ഭീരു (കവിത)

Wednesday, April 3, 2019

സി കെ രാജൻ കല്ലടിക്കോട്

രൊക്കെപ്പറഞ്ഞാലും ചേരില്ലീക്കിരീടമി-
ന്നാത്മ നിന്ദയാലെന്റെ ശിരസ്സു കുനിയുന്നു
മെയ്ക്കരുത്തിനാൽ ഭീമനസ്ത്രത്താലർജ്ജുനനും
നേടിയ വിജയമിതെങ്ങനെയെന്റേതാകും

പോരു ഞാൻ നയിച്ചില്ല വെറുതെ ‘കാഴ്ച്ചക്കാര-
നായി നിന്നതേയുള്ളൂവറിയാമെല്ലാവർക്കും
എന്നിട്ടുമെന്തേയമ്മയെന്നോടു രാജാവാക
നിങ്ങനെ പറയുന്നതെന്തിനാണാവോ പാവം
ശപ്ത ജൻമമാമെന്റെ നശിച്ച കളിഭ്രാന്തിൽ
നഷ്ടമാക്കിയ രാജ്യമിന്നു വീണ്ടെടുത്തതും
ശഠരെയൊക്കെക്കൊന്നു തീർത്തതുമനിയൻമാർ
അവരിലെന്നോടുള്ള നിന്ദ ഞാനറിയുന്നു
കൃഷ്ണയും പൊറുക്കില്ല ഞാൻ മൂലമവളേറ്റ

ദു:ഖങ്ങളാർക്കായാലും പൊറുക്കാൻ കഴിയുമോ
അർജ്ജുനന സ്ത്രം കൊണ്ടു നേടിയോരവളെയ-
ന്നമ്മ തൻ വാക്കിൽ തൂങ്ങി വാഴിച്ചൂ മഹിഷിയായ്
ഇപ്പൊഴുമതോർക്കുമ്പോൾ ലജ്ജ തോന്നുന്നുണ്ടുള്ളിൽ
എങ്ങനെ സഹിച്ചുവോവർജ്ജുനൻമമഭ്രാതാ
എന്തെന്തു ത്യാഗം ചെയ്തു കൃഷ്ണക്കായ് ഭീമൻ ഞാനോ
ഉണ്ടുറങ്ങിയതല്ലാതൊന്നുമേ ചെയ്തിട്ടില്ല
അവൾ പെറ്റോരുമക്കളഞ്ചു പേരെയും
കാക്കുവാനാവാത്തൊരെൻ ജീവിതമതിനിന്ദ്യം

ഇളയ സഹോദരർ നകുല സഹദേവ-
രവരും പടവെട്ടീ ഭീരുവാമീ ഞാൻ മാത്രം
ഒളിച്ചു കഴിഞ്ഞുവെൻ മാളത്തിൽ തനിച്ചായി
ധർമ്മപുത്രരെന്നെന്നെ വിളിക്കെ കൃഷ്ണാ നിന്റെ
ചുണ്ടിലും കാൺമൂ ഞാനെന്നോടുള്ള പരിഹാസം
വേണ്ട വേണ്ടെനിക്കിനി ചേരില്ലീക്കിരീടവും
രാജ്യവും’മഹിഷിയും സ്തുതിപാഠകൻമാരും’

ഒന്നിനും കൊള്ളാത്തവൻ ശപിക്കല്ലെ നീ കൃഷ്ണേ
ഭീരുവാണിപ്പോഴും ഞാനാവില്ല നയിക്കുവാൻ

×