വധശിക്ഷ – ശരിയായൊരു ശിക്ഷയോ ?

എസ് പി നമ്പൂതിരി
Thursday, February 20, 2020

ജീവൻ നിർമ്മിച്ചു നല്കീടാൻ
കഴിവില്ലാത്ത മാനവൻ
വധശിക്ഷ നടപ്പാക്കും
നീതിയെന്തൊരനീതിയാം ?

ശരിക്കും ശിക്ഷയാവുന്നി –
ല്ലിജ്ജാതി വധശിക്ഷകൾ
‘ഉടൻ കൊല്ലി’ പ്രയോഗങ്ങൾ
ശിക്ഷാമാതൃകയാവുമോ ?

കുറ്റബോധഫലം പശ്ചാ –
ത്താപവൈവശ്യവേദന
അതിരൂക്ഷം വെന്തുനീറാൻ
ശിക്ഷ സാഹായ്യമാവണം

കുറ്റവാളികളിൽ നിന്നു –
മുത്തമം പൗരനിർമ്മിതി
രാഷ്ട്രധർമ്മമതാണല്ലോ
കൊലയല്ലൊരു പോംവഴി

നീറിനീറിയുമിത്തീയിൽ
ഹൃദയം പാപചിന്തയിൽ
തല്ഫലം സംഭവിക്കേണം
മാനസാന്തരധീരത

നല്ലയാളായ് വളർത്താനും
സാവകാശം കൊടുക്കണം
കാരാഗൃഹമതിന്നുള്ള
പാഠശാലകളാവണം

അന്ത:കരണമാറ്റങ്ങൾ
സൃഷ്ടിക്കേണ്ടത് രാഷ്ട്രമാം
കുറ്റവാളികളിൽ നിന്നു –
മൃഷിമാരെ വളർത്തിടാം

യുഗാന്തരപരിഷ്കാര
ഫലമാം നമ്മളൊക്കെയും
സ്നേഹിക്ക പാപിയേ നമ്മൾ
ക്ഷമിക്കുക പൊറുക്കുക

പാപത്തെ അടിവേരോടെ –
യില്ലാതാക്കൂ ! വെറുക്കുക
പശ്ചാത്തലം പഠിച്ചിട്ടു –
നിർദ്ദേശം പരിഹാരവും

കാട്ടുകൊള്ളയിലാനന്ദം
തേടി രത്‌നാകരാഭിധൻ
മഹർഷിമുഖ്യരേപ്പോലും
കൊന്നൊടുക്കും നരാധമൻ

വധശിക്ഷ കൊടുത്തെങ്കി-
ലുണ്ടോ വാത്മീകിയാം കവി ?
തപസ്സാൽ മറ്റൊരാളാവാൻ
വഴികാട്ടീ മഹർഷിമാർ

നേർവഴിക്ക് നയിച്ചോരോ
പൗരനെയും വളർത്തുവാൻ
ബാധ്യതപ്പെട്ടതാം രാഷ്ട്രം
സംസ്കരിക്ക മനസിനെ

മനസംസ്കാരമാവേണ –
മതിനായേതു മാർഗ്ഗവും
അതായിരിക്കണം ശിക്ഷാ-
വിധികൾക്ക് നിയാമകം

മനുഷ്യപക്ഷം വാദിക്കും
ചിന്തകൾ നിയമജ്ഞരും
ആലോചന നടത്തേണ്ട –
തല്ലേയീ നരഹത്യകൾ

×