Advertisment

മെട്രോ കല്യാണി

author-image
admin
New Update

- അഗ്നിഹോത്രി

Advertisment

രിചയമുള്ള ആരെയും കാണുന്നില്ലല്ലോ ഈ കൂട്ടത്തിലൊന്നും.ഇവരൊക്കെയെന്തിനാ എന്നെ കാണാന്‍ വരുന്നത്. മായചേച്ചിയും അപ്പുവും ലച്ചുവും ഒക്കെ എവിടെയാ.ഞാനെങ്ങനെയാ ഇവിടെവന്നത്.ഇതേതാ സ്ഥലം. ആശുപത്രിയാണോ.എന്നാ തണുപ്പാ ഈ മുറീല്.

കരച്ചിലു വരികയാണ്.കരഞ്ഞാലിവരൊക്കെ കാണത്തില്ലേ,കളിയാക്കത്തില്ലേ..വേണ്ട കരയണ്ട..

ആശുപത്രികിടക്കയിലെ സുഖമുള്ള മെത്തയില്‍ അര്‍ദ്ധമയക്കത്തില്‍ കിടക്കുമ്പോള്‍ മോളിക്കുട്ടിയുടെയും സണ്ണിക്കുട്ടിയുടെയും മുഖമാണ് മനസ്സില്‍ വന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ തെളിഞ്ഞ് വരുന്നുണ്ട്. അവരുകാരണമാണ് ഈ ഗതി വന്നത്.അവരെ കുറ്റപ്പെടുത്തിയിട്ട് എന്നാ കാര്യം..! ആരോടും പറയാതെ ഇറങ്ങിപോന്നതല്ലേ ഇത്രയും കുഴപ്പമായത്.

publive-image

മായചേച്ചിയേം അപ്പൂനേം ലച്ചൂനേം കാണാഞ്ഞിട്ട് സങ്കടോം വരുന്നുണ്ട്. അവരെന്നെ അന്വഷിച്ച് വിഷമിയ്ക്കുന്നുണ്ടാകും. തിരിച്ച് ചെല്ലുമ്പോള്‍ നല്ല വീക്കും കിട്ടും.പ്രദീപേട്ടന് മുത്തശ്ശി ഒരു സ്വൈര്യവും കൊടുക്കുന്നുണ്ടാകില്ല.പ്രദീപേട്ടന്‍ കൂട്ടുകാരെ ഒക്കെ കൂട്ടി അന്വഷിയ്ക്കുകയായിരിയ്ക്കും. ദൈവമേ..ഞാനിവിടെയുണ്ടന്ന് അവരെങ്ങനെ അറിയും.

ചിരിച്ചുകൊണ്ട് ഡോക്ടറും നഴ്സും മുറിയിലേയ്ക്ക് വന്നു.

'' ങ്ഹാ..ഉറക്കമൊക്കെ കഴിഞ്ഞോ.''ഡോക്ടര്‍ ചോദിച്ചു.മറുപടി പറയണമെന്നുണ്ടായിരുന്നു.

'' രാവിലെ എന്നതാ സിസ്റ്ററേ കഴിയ്ക്കാന്‍ കൊടുത്തത്.?''

''ബ്രഡും പാലും കൊടുത്താരുന്നു, മുഴുവനും കഴിച്ചിട്ടില്ല.''സിസ്റ്റര്‍ പറഞ്ഞു.

'' മെഡിസിന്‍ ഇതുതന്നെ കൊടുത്താല്‍ മതി.''സിസ്റ്ററിനോട് ഡോക്ടര്‍.

'' ഭക്ഷണം കഴിച്ചോണം കേട്ടോ.മൂന്നാലുദിവസമായി ഭക്ഷണം നേരാം വണ്ണം കഴിച്ചിട്ട്.വെള്ളോം കുടിയ്ക്കണം.'' എന്നെ തലോടിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു. ഡോക്ടറിന്റെ പേര് സൂരജ് ആണന്ന് ഒരാള് ഡോക്ടറെ വിളിച്ചപ്പോള്‍ മനസ്സിലായി.ആ നഴ്സിന്റെ പേരെന്നാണോ.

