മടങ്ങാം.. മാഞ്ചോട്ടിലേക്ക്.. ‘ഓർമകൾ കഴുകി വെളുപ്പിച്ച കാലം’

സമദ് കല്ലടിക്കോട്
Thursday, February 13, 2020

വ്യത്യസ്തമാണ് വിദ്യാലയ ജീവിതം. ഓരോ മനുഷ്യ ജീവിതത്തിലും മായാത്ത,മറയാത്ത സ്വാധീനമായി സ്‌കൂൾ ഓർമകൾ അവശേഷിക്കും. കണ്ണിമ വെട്ടുന്ന സമയം കൊണ്ട് അവസാനിച്ചു പോയ, ആ മനോഹര കാലംതിരിച്ചുകിട്ടാൻ ആഗ്രഹിക്കാത്തവരുണ്ടോ?

നമ്മുടെ വിദ്യാലയ ജീവിതാനുഭവങ്ങളെ സുഗന്ധത്തിൽ ചാലിച്ചെഴുതിയ’ഓർമകൾകഴുകി വെളുപ്പിച്ച കാലം’സന്തോഷ് ചിറ്റിലേടത്ത് എഴുതിയ പുസ്തകം പിന്നിട്ട കാലത്തിന്റെ ധമനികളിലേക്ക് നമ്മെ കൊണ്ടു പോകുന്നു.

നാടക രംഗത്തും ഫോക്‌ലോർ മേഖലയിലും എഴുത്തിലും അധ്യാപനത്തിലും സജീവമാണ് സന്തോഷ് ചിറ്റിലേടത്ത്. ഭാര്യ അരുണിമ (നൃത്താധ്യാപിക). തൃശൂർ ജില്ലയിൽ തൃത്തല്ലൂരിൽ താമസം.

സ്നേഹപൂർവ്വം കൊച്ചുബാവയ്ക്ക്, നാട്ടുഭക്ഷണം, പന്ത്രണ്ടാം തലമുറ സംസാരിക്കുന്നു, തുടങ്ങിയ കൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. ചെറുകഥകൾക്ക് അധ്യാപക സംഘടനകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നാം ഓരോരുത്തരുടെയും മനസ്സിലെ സ്‌കൂളോർമകൾ എങ്ങനെയാണ് സന്തോഷ് ഇത്ര കൃത്യമായി എഴുതുന്നതെന്ന് ‘ഓർമകൾ കഴുകി വെളുപ്പിച്ച കാലം’ വായിച്ചാൽ നമുക്ക് തോന്നിപോകും. നന്മയുടെ നറുവെളിച്ചമുള്ള കഥകൾ അത്രമേൽ ഹൃദ്യവും രസാവഹവുമാണ്.

പ്രലോഭനങ്ങളുടെ ധാരാളിത്തത്തിലാണ് ഇന്നത്തെ വിദ്യാർത്ഥികൾ. വിദ്യാലയം വളർച്ചയ്ക്കുള്ള ഇടമാവണം അവർക്ക്. സ്നേഹവും പരിഗണനയും അതിലേറെ കരുതലും ഇന്നത്തെ കുട്ടികൾക്ക് വളരെ ആവശ്യമാണ്.

പിന്നിട്ടുപോയ വിദ്യാഭ്യാസ ജീവിതത്തിന്റെ പുലർകാലം തിരിച്ചറിവും മുൻകരുതലുമായി ഇപ്പോഴും നമ്മെ നയിക്കുന്നത് എന്തുകൊണ്ടാവാം. അന്നത്തെ ബാല്യ കൗമാരങ്ങൾ ജീവിതവുമായി അത്രയേറെ ഇഴുകിചേർന്നത് കൊണ്ടായിരിക്കാം.

ദാരിദ്ര്യത്തിന്റെ കണ്ണീരും നൊമ്പരവും സഹജീവികള്‍ക്കു സഹായം ചെയ്യാന്‍ഇന്നും പലർക്കും പ്രചോദനം നല്‍കുന്നതും അതാവാം കാരണം.

പഴങ്കഞ്ഞിയും സാമ്പാറും നിറച്ച തൂക്കുപാത്രവുമായി വിദ്യാലയത്തില്‍ പോയ കാലം. ക്ലാസിൽ ഇരിക്കുമ്പോഴേ സ്‌കൂളിലെ കഞ്ഞിയും പയറും പാചകം ചെയ്യുന്ന ഗന്ധം. സ്‌കൂളടച്ചാൽ ഉച്ചഭക്ഷണത്തിനു വകയില്ലാത്ത കുട്ടികൾ. പഠനത്തെ അലോസരപ്പെടുത്തുന്ന കുടുംബ പ്രാരാബ്ധങ്ങൾ.

