ഒരു മണ്ടൻറെ സ്വപ്നങ്ങൾ (നോവല്‍ – ഭാഗം 7)

ജോൺ കുറിഞ്ഞിരപ്പള്ളി
Thursday, August 8, 2019

കാര്യത്തിൻറെ ഗൗരവം എനിക്ക് മനസ്സിലായപ്പോൾ ഭയവും തോന്നിതുടങ്ങി .സേഠ്‌ജിയുടെ മക്കളിൽ ആരോ ആണ് രാത്രി എന്നെ ഫോണിൽ വിളിച്ചത്. രണ്ടാഴ്ചയായി കളക്ഷൻ സേഠ്‌ജി ഹെഡ് ഓഫീസിൽ അടച്ചിട്ടില്ല എന്ന് തോന്നുന്നു. ചുരുങ്ങിയത് മുപ്പത് കോടി രൂപയെങ്കിലും കാണും. ഓഫീസിലെ അക്കൗണ്ടൻറ ആയ എനിക്ക് അതിനെക്കുറിച്ച് അറിയാമെന്ന് അവർ വിചാരിക്കുന്നു.

സേഠ്‌ ജി മരിച്ചെങ്കിലും അവർക്കു വേണ്ടത് ഇപ്പോൾ ആ പണം ആണ്. എന്നോട് സംസാരിച്ച ആ തടിയൻ്റെ സ്വരത്തിലെ മയം ഇല്ലായ്മ ഞാൻ ശ്രദ്ധിച്ചു. എങ്കിലും പിന്നീട് ആരും എന്നോട് ഒന്നും ചോദിക്കുക ഉണ്ടായില്ല സേഠ് ജിയുടെ ഡെഡ്ബോഡി കൽക്കട്ടയ്ക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരുന്നു.ഇളയമകൻ മാത്രം ബോഡിയുമായി കൽക്കട്ടക്ക് പോകും.ബാക്കിയുള്ളവർ രണ്ടുദിവസം കഴിഞ്ഞു ഓഫിസ് കാര്യങ്ങൾ നേരെ ആക്കിയിട്ടും പോകാം എന്ന് തീരുമാനിച്ചു.

അവർ മക്കൾ ആറുപേരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായത് എവിടെയോ ഒരു വലിയ തിരിമറി നടന്നിരിക്കുന്നു എന്ന് അവർ വിചാരിക്കുന്നു . പണം നഷ്ടപ്പെട്ടിരിക്കുവാൻ സാധ്യതയുണ്ട്. അത് ശരിയാണെങ്കിൽ അക്കൗണ്ടൻറായ ഞാനും അതിനു ഉത്തരം പറയേണ്ടിവന്നേക്കാം, എന്നൊരു തോന്നൽ ശക്തമായി.
ടെൻഷൻ കൂടിവരുന്നത് ഞാനറിഞ്ഞു.

ഇടയ്ക്ക് രണ്ടുമൂന്നു തവണ ശ്രുതിയുടെ ഫോൺ കോൾ വന്നു, തിരിച്ചു വിളിക്കാൻ മെസ്സേജ് വന്നു.  അർജെൻറ എന്ന് എഴുതിയ മെസ്സേജ് വന്നെങ്കിലും തിരിച്ചു വിളിക്കാവുന്ന ഒരു മനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.

വൈകുന്നേരം രാത്രി ഒമ്പതരയ്ക്ക് ഉള്ള ഫ്ലൈറ്റിന് കൽക്കട്ടയ്ക്ക് സേഠ് ജി യുടെ ബോഡി അയക്കണം.
എയർപോർട്ടിൽ ചെല്ലുമ്പോൾ രണ്ടുമണിക്കൂർ ഫ്ലൈറ്റ് ഡിലേയാണ്.ബോഡി അയച്ചു കഴിഞ്ഞു തിരിച്ച് എയർപോർട്ടിൽ നിന്നും ബാംഗ്ലൂർ സിറ്റിയിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. തിരിച്ചുവരുമ്പോൾ മലബാർ ലോഡ്ജിലേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു.പക്ഷേ കാറിലുണ്ടായിരുന്ന സേഠ്‌ജിയുടെ മക്കൾ ഓഫീസിലേക്ക് പോകാൻ എന്നെ നിർബന്ധിച്ചു.