പുറത്ത് രോഗികളുടെ കരച്ചിലു കേള്‍ക്കുന്നുണ്ട്.രോഗികളെയും കൊണ്ട് വന്നവരുടെ വര്‍ത്തമാനങ്ങളും വണ്ടികള്‍ വരുന്നതിന്റെയും പോകുന്നതിന്റെയും ആകെ ബഹളം.

ആ ഡോക്ടര്‍ പറഞ്ഞത് ശരിയാ.നാലുദിവസം ആയി ഭക്ഷണം കഴിച്ചിട്ട്.അല്ല,വെള്ളം പോലും കുടിച്ചിട്ട് എന്ന് പറയുന്നതായിരിയ്ക്കും ശരി.

മോളിക്കുട്ടീ...!നിന്നെ എന്റെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ..! വേണ്ട അങ്ങനൊന്നും ചിന്തിയ്ക്കണ്ട. മുത്തശ്ശി എപ്പോഴും പറയുന്നത് കേള്‍ക്കാം, ''വീണ്ടുവിചാരമില്ലാതെ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ കൊണ്ട് നമ്മള്‍ തന്നെ കുഴപ്പത്തിലായാല്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്നാ കാര്യം.''

ഞങ്ങളുടെ തൊട്ടയലോക്കത്താണ് മോളിക്കുട്ടിയുടെയും സണ്ണിക്കുട്ടിയുടെയും വീട്. ഞങ്ങള്‍ ഭരങ്കര കൂട്ടാണ്.വഴക്കും ഉണ്ടാക്കും. സൂസനാന്റി ഷോപ്പിംഗിന് പോകുമ്പോള്‍ ഇവരെയും കൊണ്ട്പോകാറുണ്ട്.സൂസനാന്റിയ്ക്ക് ഒരു മകളേ ഉള്ളു, ജെന്നിഫര്‍.

വീട്ടിലെല്ലാവരും പപ്പിയെന്നാ വിളിയ്ക്കുന്നെ.പപ്പി ചേച്ചീടെ ഡാഡിയ്ക്ക് അമേരിയ്ക്കേലാണ് ജോലി.

പപ്പിചേച്ചിയ്ക്കും എന്നെ വലിയ ഇഷ്ടമാണ്. എനിയ്ക്ക് സ്വീറ്റ്സും ബിസ്ക്കറ്റും ഒക്കെ തരും.എന്നെ എടുത്തോണ്ട് നടക്കാറും ഉണ്ട്.ഇതൊക്കെ കാണുമ്പോള്‍ മോളിക്കുട്ടിയ്ക്ക് ഇഷ്ടപ്പെടാറില്ല.അത് ജെന്നിഫറിനും അറിയാം.

ഒരിയ്ക്കല്‍ ഇവരെയും കൊണ്ട് സൂസനാന്റി മെട്രോ ട്രെയിനില്‍ കയറിയ കാര്യോം പറഞ്ഞ് മോളിക്കുട്ടിയും സണ്ണിക്കുട്ടിയും ഗമകാട്ടാറുണ്ട്.ആകാശത്തുകൂടി പാഞ്ഞ് പോകും. സാധാരണ തീവണ്ടികളെപോലെ ഒന്നുമല്ല.ഒരൊച്ചേം ബഹളവും ഇല്ല.ട്രെയിനിലാണ് ഇരിയ്ക്കുന്നതെന്ന് പോലും തോന്നത്തില്ല.റയില്‍വേസ്റ്റേഷനാണങ്കിലോ കാണണം.

