്നു?”

“ഷോപ്പിംഗ്”.

“നിങ്ങൾ എന്ത് ലക്കി ആണ് .കാലത്തുതന്നെ ഷോപ്പിങ്”

“ഷോപ്പിംഗ് എന്ന് പറഞ്ഞെങ്കിലും പച്ചക്കറി വാങ്ങാൻ പോകുകയാണ്.”

“ഡാ,തള്ള നമ്മളെ ഒന്ന് വാരിയതാണെന്നു തോന്നുന്നു.ഏതായാലും മലയാളം മനസ്സിലാകില്ലാത്തത് നന്നായി.”

“വാട്ട് ?”

“നതിങ് മാഡം .”

“ശരി ദാ ,ഡൊമലൂർ എത്തി ആ കാണുന്നതല്ലേ NGEF?”അവർ ബോർഡ് ചൂണ്ടി കാണിച്ചു.

“അതെ,താങ്ക്സ് മാഡം .”

“നിങ്ങളുടെ വിസിറ്റിംഗ് കാർഡ് തരൂ. ഞാൻ കോൺടാക്ട് ചെയ്യാം”അവർ എന്റെ നേരെ കൈ നീട്ടി.

ഞാൻ വെറുതെ പോക്കറ്റിൽ തപ്പിയിട്ടു പറഞ്ഞു.

“കൈയ്യിൽ കാർഡ് ഒന്നും ഇല്ല.ജോലിക്ക് HR ൽ വന്ന് എന്നെ കോൺടാക്ട് ചെയ്താൽ മതി.”

“തള്ളക്ക് വിസിറ്റിംഗ് കാർഡ് കിട്ടിയേ അടങ്ങു. ”അവൻ ഒന്നു തോണ്ടി.

ഞങ്ങൾ കാറിൽ നിന്നിറങ്ങി. അവർ വണ്ടി ഓടിച്ചുപോയി

ഞൻ നോക്കുമ്പോൾ അവിടെ ഗെയ്റ്റിൽ NGEF (New Government Electric Factory collabration with AEG ) എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട്.

അതാണ് അവൻ ടെക്സ്റ്റയിൽ മിൽ ആക്കി കളഞ്ഞത്.

അവർ ആ ബോർഡ് കണ്ടോ ആവോ?

ഭാഗ്യത്തിന് അവർ ഗേറ്റിലേക്ക് കാർ കൊണ്ടുവരാതിരുന്നത് നന്നായി.

ഞാൻ ഒരു മിടുക്കനല്ലേ എന്ന ഭാവത്തിൽ അവൻ ചിരിച്ചു.

ആ ചിരി അധികസമയം നീണ്ടു നിന്നില്ല. ഞങ്ങളെ കാറിൽ കയറ്റികൊണ്ടുവന്ന ആ സ്ത്രീ ഗേറ്റിലേക്ക് കാറുമായി വന്നു.

“ചതിച്ചെടാ അവൾ ജോലിക്ക് നിന്നെ അന്വേഷിച്ചു വരുന്നതാണ്. കയ്യിൽ CV യും ഉണ്ട് എന്ന് തോന്നുന്നു.

ഞാൻ വിളറി വെളുത്തു.

“എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ട് അവൻ പറഞ്ഞു.

“ഇനി എല്ലാം നിൻറ്റെ തലവര പോലെയിരിക്കും”.

(തുടരും)

Advertisment