എന്തോ അടിയന്തരമായി അവർക്ക് സംസാരിക്കാൻ ഉണ്ട്.നിർബന്ധം സഹിക്കവയ്യാതെ അവരോടൊപ്പം പോകാൻ ഞാൻ തയ്യാറായി.ഓഫീസിലെത്തി കഴിഞ്ഞപ്പോൾ അവരുടെ സ്വഭാവം മാറി. രണ്ടു ഭാര്യമാരിലും കൂടിയുള്ള ആറു മക്കളും ഒന്നായി,എന്നെ ചോദ്യം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു..

അവർ ചോദ്യങ്ങൾ തുടങ്ങി. സാബ് എവിടെയാണ് പണം സൂക്ഷിക്കാറുള്ളത്? താക്കോൽ ആരുടെ കയ്യിലാണ്?വേറെ ആരൊക്കെ സാമ്പത്തിക ഇടപാടുകൾ നടത്താറുണ്ട്?

അറിയില്ല, എന്ന ഒറ്റ ഉത്തരമേ എനിക്ക്പറയാനുണ്ടായിരുന്നുള്ളു.അവർ അത് കേട്ടതായി നടിച്ചില്ല. മക്കൾ ആർക്കും സേഠ്‌ ജിയുടെ ബിസ്സിനസ്സിനെക്കുറിച്ചു വലിയ വിവരമില്ല,അല്ലെങ്കിൽ അവരുമായി സേഠ്‌ ജി ബിസ്സിനസ്സ് കാര്യങ്ങൾ സംസാരിക്കാറില്ല എന്ന് വ്യക്തമായി. കൽക്കട്ടയിലെ മില്ലുകൾക്കും മറ്റു ഡിസ്ട്രിബ്യൂട്ടർ കമ്പനികൾക്കും കൊടുത്തു തീർക്കാൻ ഉള്ള ഏതാണ്ട് 30 കോടി രൂപയുടെ കണക്ക് അവർ എൻറെ മുമ്പിൽ വച്ചു.

അതായത് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചയായി കൽക്കട്ട യിലേക്കുള്ള പണം അയച്ചിട്ടില്ല. എന്തോ സംഭവിച്ചിരിക്കുന്നു. അവർക്ക് അറിയേണ്ടത് ഈ പണം എവിടെ പോയി എന്നാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഒരാഴ്ചത്തെ 18 കോടി രൂപയെകിലും ഓഫിസിൽ കാണേണ്ടതാണ്.എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ അവരെ അറിയിച്ചു. തന്നെയുമല്ല എനിക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഈ കാര്യം നിങ്ങൾ തീർത്തിട്ട് പോയാൽ മതി എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു കളഞ്ഞു .

ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു , ഞാൻ അവരുടെ തടവിലാണ്. കൂടാതെ ഏതാണ്ട് ഒരു ഡസൻ ആളുകൾ അവരുടേതായി അവിടെയുണ്ട് .അതായത് ഈ പണം കണ്ടെടുത്തു കൊടുക്കേണ്ടത് എൻ്റെ കൂടി ആവശ്യമാണ്. കൂട്ടത്തിലെ തടിയൻ,മൂത്ത മകൻ ,എന്നോട് സൂചിപ്പിച്ചു,പണം എവിടെയാണെന്നും മറ്റുമുള്ള വിവരങ്ങൾ നിൾക്ക് അറിയാതിരിക്കാൻ കാരണമില്ല എന്ന്.

ഞാൻ വാച്ചിൽ നോക്കി. സമയം രാത്രി മൂന്നുമണി.ഭക്ഷണസാധനങ്ങളും കുടിക്കുവാൻ വെള്ളവും കിടന്നുറങ്ങാനുള്ള സൗകര്യവും കൃത്യമായി തയ്യാറാക്കിയിരുന്നു.ഞാൻ പെട്ടു എന്ന് എനിക്ക് മനസ്സിലായി .
രാത്രി നാലു മണിയായപ്പോൾ ശ്രുതി വീണ്ടും വിളിച്ചു.

ഞാൻ ഫോൺ എടുത്തു.അപ്പോൾ മൂത്ത മകൻ തടിയൻ വന്നു മൊബൈൽ വാങ്ങി എന്നിട്ട് പറഞ്ഞു “നമ്മളുടെ ഇടപാടുകൾ തീർത്തിട്ട് പുറത്തുള്ള ആളുകളുമായി സംസാരിച്ചാൽ മതി”, എന്ന് .
ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടും ?അതായി എൻ്റെ ചിന്ത.