പെരുമഴയും നടവരമ്പും ബഹളവും കുസൃതിയും.. ഇപ്പോഴും ആരുടെ മനസ്സിൽ നിന്നാണ് അതൊക്കെ മാഞ്ഞിട്ടുണ്ടാവുക. അന്നത്തെ ഒരു നേരത്തെ വിശപ്പ് അതില്ലാതാക്കിയ അഹന്തയും വിഭാഗീയതയുംഇന്നിന്റെ മേന്മയുറ്റ സൂക്ഷിപ്പുകൾ തന്നയല്ലേ.

തീക്ഷ്ണമായ അനുഭവങ്ങളും സമൂഹത്തോടൊപ്പം വളര്‍ന്നതുമാണ് ജീവിത വിജയം നേടാനും നന്മ ചെയ്യാനും നമുക്കെല്ലാമുള്ള ശക്തി.

ഇപ്പോഴത്തെ മിക്ക കുട്ടികള്‍ക്കും വിശപ്പ് എന്തെന്നറിയില്ല. വേദനിക്കുന്നവരെ തിരിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്കാകുന്നുണ്ടോ. ജീവിതാനുഭവത്തിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ ലോകം കുട്ടിക്കാലത്ത് നമുക്ക് മുമ്പിൽ തുറന്നിടപ്പെട്ടതു കൊണ്ടായിരിക്കാം ആ വിദ്യാലയക്കാലം ഇത്ര ഊഷ്മളം.

പുളി ഇഞ്ചിയും നാരങ്ങാ മിഠായിയും മറ്റും തിന്ന മധുരങ്ങൾ ഇന്നും നാവിന്ഒരാഘോഷമാകുന്നില്ലേ. നുണയുമ്പോൾ പെട്ടന്ന് തീർന്നുപോകും. പിന്നെ കിട്ടാൻ വഴിയില്ലാത്തതു കൊണ്ടാകാം മിഠായി കഴിക്കാതെ കയ്യിൽ വച്ചു നടന്നതും ആ കാലത്തല്ലേ.

പിന്നെ പ്രഥമ പ്രണയാങ്കുര ബിന്ദുവും കലിയും കൊടുങ്കാറ്റും ഓർമകളിലെ ഒപ്പടയാളമായി ഈ പുസ്തകത്തിലുണ്ട്. ഓരോ വിദ്യാലയത്തിലും ഏറ്റവും വലിയ ഭംഗികളില്‍ ഒന്നായി അവിടെ വൻ മരങ്ങൾ കാണും.

ഒരു നീണ്ട കാലഘട്ടത്തിലൂടെ കടന്നു പോകുന്ന മാവിനും പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും.അത്കേൾക്കാൻ നമ്മൾ അതിനു ചുവടെ ഇരിക്കും. പഴുത്ത നാട്ടുമാവിന്റെ രുചി എല്ലാവരുടെയും നാവിൽ എപ്പോഴും ഉണ്ട്. എല്ലാ മാമ്പഴ കാലത്തും ഇന്റർവെൽ സമയം മാഞ്ചോട്ടിലായിരിക്കും ഊത്തും കുത്തും.

ഓരോ വർഷവും ഒന്നിനു പിറകെ ഒന്നായി കടന്നു വരുന്ന കൂട്ടുകാർഅവിടെ തണൽ തേടും. ഓരോ ക്ലാസ്സുമുറിയിലും നാല്‍പ്പതും അമ്പതും കുട്ടികളുണ്ടായിരിക്കും.

കലപില ശബ്ദങ്ങൾ. നിശബ്ദത ഉറപ്പുവരുത്തുന്നതിന് ചൂരല്‍ വടികൊണ്ട് മേശയ്ക്കു മുകളില്‍ അടിച്ച് അധ്യാപകർ ഒച്ചയുണ്ടാക്കൽ. അങ്ങനെ വിദ്യാലയക്കാലം മനസ്സിലൂടെ ഒന്നൊന്നായി കടന്നുപോകുന്നു ഈ പുസ്തക വായനയിലൂടെ.

അതെ ഇതൊരു സ്നേഹോപഹാരം തന്നെയാണ്.ധർമബോധനം മുമ്പെങ്ങുമില്ലാത്ത വിധം ആവശ്യമായ ഇക്കാലത്ത് ഇതൊരു വസന്തം തന്നെയാണ്. 45ദിവസം കൊണ്ട് ആദ്യ എഡിഷൻ വിറ്റൊഴിക്കപ്പെട്ട ഈ പുസ്തകത്തിന്റെ പ്രസാധനം: ചിത്രരശ്മി. സന്തോഷിനെ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരനാക്കാനുള്ള ധാതുക്കൾ ഓർമകൾ കഴുകി വെളുപ്പിച്ച കാലത്തിലുണ്ട്.

×