വഞ്ചി തിരുനക്കര തന്നെ

Tuesday, January 21, 2020

– വി കെ ജയകുമാർ  

ക്കരക്കുന്നിൻപുറം
ഉറക്കം നടിക്കുന്ന മുക്കണ്ണൻ
അകക്കണ്ണു തുറന്നു ചിരിക്കുന്നു.

ത്രിശങ്കു സ്വർഗ്ഗത്തിന്റെ
തൃപ്പടി കയറുമ്പോൾ
ഇത്തിരി കിതച്ചൊന്നു
നിൽക്കുന്നു നിരാലംബം

ഉത്സവം കഴിഞ്ഞ്
അനാഥമായി കിടക്കുന്ന മൈതാനം
വെടിയുപ്പു മണക്കും ദിനരാത്രം.

എത്ര കാളക്കൂറ്റന്മാർ
മദിച്ചു നടന്നതാണീ സ്ഥലം ?
പൊളിഞ്ഞു വീണോ മുഖംമൂടികൾ
മുഖമുദ്ര നയകാപട്യം തന്നെ
മറ്റുള്ളോരുടെ ജീവിതത്തിന്റെ
പുറമ്പോക്കു കയ്യേറി മിടുക്കരായ്
തിരിച്ചു വന്നോർ തങ്ങൾ.

ആൽമരം തെക്കൻകാറ്റിൽ
കോൾമയിർ കൊള്ളുന്നുണ്ടോ ?
ഇലകൾ കൊഴിയുന്നു
തളിരും പഴുത്തതും.

ആൾരൂപമാരാണിതു
വരുന്നൂ ഹൃഹാതുരം
കാരൂരോ, നാലാങ്കലോ,
പുസ്തകത്താളിൽ നിന്നും
ഡീസിയോ.
അഭ്രപാളിവിട്ടുൾവലിഞ്ഞ്
അരവിന്ദനോ,
ആട്ടവിളക്കിൻ നാളംപോലെ
അമ്പലപ്പുഴ രാമവർമയോ ?

വഴി കാണിച്ച പാമ്പാർ
വേഷപ്പകർച്ചയ്‌ക്കൊപ്പം
നേർത്തു മറഞ്ഞോ ?
കാലത്തിന്റെ വന്മരം
കാറ്റിൽ തലയാട്ടി നിൽക്കുന്നു
പകൽപ്പൂരത്തിൻ വെയിൽപറ്റി.

ശിവനേ, പെരുകുന്നു
തൃഷ്ണയും ആസക്തിയും.
കാമനകളുടെ മേൽ
ചിതറിത്തെറിക്കുന്നു
വിയർപ്പും രുധിരവും.
ജീവിതം ദയാശൂന്യം നേദിച്ചുതന്ന
കാളകൂടമോ തികട്ടുന്നു.

വഞ്ചിയിപ്പോഴും തിരുനക്കര തന്നെ.
ശാപമോക്ഷവും കൊതി –
ച്ചൊറ്റകാൽ തപംചെയ്യും
പറയിക്കുണ്ടോ ജന്മസാഫല്യം ?
പരിഹാസലീലയിലാമഗ്നരായ്
ചരാചരങ്ങൾ, നീയും.

×