ഞാൻ പറയുന്ന കാര്യങ്ങൾ അല്പം പോലും അവർ വിശ്വസിക്കുന്നില്ല. ഞാൻ പറഞ്ഞു,” എൻറെ ഫ്രണ്ട് ആണ് ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ.”
അവർ കേട്ടതായി ഭാവിച്ചതേയില്ല.

ഇനി എന്ത് ചെയ്യാനാണ്? ഞാൻ മിണ്ടാതെ വെറുതെയിരുന്നു. അവരിൽ പ്രായം കുറഞ്ഞ ഒരാൾ അടുത്ത് വന്നു പറഞ്ഞു ,”കിടന്ന് ഉറങ്ങിക്കോളൂ, പക്ഷേ നേരം വെളുക്കുമ്പോൾ ഞങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കണം”. എൻറെ വിഷമ സ്ഥിതി ആരെയെങ്കിലും പറഞ്ഞു അറിയിക്കുവാൻ ഫോൺ പോലും കൈയിൽ ഇല്ലാത്ത അവസ്ഥയായി. ക്ഷീണം കൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിപ്പോയി.കണ്ണു തുറന്ന് നോക്കുമ്പോൾ വാതിൽക്കൽ രണ്ട് പേർ കാവൽ നിൽക്കുന്നു. സമയം ഏഴു മണി ആയിരിക്കുന്നു.

“എന്താണ് വേണ്ടത്?”
ഒരു കാപ്പി ഞാൻ ആവശ്യപ്പെട്ടു. എങ്ങിനെ ഈ ഗുണ്ടകളുടെ ഇടയിൽ നിന്നും രക് ക്ഷപെടാം എന്ന് ആലോ ചിക്കുകയും കാപ്പി സാവധാനം കുടിച്ചു കൊണ്ടിരിക്കുകയുമായിരുന്നു ഞാൻ .

ഒരു പോലീസ് ജീപ്പ് ഓഫീസിൻ്റെ മുൻപിൽ വന്നു നിന്നു.പിറകെ മറ്റൊരു വാനിൽ ,ഏഴ് എട്ടു സൂട്ട് ധാരികളും.എല്ലാവരും പുറത്തിറങ്ങി.അവരിൽ ഒരാൾ വിളിച്ചു പറഞ്ഞു,”ഡോണ്ട് മൂവ്,ഇത് ഡി.ആർ.ഐ.ഡിറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജിൻസ്.ഞങ്ങൾക്ക് നിങ്ങളുടെ ഗോഡൗൺ ചെക്ക് ചെയ്യണം.നിങ്ങളുടെ ബിസിനസ് ഇടപാടുകൾ പരിശോധിക്കണം.എല്ലാവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ഞങ്ങളെ ഏല്പിക്കുക.”

ശരിക്കും ചെകുത്താനും കടലിനും ഇടയിലായി എൻ്റെ അവസ്ഥ.മെയിൻ വാതിലടച്ചു,രണ്ടു പോലീസ്‌കാർ അവിടെ കാവൽ നിന്നു.അവരുടെ ചീഫ് ഓഫീസർ എൻ്റെ അടുത്ത് വന്നിട്ട് പറഞ്ഞു,”നിങ്ങളുടെ കയ്യിലുള്ള താക്കോലുകൾ എവിടെ? അത് ഞങ്ങളെ ഏൽപ്പിക്കുക.”
എന്റെ കയ്യിൽ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വിശ്വാസം വരുന്നില്ല.

പക്ഷേ പെട്ടന്ന് ഒരു ചോദ്യം എൻ്റെ മനസ്സിലേക്ക് ഉയർന്നു വന്നു.സേഠ്‌ ജിയുടെ മരണം,പിന്നാലെ കോടിക്കണക്കിനുള്ള കളക്ഷൻ കിട്ടിയ രൂപ കാണാനില്ല,ഇപ്പോൾ ഇൻടലിജൻസിൻ്റെ റെയ്‌ഡും.ഇത് എല്ലാം തമ്മിൽ എന്തോ ബന്ധമില്ലേ ?ആരും പറയാതെ ഇവർക്ക് അക്കൗണ്ട്സ് ഓഫീസർ ഞാനാണ് എന്ന് എങ്ങിനെ മനസ്സിലായി? ഓഫീസിലെ ആരെങ്കിലും കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഈ റെയ്‌ഡ്‌.

