സ്നേഹത്തിന്റെ ഉടല് മരങ്ങളില്‍ ചുംബിക്കുന്നവരാവണം നമ്മളോരോരുത്തരും എന്ന ഓര്‍മ്മപ്പെടുത്തലിലാണ് സജി കല്യാണിയുടെ മൂന്നാമത്തെ പുസ്തകം ''പനിയുമ്മകളുറങ്ങുന്ന വീട്'' അവസാനിയ്ക്കുന്നത്.
പുസ്തകത്തിന്റെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു. എഴുത്താളര്‍ എന്ന അദ്ധ്യായത്തില്‍...
/sathyam/media/post_attachments/1io3Uuzlesmi4o3Hpxvb.jpg)
''അകാരണമായി കുത്തിനോവിക്കുന്ന ഹൃദയത്തോടു സംവദിക്കാനാവാതെ, അന്നയാള്‍ മുറ്റത്തെ ആഞ്ഞിലിമരത്തില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ നോക്കി.''
അതെ.. തോളില്‍ അക്ഷരങ്ങളുടെ സഞ്ചിയും തൂക്കി നടക്കുന്നവന് വേദനയുടെ സൂചിമുനകളില്‍ നിന്നും നേരിട്ട് ഉറക്കത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍, മരണം കരഗതമാവാത്ത ആത്മഹത്യാശ്രമമായി അത് പരിമിതപ്പെട്ടുപോകുന്നു.
എനിക്ക് ഒരുപാട് അറിവുകളും, പരസ്പരം തിരുത്തലുകളും തന്ന, നന്മയുള്ള, ബാല്യവും, കൗമാരവും, യൗവ്വനവുമുള്ള, കണ്ണിലെ ചോരയൂറിയ പാടു കൊണ്ട് സജി മികച്ച നിലവാരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകമാണിത്.
/sathyam/media/post_attachments/aSoIA2yTpIv3TsqoVpFo.jpg)
പല സത്യങ്ങളും, ഇഷ്ടങ്ങളും, മാറ്റങ്ങളുമെല്ലാം ചാരുവിനോട് സജി പറയുന്ന ഭാഗമുണ്ട്..
ഒരു സത്യമുണ്ട് ..
''ഒരു നാള് കാഴ്ച്ചയില്ലാതാവുമെന്ന് ഓരോ മനുഷ്യനും ചിന്തിച്ചിരുന്നെങ്കില്‍ ഈ ഭൂമിയെ അവനെത്ര സുന്ദരമായി സൂക്ഷിച്ചേനെ.. തന്റെ ഓര്‍മ്മകളിലേക്ക് ഓരോ ദൃശ്യങ്ങളും പകര്‍ത്തിവയ്ക്കുമായിരുന്നു.''
ആമുഖവും അവതാരികയുമില്ലാതെ ഉമ്മറത്തിരുന്ന് ജീവിതം പറയുന്ന സജി..!
ജനനവും മരണവുമൊന്നുമല്ല,
ജീവിച്ചു തുടങ്ങിയ പടികളില്വച്ച്
നമുക്ക് യാത്ര തുടങ്ങാം. (ജീവിതം)
ഒന്നോ അതിലധികം അവലോകനങ്ങളിലോ നിരൂപണത്തിലോ ഒതുങ്ങുന്നതല്ല സജി കല്യാണിയുടെ കാവ്യലോകം, പഠന വിഷങ്ങളാവേണ്ട ഒട്ടനവധി കാര്യങ്ങള്‍ പരാമള്ശിക്കുന്ന സ്നേഹപുസ്തകമാണിത്.
/sathyam/media/post_attachments/jfk4OUbWtZd1zLJXt5gc.jpg)
എഴുപതാം പേജിലെ 'രഹസ്യങ്ങള്‍' എന്ന അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്:
''മനുഷ്യാവശിഷ്ടങ്ങളുടെ
മേല്‍ക്കൂരയിലേക്ക്
വാക്കിന്റെ തീയുരച്ചിട്ട്,
ദെെന്യതയുടെ അമ്പേറ്റ് പിടയുന്ന
നഗരത്തിനു നടുവില്‍,
വിശന്നുറങ്ങുന്നവന്റെ പാട്ട്.''
/sathyam/media/post_attachments/cTcjgYU7JmH875U6evvk.jpg)
ഉമ്മറവാതിലടച്ച് കവി പനിയുമ്മകളുറങ്ങുന്ന വീട്ടില്‍ നിന്നു പിന്തിരിഞ്ഞു നടന്നപ്പോള്‍ തൂലിക തുമ്പില്‍ നിന്നും ഉതിര്‍ന്നു വീണ ജീവരക്തം നമുക്കു സമ്മാനിക്കുന്നത് വായനാനുഭവത്തിന്റെ വസന്തമാണ്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സാഹിത്യ അക്കാഡമിയില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുസ്തകം വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന് പുസ്തക പ്രകാശനത്തിനു മുന്‍പ് തന്നെ സജി കല്യാണി വാര്‍ത്താക്കുറിപ്പു നല്‍കിയിരുന്നു.
സജി കല്യാണിയുടെ നൂറ്റി നാലു പേജുളള പുതിയ പുസ്തകം 'പനിയുമ്മകളുറങ്ങുന്ന വീട്'' തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്... വില 125/_
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us