ഇന്ത്യയില്‍ ശാക്യരാജ്യത്തിന്‍
കൊട്ടാരത്തില്‍ പിറക്കയായ്
ശുദ്ധോദനന്റെ പിന്‍ഗാമി
മായാദേവിക്കു പുത്രനായ്
ശാക്യരാജതലസ്ഥാന-
ത്തൊരു രാജകുമാരനായ്
പരംപൊരുള്‍ ജനിക്കുന്നൂ
ബുദ്ധനായ് വികസിക്കയായ്
സിദ്ധാര്‍ത്ഥനായ് മഹാരാജ-
സ്ഥാനത്തിന്നവകാശിയായ്
രാജകീയപ്രതാപങ്ങള്‍
ക്കെല്ലാമേകാവകാശിയായ്
സമ്മോഹനസുഖാര്‍ഭാടം
രാജ്‌ഞിയും പ്രിയപുത്രനും
എല്ലാമെല്ലാമുപേക്ഷിച്ചൂ
തെണ്ടുന്നൂ, ജ്‌ഞാനവീഥിയില്‍
പ്രപഞ്ചത്തിന്‍ ദു:ഖശാന്തി
തേടിയല്ലോ തപസ്സുകള്‍
ദു;ഖകാരണമെന്തെന്നു
കണ്ടെത്തുന്നൂ ഋഷീശ്വരന്‍
അറിവാണറിവാണല്ലോ
ദൈവമെന്നറിയുന്നയാള്‍
ആഗ്രഹം ദു:ഖമാണെന്നു
കണ്ടെത്തുന്നൂ തഥാഗതന്‍
കാലമേറെക്കഴിഞ്ഞിട്ടാ-
ണീ സത്യമറിയുന്നതും
പ്രപഞ്ചപരമാത്‌മാവിന്‍
തേജസ്സാം ബുദ്ധജന്മമായ്
കാലചക്രമുരുണ്ടപ്പോള്‍
നൂറ്റാണ്ടഞ്ചു കൊഴിഞ്ഞുപോയ്
ഇസ്രയേലിന്റെ വിഖ്യാത-
രാജ്യത്തെ ഗ്രാമഭൂമിയില്‍
ബത്‌ലഹേമിലെയാരോരു-
മറിയാത്തൊരു മൂലയില്‍
കാലിത്തൊഴുത്തില്‍ പുല്‍ക്കൂടി-
ലീറ്റില്ലം! ഹന്ത ദുര്‍വ്വിധി
സൂതികര്‍മ്മിണിയില്ലല്ലോ
തന്നെത്താന്‍ പരിചാരിക
പെറ്റുവീണ കിടാവല്ലോ
പരമാത്മാപുനര്‍ജ്ജനി
പുണ്യാത്മാവായ് വളര്‍ന്നിട്ടും
ദിവ്യനായ്‌ത്തീര്‍ന്നുവെങ്കിലും
ലാളിത്യശോഭയില്‍ത്തന്നേ
ക്രിസ്‌തുദേവന്റെ ജീവിതം
ക്രിസ്‌തു നിര്‍മ്മിച്ചതില്ലല്ലോ
പള്ളികള്‍ പള്ളിമേടകള്‍
സ്ഥാവരം ജംഗമംസ്വത്തു
സമ്പാദനമചിന്ത്യമായ്
കുന്നുകൂട്ടും ധനത്തിന്റെ
ഭാഗ്യം വേണ്ടെന്നു വ�യായ്
പുസ്‌തകങ്ങള്‍ രചിച്ചില്ലാ
സന്ദേശം സ്വന്തജീവിതം
പരിശുദ്ധാത്മചൈതന്യ-
മാത്മാവര്‍പ്പിച്ചുപാസന
അതേ വികാരദാര്‍ഢ്യത്തോ-
ടാരിലും സ്‌നേഹവര്‍ഷവും
ഈ രണ്ടു സ്‌നേഹചൈതന്യ-
ധാരയാം ക്രിസ്‌തുദര്‍ശനം
ഒന്നുമില്ലയിതിന്മേലേ
വ്യാഖ്യാനം മാത്രമപ്പുറം
സ്ഥാപനങ്ങള്‍ വളര്‍ത്താനും
പ്രസ്ഥാനാരംഭമൊന്നിനും
തയ്യാറായില്ല സ്‌നേഹത്തില്‍
ജീവിച്ചിതവധൂതനായ്
പ്രസംഗിച്ചും പഠിപ്പിച്ചും
വളര്‍ത്തീ ശിഷ്യസഞ്ചയം
പില്‍ക്കാലത്തവരാണല്ലോ
ക്രൈസ്‌തവജ്‌ഞാനശില്‌പികള്‍
വേശ്യകള്‍, ദുഖിതര്‍, മാറാ-
രോഗികള്‍ പിന്നധസ്ഥിതര്‍
മുഖ്യധാരയിലെത്തിക്കാന്‍
ക്രിസ്‌തു ഹസ്‌താവലംബമായ്
സ്‌നേഹിച്ചൂ പാപിയേ ഹൃദ്യം