തടിയന്മാർ അഞ്ചുപേരും എന്ത് ചെയ്യണമെന്ന് അറിയാതെ പരസ്പരം നോക്കിനിന്നു.മറ്റൊരു ഓഫിസർ അടുത്തുവന്നു.
“നിങ്ങൾ ക്യാഷ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?”ചോദ്യം കന്നഡയിലാണ്.ഞാൻ പറഞ്ഞു,”എനിക്ക് കന്നഡ അറിയില്ല,ഇംഗ്ലീഷിൽ സംസാരിക്കൂ”
അപ്പോൾ ചോദ്യങ്ങൾ ഹിന്ദിയിലായി.അയാൾക്ക് ഇംഗ്ലീഷ് അല്പംപോലും മനസ്സിലാകുന്നില്ല എന്ന് വ്യക്തമാണ്.

എന്നെ ചോദ്യം ചെയ്യാൻ രണ്ടു പേർ . ഓഫീസിനുള്ളിൽ ഫയലുകൾ നോക്കുന്നു എന്ന ഭാവത്തിൽ രണ്ടുപേർ ക്യാഷ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് തിരയുകയാണ് എന്ന് തോന്നുന്നു.ബാക്കിയുള്ളവർ ഗോഡൗണിൽ സെർച്ച് ചെയ്യുന്നു. ചീഫ് ഓഫീസർ അവിടെ കൂടിനിന്നിരുന്ന ജോലിക്കാരുടെ അടുത്തേക്ക് ചെന്നു.അയാൾ ആരെയും ശ്രദ്ധിക്കാതെ സീനിയർ ക്ലർക്ക് വിജയയുമായി എന്തോപറഞ്ഞു.

അവർ മുൻപ് പരിചയക്കാരാണ് എന്ന് നിസ്സംശയം എനിക്ക് പറയുവാൻ കഴിയും.ആകെക്കൂടി ഒരു പന്തിയില്ലായ്മ എനിക്ക് തോന്നിത്തുടങ്ങി.റെയ്‌ഡ്‌ ചെയ്യാൻ വന്നിരിക്കുന്ന ഈ ഓഫീസർമാർക്ക് നടപടിക്രമങ്ങൾ ഒന്നും അറിയില്ല.
ഓഫീസിൻ്റെ അടച്ചിട്ടിരുന്ന വാതിലിനു പുറത്തു രണ്ടുപോലീസ്‌കാർ കാവൽ നിൽപ്പുണ്ട്.അതുകൊണ്ട് പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ല.ഓഫീസർമാർ എന്തൊക്കെയോ ചോദിക്കുന്നു,എനിക്ക് ഒന്നും മനസ്സിലാകുന്നുമില്ല.

പെട്ടന്നാണ് ഗേറ്റിൽ നിന്നുമൊരു ശബ്ദം കേട്ടത്.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.ജോൺ സെബാസ്ററ്യനും ഫയാസും ഒരു പത്തു പന്ത്രണ്ടുപേരുംകൂടി ഗേറ്റിൽ കാവൽ നിന്നിരുന്ന പോലീസ്‌കാർ രണ്ടുപേരെയും പിടിച്ചുകെട്ടി കൊണ്ടുവരുന്നു.ഫയാസിൻ്റെ കയ്യിൽ നാലഞ്ചു കത്തികൾ.
വളരെ വേഗത്തിൽ ഓഫിസർമാരിൽ ഒരാൾ കൈ സൂട്ടിനു പുറകിലേക്ക് കൊണ്ടുപോകുന്നതുകണ്ട ഫയാസ് മിന്നൽ വേഗത്തിൽ അവൻ്റെ കയ്യിലിരുന്ന കത്തികളിൽ ഒന്ന് അയാളുടെ നേർക്ക് എറിഞ്ഞു. അത് അയാളുടെ വലതു കയ്യിൽ തറച്ചു കയറി. ഏറിൻ്റെ ശക്തിയിൽ അയാൾ താഴെ വീണു വേദന കൊണ്ട് പുളഞ്ഞു

എൻ്റെ അടത്തുനിന്നിരുന്ന, ഞാനുമായി സംസാരിച്ചുകൊണ്ടിരുന്ന ഓഫിസർ നിമിഷനേരം കൊണ്ട് പുറകിൽ ഒളിപ്പിച്ചുവച്ചിരുന്ന റിവോൾവർ പുറത്തെടുത്തു ഫയാസിന്റെ നേരെചൂണ്ടി.പക്ഷെ അല്പം താമസിച്ചുപോയി.
ഫയാസ് എറിഞ്ഞകത്തി അയാളുടെ കയ്യിൽ തറച്ചുകയറി.ജോൺ സെബാസ്റ്റ്യനും രണ്ടുപേരും കൂടി ഓടിച്ചെന്ന് ഗോഡൗണിന് അകത്തുകയറിയവരെ പുറത്തുനിന്നും പൂട്ടിയിട്ടു.