എന്നാ വൃത്തിയാണന്നറിയാമോ.പൂച്ചട്ടികളും ഒക്കെവച്ച് നല്ല രസമാ.അതിലെ ഓടിക്കളിയ്ക്കാനെന്തു രസമാണന്നോ.ഇത്രയും പറഞ്ഞിട്ട് അവളെന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ഒറ്റ ചോദ്യമാണ്,ഒന്നും അറിയാത്തപോലെ.'' കല്യാണീ നീ പോയിട്ടുണ്ടോ മെട്രോയില്..?''

ഞാന്‍ അവളെ നോക്കുമ്പോഴെയ്ക്കും ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ എങ്ങോട്ടെങ്കിലും നോക്കി ഇരിയ്ക്കും.എന്നാല്‍ അവളുടെ കണ്‍കോണിലൂടെ എന്റെ മുഖത്തെ ഭാവം കാണുകയും ചെയ്യും.

അത് കാണുമ്പോള്‍ എനിയ്ക്ക് ചിരിവരും.പാവം.ഞാനൊന്നും അവളോട് പറയാതെ ഇരിയ്ക്കും.മുത്തശ്ശി പറയാറുണ്ട്, '' ആര് നമ്മളെ നിന്ദിച്ചാലും ഒന്നും തിരിച്ച് കാട്ടണ്ട,അവരുടെ അറിവില്ലായ്മ കൊണ്ടാണ് അത് ചെയ്യുന്നത്.''

പക്ഷേ, ഈ മെട്രോ ട്രെയിന്‍ ഒന്നു കാണാന്‍ എന്നാ വഴി എന്ന് ആലോചിയ്ക്കാന്‍ തുടങ്ങിയിരുന്നു ഞാന്‍.മായചേച്ചിയാണേല്‍ ഷോപ്പിംഗിന് പോകാറേയില്ല. വീട്ടിലേയ്ക്കുള്ള സാധനങ്ങളെല്ലാം പ്രദീപേട്ടന്‍ ആണ് വാങ്ങിച്ചോണ്ട് വരുന്നത്.

മോളിക്കുട്ടിയുടെയും സണ്ണിക്കുട്ടിയുടെയും കൂടെ കളിച്ചു നടക്കുമ്പോഴൊക്കെ മെട്രോ ആയിരുന്നു മനസ്സില്‍.

അന്ന് ഞായറാഴ്ച ആയതുകൊണ്ട് പ്രദീപേട്ടന് അവധിയാണ്.ഹോണ്ടാ കാര്‍ കമ്പനിയിലാണ് പ്രദീപേട്ടന് ജോലി.ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഡ്രോയിംഗ് റൂമിലെ തണുപ്പില്‍ പതിവുപോലെ ഞാന്‍ കിടന്നു.പ്രദീപേട്ടന്‍ ടിവിയില്‍ വാര്‍ത്ത കാണുന്നു.

അപ്പോഴാണ് പ്രദീപേട്ടന് ആ ഫോണ്‍ വന്നത്. പ്രദീപേട്ടന്റെ കൂട്ടുകാരന്‍ വൈകുന്നേരം വീട്ടിലേയ്ക്ക് വരുന്നുണ്ട്.ആലുവായില്‍ നിന്നാണ് വരുന്നത്,അതും മെട്രോയില്‍, വൈറ്റില സ്റ്റേഷനിലും.

പെട്ടന്ന് എനിയ്ക്ക് ഒരൈഡിയാ തോന്നി. അപ്പു ഇടയ്ക്കിടെ പറയാറുള്ള ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യമില്ലേ, ''ആന്‍ ഐഡിയാ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ്.''

പരസ്യത്തില്‍ കാണുന്നതൊന്നും വിശ്വസിയ്ക്കേണ്ട മായേ എന്ന് മുത്തശ്ശി പറയാറുള്ളത് ഞാനങ്ങ് മറന്നു. പക്ഷേ അതെന്റെ ജീവിതം ഇങ്ങനെ മാറ്റുമെന്ന് കരുതിയതേയില്ല...മുത്തശ്ശീ...