പാപകര്‍മ്മം വെറുക്കയായ്
സ്വഭാവശുദ്ധി നേടുന്നൂ
വേശ്യയും സ്‌നേഹധാരയില്‍
സ്‌നേഹിക്കമാത്രം കര്‍ത്തവ്യം
സ്‌നേഹംതാന്‍ മതമൊക്കെയും
നിത്യശത്രുവിനേപ്പോലും
സ്‌നേഹത്താല്‍ കീഴടക്കുക
ആഢ്യന്മാരാട്ടിയോടിച്ച
വേശ്യയെ സ്‌നേഹപൂര്‍വ്വകം
സ്വീകരിച്ചുപദേശിച്ചു-
മുയര്‍ത്തുന്നു വിശുദ്ധയായ്
അനീതിക്കെതിരായ് ധര്‍മ്മ-
സംരക്ഷണപരായണന്‍
മതത്തിന്നപ്രമാദിത്വം
രാജാവിന്‍ ക്രൂരപീഡനം
ദുര്‍വ്വഹം ചുങ്കഭാരങ്ങള്‍
അടിച്ചേല്‍പ്പിച്ചു മന്നവന്‍
ചുങ്കം പിരിക്കാന്‍ രാജാവിന്‍
ക്രൂരമാം ജനപീഡനം
ചുങ്കം കൊടുക്കാനാവാതെ
വലഞ്ഞൂ ജനജീവിതം
ജീവനക്കാരെ രക്ഷിക്കാന്‍
മാത്രം നികുതി നല്‍കണം
എന്തിനീ കിങ്കരന്മാരെ-
ന്നുള്ള ചോദ്യത്തിന്നുത്തരം
ചുങ്കം പിരിക്കല്‍ സര്‍ക്കാരിന്‍
കിങ്കരര്‍ക്കുള്ള ജോലിയും
ആചാരവൈകൃതങ്ങള്‍ക്കു
ദൈവീക പരിവേഷമോ?
പരീശന്മാരാഢ്യവര്‍ഗ്ഗം
അവര്‍ക്കെതിരെ യേശുവും
പ്രസംഗം ചര്‍ച്ചകള്‍ പിന്നെ
പ്രചാരണമഖണ്ഡവും
പുരോഹിതവിഭാഗങ്ങ-
ളെന്നപോല്‍ രാജശക്തിയും
അസ്വസ്ഥമായ് കലാപത്തിന്‍
കാഹളം ക്രിസ്‌തു തന്നെയോ?
ഭൗതീകാത്മീയനേതാക്കള്‍-
ക്കധികാരപ്രമത്തത
ബഹിഷ്‌കരണമെല്ലാരും
ചുങ്കം നല്‍കില്ലൊരിക്കലും
അനാചാരമഹാദുര്‍ഗ്ഗം
കാത്തുനില്‍ക്കും പുരോഹിതര്‍
വിപ്‌ളവത്തിന്റെ തേരോട്ടം
യേശുദേവന്‍ നയിക്കയായ്
അധികാരാന്ധമാ രാജ-
ഭരണം ജനവിരുദ്ധവും
ദൈവനാമത്തില്‍ വാഴുന്നൂ
പൗരോഹിത്യമദാന്ധത
കൊടുങ്കാറ്റായാഞ്ഞുവീശീ
ക്രിസ്‌തു യുദ്ധം നയിക്കയായ്
രാജാധിരാജസമ്പാദ്യം
മര്‍ദ്ദനം ദുഷ്‌പ്രഭുത്വവും
കണ്ണിലെക്കരടായ്‌ത്തീര്‍ന്നൂ
യേശു വിപ്‌ളവകാരിയായ്
പൗരോഹിത്യമദത്തിന്റെ
അന്ധമാം ദുഷ്‌പ്രഭുത്വവും
ഭരണാധിപവര്‍ഗ്ഗത്തി-
ന്നധികാരപ്രമത്തത
ഇണചേര്‍ന്നു രമിക്കുമ്പോള്‍
ജനിക്കും ജാരസന്തതി
നരലോകചരിത്രത്തില്‍
സംഭവിക്കുന്ന കാഴ്‌ചകള്‍
സ്‌നേഹഗായകനായ് വന്നൂ
ഇതിന്നെതിരെ ക്രിസ്‌തുവും
ലാളിത്യം ജീവിതത്തിന്റെ
മുഖമുദ്രയതാവണം
ധനമാനാദികള്‍ സ്ഥാന-
ലബ്‌ധിയും നേടി വൈദികര്‍
പൗരോഹിത്യം മദോന്മത്ത-
ജീവിതത്തില്‍ രമിക്കവേ
അജപാലകനെത്തുന്നൂ
അവര്‍ ഞെട്ടിത്തരിച്ചു പോയ്
രാജകൊട്ടാരവും പള്ളി-
മേടയും വിറകൊണ്ടുവോ?