ഫയാസ് പറഞ്ഞു,”ഇവർ പോലീസ് ഒന്നുമല്ല.വേഷം മാറി വന്ന തട്ടിപ്പുകാരാണ് .”
ഫയാസിൻ്റെ കൂടെ വന്നവർ എല്ലാവരേയും അടിച്ചൊതുക്കി.അവർ ഒന്നാന്തരം പ്രൊഫെഷണൽസ് തന്നെ.
.”ജോൺ സെബാസ്റ്റ്യൻ അടുത്തുവന്നു,” നിന്റെ ഭാഗ്യം,ശ്രുതി കാരണം നീ രക്ഷപെട്ടു”

“ആര്?”
“ശ്രുതി .എന്നെ വിളിച്ചുപറഞ്ഞു,നീ ടെലിഫോൺ എടുക്കുന്നില്ല,പതിവുപോലെ എന്തെങ്കിലും ഏടാകൂടത്തിൽ പെട്ടിട്ടുണ്ടാകും എന്ന്.നീ ഇവിടെയാണെന്ന് എനിക്ക് അറിയാമായിരുന്നതുകൊണ്ട് ഫയാസിനെയും വന്ന വഴിക്ക് കൂട്ടി .ഗേറ്റിൽ നിന്ന പോലീസ് വേഷക്കാർ ഫയാസിന്റെ പരിചയക്കാരായിരുന്നു”
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. വിജയയിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ അവർ ഒന്ന് കളിച്ചു നോക്കിയതാണ്.

സേഠ് ജിയുടെ മക്കൾ അഞ്ചുപേരും എന്നെ ദയനീയമായി നോക്കി.ഞാൻ പറഞ്ഞു,”പണം ഇവിടെ എവിടെയെങ്കിലും കാണും. നിങ്ങൾ വിചാരിക്കുന്നതു പോലെ ക്യാഷ് നഷ്ടപ്പെട്ടിട്ട് ഉണ്ടാകില്ല.”

ഞങ്ങൾ സേഠ് ജിയുടെ പ്രൈവറ്റ് റൂമിലേക്ക് കയറി.മേശയുടെ ഡ്രോകൾ അലമാരകൾ തുടങ്ങിയവ ഓരോന്നായി തുറന്നു നോക്കി. ഒരു ഡ്രോയിൽ നൂറിൽകൂടുതൽ താക്കോലുകൾ അടുക്കി വച്ചിരിക്കുന്നു.മറ്റൊരു ഡ്രോയിൽ ഒരു ഡയറിയും ഏതാനും ഫോട്ടോകളും. സുന്ദരിയായ ഒരു യുവതിയും അമ്മയും സേഠ് ജിയുടെ കൂടെ നിൽക്കുന്നു. മൂത്ത മകൻ തലകുലുക്കി,അവർക്ക് അറിയാമെന്നുതോന്നുന്നു. മൂന്നാമത് ഒരു സ്ത്രീയിൽ ഒരു മകളും സേഠ് ജിക്ക് ഉണ്ട് എന്ന്.
ഞാൻ ഡയറി തുറന്നു നോക്കി.

ആദ്യത്തെ വാചകം വായിച്ചപ്പോഴേ ഞാൻ ഞെട്ടിപ്പോയി.”മാത്യു എം.എ. എ നൈസ് ആൻഡ് എഫിഷ്യന്റ് ബോയ് ഫോർ മൈ ഡോട്ടർ……………………..” ആ ഡയറിയിൽ എന്നെ ട്രെയിൻ ചെയ്യുന്നതിനുള്ള പ്ലാനുകൾ, ബിസ്സിനസ്സ് എന്നെ പിന്നീട് ഏൽപ്പിക്കാനുള്ള പദ്ധതികൾ എല്ലാം ദീർഘമായി എഴുതിവച്ചിരിക്കുന്നു. ഇന്ത്യയിലെ ഒരു പ്രമുഖ ഓഡിറ്റോർസ് ആണ് അക്കൗണ്ടുകൾ നോക്കുന്നത്. ഞാൻ വിചാരിച്ചിരുന്നതുപോലെ തട്ടിപ്പ് കമ്പനിയായിരുന്നില്ല റാം അവതാർ. ആൺമക്കൾക്കുള്ള ഓഹരികൾ വരെ കൃത്യമായി എഴുതിവച്ചിരിക്കുന്നു.

