നീലിച്ച കാൽപാദം

Wednesday, November 27, 2019

– ഷബ്‌ന എസ്.ബി. അകതാരിൽ

മോഹങ്ങളേറേ കണ്ടു ഞാനാപള്ളി-
ക്കൂടത്തിനുള്ളിൽ പഠിച്ചിരിക്കേ
പെട്ടെന്നു കൊണ്ടൊരാ മൂർച്ചയാമെന്തിനോ
ഞെട്ടിത്തെറിച്ചു വലിച്ചു പാദം

ഉദ്വേഗമോടെയാ കാൽപാദമൊന്നു ഞാൻ
മെല്ലെകുനിഞ്ഞൊന്നു നോക്കവേരണ്ടിളം
ചോരപ്പാടുകൾ കണ്ടു സ്തംഭിച്ചു ഞാൻ
തോഴിയോടായിപ്പറഞ്ഞു തൻ ഗദ്ഗദം.

തോഴിതൻ കണ്ണൊന്നു ചുറ്റുമായ്‌ പായിച്ചു
നോക്കവേ തറയിലൊരു പൊത്തുകണ്ടു
തൽക്ഷണം കൊണ്ടന്റെ കാൽപാദം നീലിച്ചു
സിരകളിൽ വേദനവലിഞ്ഞുകെട്ടി…..

പിടയുന്നമനമോടെൻ കൂട്ടരാ നിമിഷത്തിൽ
ഉച്ചത്തിലലറി കരഞ്ഞു പാഞ്ഞു…
പാമ്പുകടിയേറ്റുപിടയുമെൻ കഥയവർ
ഗുരുനാഥനോടു പറഞ്ഞു തേങ്ങി….

കേട്ടൊരെൻ ഗുരുനാഥനെന്റെ നോവിൻകഥ
കേൾക്കാത്തപോലെ പറഞ്ഞയച്ചു
പിന്നെയും ശല്യമായ്‌ മാറിയ നേരത്തു
ആണികൊണ്ടാകുമാ മുറിവെന്നു ചൊല്ലിനാൾ

ഏറെ ഞാൻ പിന്നെയും വേദനകഴിച്ചെന്റെ
മേനിയിലാകാശനീലിമപടരവേ…
ഒടുവിലെന്നെച്ഛനെ വിവരമറിയിച്ചവർ
ഗുരുനാഥ കർത്തവ്യം നിറവേറ്റിനാൾ

താതന്റെ കാൽപ്പാടരികെ കേൾക്കുമ്പൊഴെൻ
വേദനയിലാകിലും പ്രതീക്ഷവന്നു
കോരിയെടുത്തന്റെ മേനിയിൽ ചുംബിച്ചു
ഓടികിതച്ചെന്റെ അച്ഛനപ്പോൾ

അച്ഛൻ വരുന്നതും കാത്തുതൻ ഗുരുനാഥ-
രൊക്കവേ എന്നെ അനാഥയാക്കി
നോവിന്റെ കണ്ണീർ ചുടുരക്തം കണ്ടവർ
നിസ്സംഗതയോടെ കൈമലർത്തി

മാലാഖമാരുടെ താവളം കാണവേ
പാതി അടഞ്ഞയെൻ മിഴിചിരിച്ചു
പൊട്ടികരഞ്ഞെന്റെ അച്ഛൻ വിതുമ്പവേ
മറ്റിടം നോക്കാനവർ പറഞ്ഞു

പുന്നാരമകളുടെ ജീവൻ പിടയുന്ന
പിഞ്ചോമനമേനി നെഞ്ചിലിട്ട്‌
ഇനിയുമേതോ… ദൈവത്തിനരികിലായ്‌
ജീവിനുവേണ്ടി പാഞ്ഞിടുന്നു

ഇനിയുമെൻ മേനിക്കു താങ്ങുവാനാകില്ല
നോവിന്റെ കയ്പ്പേറെ കയർത്തിടുന്നു
കണ്ണുകൾമേൽപ്പോട്ടു വലിഞ്ഞു മുറുകുന്നു
ശ്വാസത്തിനായി ഞാൻ കേണിടുന്നു

സിരകളിലൊഴുന്ന ഉഗ്രമാം വിഷമെന്റെ
ഹൃദയത്തെ പൊള്ളിക്കരിച്ചിടുന്നു
അവസാന നിമിഷത്തെ ദൈന്യമാം വേദന
കണ്ടെന്റെ അച്ഛന്റെ നെഞ്ചുപൊട്ടി…

നിമിഷനേരം കൊണ്ടു ചലനമറ്റെൻ മേനി
ലോകത്തിൽനിന്നു വിടപറഞ്ഞു….

മോഹങ്ങളേറെ കണ്ടു ഞാനാ
പള്ളിക്കൂടത്തിനുള്ളിൽ പഠിച്ചിരിക്കേ
എന്നുടെ ജീവനും മോഹസ്വപ്നങ്ങളും
എന്തിനോ വേണ്ടികവർന്നെടുത്തു…

×