മനുഷ്യസ്‌നേഹമല്ലാതേ
മറ്റൊന്നും കരുതാത്തൊരാള്‍
രാജാധികാരം ദൈവത്തിന്‍
പേരിലാല്‍മീയ ശക്തിയും
മേളിച്ചുയര്‍ന്നുവന്നല്ലോ
അധികാരമദാന്ധത
അതിന്നെതിരെ ശബ്‌ദിച്ചൂ
മരയാശാരി ക്രിസ്‌തുവും
ഔസേപ്പിന്‍ പുത്രനായ് ലോക-
ശില്‌പിയായ്‌ത്തീര്‍ന്ന നായകന്‍
പണിക്കുറവു തീര്‍ക്കുന്ന
പെരുന്തച്ചന്‍ കണക്കവേ
രാജഭോഗം കൊടുക്കേണ്ടാ
ക്രിസ്‌തുവിന്‍ രാജകല്‌പന
ക്രിസ്‌തുരാജനിതാരെന്നായ്
ക്രുദ്ധരായ് നൃപവംശവും
പരീശമുഖ്യരെപ്പള്ളി-
പുറത്താക്കുന്ന കാഴ്‌ചകള്‍
ജീസസ്സെന്ന മഹാശില്‌പി
മതിയെന്നു ജനങ്ങളും
രാജാവും രാജസന്നാഹം
രാജവംശപുരോഹിതര്‍
അസ്വസ്ഥമസഹിഷ്‌ണുക്കള്‍
ഉല്‍കണ്‌ഠാകുലരേവരും
രാജാവും രാജതാല്‌പര്യം
സംരക്ഷിക്കും പുരോഹിതര്‍
വേട്ടയാടുന്നു, ജീസസ്സും
പേടിക്കുന്നയവസ്ഥയായ്
ആട്ടിന്‍പറ്റങ്ങളേപ്പോലെ-
യവന്നൊപ്പം ജനങ്ങളും
ശിഷ്യരായ് പലരും കാണു-
ന്നവരത്രേ പ്രചാരകര്‍
സുവിശേഷപ്രസംഗങ്ങള്‍
വൈദികര്‍ക്കൊരു ഭീഷണി
ക്രിസ്‌തുവിന്നാശയാദര്‍ശം
അജയ്യമനിഷേധ്യവും
തടഞ്ഞേ പറ്റുവല്ലെങ്കില്‍
ദൈവസ്ഥാനം തകര്‍ന്നിടും
രാജാവും വൈദികന്മാരും
നിശ്‌ചയിച്ചേകകണ്‌ഠമായ്
ഭക്തി കാപട്യമെന്നല്ലോ
പുരോഹിതവിശേഷണം
നമ്മെ ബഹിഷ്‌കരിക്കേണ-
മെന്നവന്റെ പ്രഭാഷണം
രാജസിംഹാസനം പോലേ
ദൈവസ്ഥാനമഹത്വവും
ഭീഷണിക്കിരയാവുന്നൂ
ചിന്തിക്കേണ്ടയവസ്ഥയില്‍
അവന്‍ വച്ചുപൊറുപ്പിക്കാന്‍
പാടില്ലാത്ത നിഷേധിയും
ഉന്മൂലനാശമല്ലാതേ-
യില്ല, മറ്റൊരു പോംവഴി
കാല്‍വരിക്കുന്നിലന്നാളില്‍
തീരുമാനം നടപ്പിലായ്
ലോകരക്ഷകനേയന്നു
കുരിശേറ്റി വധിക്കയായ്
നൂറ്റാണ്ടിരുപതും പിന്നി-
ട്ടിന്നു മുന്നോട്ടു നോക്കവേ
യേശുദേവന്‍ മരിച്ചിട്ടി-
ല്ലെന്നു കാണുന്നു വ്യക്തമായ്
പില്‍ക്കാലത്തിന്ത്യയില്‍ ഗാന്ധി-
