പ്രണയത്തുടിപ്പുകൾ (കവിത)

Friday, November 29, 2019

– ജാസ്മിൻ സമീർ 

നിളയെഴുതുമോരോ തിരയിലും
ഞാനടക്കിവെച്ച പ്രണയത്തുടിപ്പുകൾ!

ഒരോ മഴയിലും
ഞാൻ നനഞ്ഞലിയുമ്പോഴും
കാറ്റിൽ ഉയിർ കൊള്ളുമ്പോഴും
പൂത്തു നിൽക്കുന്ന കനവിൽ,
പ്രണയമേ
മാനമായ്
തോരാമഴയായ്
നീയെന്നിൽ
ഒഴുകിയണയുന്നു

തോരാമഴപ്പെയ്ത്തിൽ
കാട്ടരുവിയിലെ ജലം
നിന്റെ കണ്ണീരെന്നു ഗണിച്ച്
കൈക്കുമ്പിളിൽ കോരിയെടുക്കുന്നു

അതിരു കാണാച്ചക്രവാളത്തിൽ
ഇത്തിരി വെട്ടമായ് നീയുണ്ടെങ്കിൽ
പകലു കാണാനക്ഷത്രമായ്
ഉദിച്ചുയരും ഞാൻ!

അതിരിൽ കത്തിയമരും
ഉൽക്കപ്പെരുവർഷത്തിൽ
നദികൾ നിന്നെയെനിക്കു
തിരിച്ചു തരും…..

നിന്റെ പ്രണയത്തിരി
കാറ്റും മഴയുമേൽക്കാതെ
ഉയിർച്ചെരാതിൽ
ഞാൻ കെടാതെ കാക്കും……

×