പ്രണയിനി (കവിത)

Monday, May 18, 2020

– മുബീന വിളത്തൂർ

പ്രിയനേ നമ്മൾ കണ്ടുമുട്ടുന്നൊരു

ദിനമാവണം ഈ മണ്ണിലെ

സുന്ദര നിമിഷം അതിനായി

കൂട്ടുന്നില്ല ഞാൻ ധൃതിയൊട്ടും

കാരണമന്ന് തീരും എനിക്ക്

നിന്നോടുള്ള അനശ്വരപ്രണയം

അധികമില്ലെങ്കിലും കുറച്ചുനാൾ കൂടെ

നിനക്കേറെ ഇഷ്ടമുള്ളതെല്ലാം ഒരുക്കി

സ്മരണകളിൽ നിന്നെയും നിറച്ച്

കാത്തിരിക്കണമെനിക്ക്.

അറിയില്ല നിന്റെ വേഷവിദ്യാനയങ്ങളൊന്നും

നീയൊരു നഗ്നസത്യമാണെന്നുമാത്രം

അറിയുന്നുഞാൻ..

നിനച്ചിരിക്കാത്ത നേരത്ത്

വന്നുനീ പെരുവിരൽ സ്പർശിക്കുമ്പോൾ

അസ്ഥിനുറുങ്ങും നോവിനാൽ എന്നുടൽ

പുളകം കൊള്ളുന്നതിനിടയിൽ പൊടിയണം

വിയർപ്പിൻ കണിക നെറ്റിയിൽ

വിരിയണം പുഞ്ചിരി വർണംചുണ്ടിൽ

അവസാനചുംബനം മിഴികളിലേകി നീ

മറയുന്നതിനുമുമ്പ് സുഖലോക സ്വർഗ്ഗവും

മെഹബൂബിൻ ചിത്രവും തെളിയണം

നയനത്തിനുള്ളിൽ.

ഒടുവിൽ നീ ഏഴാകാശത്തിനപ്പുറം

ചെന്നുപറയണം എൻ പ്രേമ

വിജയത്തിൻ കഥകളത്രയും….

×