യെന്നൊരാള്‍ രാഷ്ട്രശില്‌പിയായ്
ചരിത്രത്തിന്‍ നിയോഗം പോല്‍
കര്‍മ്മഭൂവാക്കിയിന്ത്യയെ
സൂര്യാസ്‌തമയമില്ലാത്ത
ലോകസാമ്രാജ്യശക്തിയെ
അഹിംസാസമരത്താലെ
മുട്ടുകുത്തിച്ചു ഗാന്ധിജി
ഭരണാധിപനാവേണ്ട
ഗാന്ധി സിദ്ധാര്‍ത്ഥതുല്യനായ്
പൗരനായിട്ടൊതുങ്ങുന്നൂ
സ്വാതന്ത്രോദയവേളയില്‍
സ്വാതന്ത്ര്യനായകന്‍ രാഷ്ട്ര-
പതിയാവേണ്ടതല്ലയോ?
വിട്ടുമാറി നടക്കുന്നി-
തധികാരം ത്യജിക്കയായ്
ലോകസേവകനായ്‌മാത്രം
നയിച്ചൂ ശിഷ്ടജീവിതം
എത്രപേര്‍ക്കധികാരത്തിന്‍
ലഹരീമുക്തി സാധ്യമായ്?
കുരിശായ് ഗോഡ്‌സെയെത്തുന്നൂ
ക്രിസതുഗാന്ധിക്കുമന്ത്യമായ്
ഗാന്ധികാലത്തിതേനാട്ടില്‍
ജീവിച്ചോര്‍ ധന്യരല്ലയോ?
യുഗങ്ങള്‍ തോറും ലോക-
ത്തേതുദിക്കിലുമായിടാം
നിന്ദിതന്നു സമാശ്വാസ-
ദൗത്യമായ് ക്രിസ്‌തു വന്നിടും
ചൂഷണത്തില്‍ വശംകെട്ടു
രാജ്യം നിലവിളിക്കവേ
മോചനത്തിന്‍ മഹാമന്ത്രം
ക്രിസ്‌തുഗാന്ധിയുദിക്കയായ്
പീഡിതര്‍ക്കൊപ്പമെമ്പാടും
വിമോചനരണങ്ങളില്‍
ഗാന്ധിയെന്നൊരതേപേരില്‍
മോചനപ്പടനായകര്‍
അതിര്‍ത്തി ഗാന്ധി ഖാനബ്‌ദുള്‍-
ഗാഫര്‍ ഖാനെന്ന പേരിലും
നെല്‍സണ്‍ മണ്ഡേലയാഫ്രിക്കാ-
ദേശത്തെ നവഗാന്ധിയായ്
ശ്രീലങ്കന്‍ ഗാന്ധിയാം ശെല്‍വ-
നായകം ജനനായകന്‍
എടുത്തെറിഞ്ഞൂ പട്ടാളം
കായലില്‍ ജ്‌ഞാനവൃദ്ധനെ
ശെല്‍വനായകമപ്പോഴും
ഗാന്ധിമാര്‍ഗ്ഗത്തില്‍ മാത്രമാം
കറുത്ത ഗാന്ധി നീഗ്രോവിന്‍
മോചനപ്പടയാളിയായ്
തേര്‍വാഴ്‌ചയെങ്ങരങ്ങേറും
ചൂഷണം പാരതന്ത്ര്യവും
അവിടെ സംഭവിക്കുന്നൂ
ക്രിസ്‌തുഗാന്ധി പുനര്‍ജ്ജനി
മൂന്നുപേര്‍ സഞ്ചരിച്ചല്ലോ
മൂന്നു ഭിന്നമതങ്ങളില്‍
നയിച്ചിതവരേയെന്നും
മാനുഷ്യകമഹത്വമാം
മനുഷ്യമോചനത്തിന്റെ
ശംഖവാദകര്‍ മൂന്നുപേര്‍
പ്രപഞ്ചപരമാത്മാവിന്‍
മൂന്നു ചൈതന്യശോഭകള്‍