“ഈ ചില്ലയിൽ നിന്ന് കൗമാര കാലത്തിലേക്ക് പറക്കാം” – പി ശ്രീകലയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു

ഗള്‍ഫ് ഡസ്ക്
Saturday, November 30, 2019

“ഓർമകൾ കൊണ്ട് മാത്രം തളിരിടുകയും പൂക്കുകയും അതിജീവിക്കുകയും ചെയ്യുന്ന മനുഷ്യാവസ്ഥയാണ് പ്രവാസം.” മലയാളത്തിന്റെ പ്രിയ പ്രവാസി എഴുത്തുകാരൻ ബെന്യാമിൻ ഈ പുസ്തകത്തിന്റെ അവതാരികയിൽ എഴുതി.

മണ്ണായും വെള്ളമായും വായുവായും പ്രവാസിയെ ജീവിപ്പിക്കുന്നത് ഈ ഓർമകളാണ്. സ്വന്തം മണ്ണിൽ നിന്ന് വേരോടെ പറിച്ചെടുത്തു മറ്റൊരിടത്തെ ചെടിച്ചട്ടിയിൽ നിക്ഷേപിക്കുന്നതു പോലെയുള്ള ഈ അവസ്ഥ കൊണ്ടാണ് പ്രവാസിക്ക് ഓണവും മഴയും വിഷുപ്പുലരിയിലെ പടക്കങ്ങളും എന്നും പ്രിയപ്പെട്ടവയാകുന്നതും.

ജീവിതത്തിന്റെ രണ്ടാം പകുതിയിൽ കണ്ടു മുട്ടിയ ചില മുഖങ്ങളെ, സംഭവങ്ങളെ ഓർമകളുടെ നിറങ്ങളിൽ ചാലിച്ചു അക്ഷരങ്ങളിലൂടെ വരക്കാൻ ശ്രമിക്കുകയാണ് പി ശ്രീകല തന്റെ ആദ്യ പുസ്തകത്തിലൂടെ.

ഗൃഹാതുരത്വം നിറഞ്ഞ വെറും പഴംകഥ പറച്ചിലുകൾക്ക് അപ്പുറം ജീവിതത്തിന്റെ സങ്കീർണതകളെ, പളപളപ്പാർന്ന ഗൾഫ് ജീവിതത്തിൽ അധികമാരും കാണാത്ത നിറം മങ്ങിയ ചിത്രങ്ങളെ , വേദനകളെ, അതിജീവനങ്ങളെ… തന്റേതായ കാഴ്ചപ്പാടിലൂടെ കാണുകയും ഹൃദയത്തിന്റെ രാഷ്ട്രീയം തുറന്നു പറയുകയും അത് ഹൃദ്യമായ ഭാഷയിൽ ലളിതമായി പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്നു .

പെട്ടെന്നൊരു നാൾ പ്രവാസ ഭൂമികയിലേക്ക് പറിച്ചു നടപ്പെട്ട ഒരു വള്ളുവനാട്ടുകാരിയുടെ, കഥകളാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത 26 കുറിപ്പുകളുടെ സംഗ്രഹമാണ് ” ഈ ചില്ലയിൽ നിന്ന് കൗമാര കാലത്തിലേക്ക് പറക്കാം”

പ്രസിദ്ധീകരിച്ചത് : ഒലിവ് പുബ്ലിക്കേഷൻസ്

×