ജോൺ സെബാസ്ത്യൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി,”അളിയാ നീ രക്ഷപെട്ടു. പാവം ശ്രുതി, പിന്നേം പെരുവഴിയിൽ. ങ്ഹാ,നീ അറിഞ്ഞു കാണുമല്ലോ, അവൾ നാളെ കാലത്ത് ഫ്ലൈറ്റിന് സ്റ്റേറ്റ്സിലേക്കു പോകും”
“വാട്ട്?”
“അപ്പോൾ നീ അറിഞ്ഞില്ല.ഫോൺ അറ്റൻഡ് ചെയ്യാതെ എങ്ങിനെ അറിയാൻ?”

സേഠ് ജിയുടെ അവിടെ ഉണ്ടായിരുന്ന മക്കൾ അഞ്ചുപേരും ഒന്നിച്ചു എൻ്റെ അടുത്തുവന്നു.ഒരാൾ പറഞ്ഞു,”പപ്പയ്ക് ഒരു മകൾ ഉള്ള കാര്യം ഞങ്ങൾ എല്ലാവര്ക്കും അറിയാം. ഞങ്ങൾക്ക് അവളെ ഇഷ്ടവുമാണ്.ഞങ്ങൾക്ക് ഒരു സഹോദരിയില്ലല്ലോ.അച്ഛൻ വിചാരിക്കുന്നു ഞങ്ങൾ ആൺ മക്കൾ അവളെ ഉപദ്രവിക്കാൻ, വിഷമിപ്പിക്കാൻ സാധ്യതയുണ്ട് എന്ന്. അവളെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല.”

ഗുണ്ടകളുടെ മട്ടും ഭാവവും ആണെങ്കിലും സാധുക്കളും ബിസ്സിനസ്സിനെക്കുറിച്ചു വലിയ വിവരം ഇല്ലാത്തവരുമായിരുന്നു അവർ.
അവർ പറയുന്നത് അവരുടെ കുടുംബകാര്യങ്ങളാണ്. ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല. ഇത് എൻ്റെ വിഷയമല്ല .
“നിങ്ങൾ ഞങ്ങളുടെ സഹോദരിയെ വിവാഹം കഴിച്ചു ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകണം.”
അവരുടെ അപേക്ഷ ആത്മാർത്ഥമാണെന്നു എനിക്ക് തോന്നി.

ഞാൻ ഫോൺ എടുത്തു. ജോൺ സെബാസ്ട്യൻ്റെ ഉച്ചത്തിലുള്ള ചിരി അവിടെ മുഴങ്ങി.
“വിളിക്കടാ ആ സുന്ദരിയെ.ആയിരം കോടി രൂപ ടേൺ ഓവർ ഉള്ള കമ്പനി കണ്ടപ്പോൾ അവൻ്റെ കണ്ണ് മഞ്ഞളിച്ചുപോയി.വിളിക്ക് അവളെ .”ഞാൻ അവൻ്റെ അടുത്തേക്ക് ചെന്നു. അവൻ എന്നെ തുറിച്ചുനോക്കി.

“നിനക്ക് എന്തുപറ്റി? പ്രശനങ്ങൾ എവിടെയുണ്ടന്ന് തേടിപ്പിടിച്ചു തലയിടുന്ന നിനക്ക് ഇതെല്ലാം നിസ്സാരമായിരിക്കും എന്ന് കരുതി.”എൻ്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് അവൻ പറഞ്ഞു,”സമയം കളയാനില്ല.വേഗം വിളിക്ക് ശ്രുതിയെ “.
ഞാൻ മൊബൈലിൽ അവളെ വിളിച്ചു,പലതവണ.
മറുപടി ഇല്ല.

ഈശ്വരാ,അവൾക്ക് വല്ലതും സംഭവിച്ചോ?പ്രസാദ് വീണ്ടും?
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഞാനൊന്ന് വിളിച്ചുനോക്കട്ടെ”:
ആദ്യത്തെ തവണ റിങ് ചെയ്തപ്പോഴേ അവൾഫോൺ എടുത്തു.

 

(തുടരും)

×