കിടന്നിടത്ത് നിന്ന് ഞാനേറ്റ് മുററത്തേയ്ക്ക്. കിട്ടി..കിട്ടി..മോളിക്കുട്ടീ ..കാണിച്ചു തരാടീ...

പ്രദീപേട്ടന്റെ വണ്ടിയില്‍ കയറി ഞങ്ങള്‍ കളിയ്ക്കാറുണ്ട്.മായചേച്ചി കണ്ടാല്‍ ഓടിയ്ക്കും ഞങ്ങളെ.പ്രദീപേട്ടന്‍ മിയ്ക്കപ്പോഴും വണ്ടിയുടെ വാതില്‍ അടയ്ക്കാന്‍ മറന്നു പോകും.

അപ്പോള്‍ ഞങ്ങള്‍ ആരും കാണാതെ അകത്ത് കടക്കും.കളിമുറുകുമ്പോള്‍ ബഹളം കേട്ട് മായചേച്ചിയാണ് ആദ്യം വരുന്നത്. പ്രദീപേട്ടനെ വഴക്കുപറഞ്ഞോണ്ട് വന്ന് ഞങ്ങളെയും ഓടിയ്ക്കും.

ഭാഗ്യം, പ്രദീപേട്ടന്‍ പതിവുപോലെ കാറിന്റെ ഒരു വാതില്‍ തുറന്നിട്ടിരിയ്ക്കുന്നു.മായചേച്ചി കണ്ടില്ലന്നു തോന്നുന്നു.പ്രദീപേട്ടന്‍ കൂട്ടുകാരനെ വിളിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് അതിനകത്ത് കയറി ഇരുന്നു.

വൈറ്റിലയില്‍ ചെന്നപ്പോള്‍ പ്രദീപേട്ടന് ഫോണ്‍ വന്നു.എപ്പോഴും പ്രദീപേട്ടന് ഫോണ്‍ വരും. മായചേച്ചി വഴക്കുണ്ടാക്കാറുണ്ട് അതിന്. ഫോണ്‍ വരുന്നതിനല്ല വഴക്കുണ്ടാക്കുന്നത്.ഫോണ്‍ വന്നാല്‍ കുറേ സമയം വര്‍ത്താനം പറയും, ചെയ്തോണ്ടിരുന്ന കാര്യം മറക്കും, കാപ്പി കുടിയ്ക്കാനിരുന്നാല്‍ കാപ്പി തണുക്കും,ഭക്ഷണം കഴിയ്ക്കാതെ പോകും.

പ്രദീപേട്ടന്‍ ഫോണുമായി മെട്രോ സ്റ്റേഷനിലേയ്ക്ക് കയറിപോയപ്പോള്‍ ഞാനും പതുക്കെ പുറത്തേയ്ക്ക് ഇറങ്ങി.ഹോ!പേടിയാകുന്നല്ലോ.പ്രദീപേട്ടന്‍ പോകുകയും ചെയ്തല്ലോ. എവിടെ നിന്നാണന്നറിയത്തില്ല ഒരു പട്ടി ഉറക്കെ കുരച്ചുകൊണ്ട് എന്റെ നേരെ.വിറച്ചുപോയി.പ്രദീപേട്ടന്‍ റോഡിനപ്പുറത്താണ്.തിരിച്ച് കാറിലേയ്ക്ക് കയറാന്‍ ഓടി. ഒരഞ്ചാറ് പട്ടികള്‍ അവിടുന്നും ഇവിടുന്നും കുരച്ച് ചാടി.

റോഡില്‍കൂടി ചറപറാന്ന് വണ്ടികള്‍ പറക്കുന്നു. ദൈവമേ..!ഓടി..അങ്ങോട്ടും ഇങ്ങോട്ടും..!പട്ടികള്‍ കുരച്ച് ചാടി പുറകേ പായുന്നു.ആരുമില്ലേ ഇവിടെ എന്നെ രക്ഷിയ്ക്കാന്‍..?കുറച്ചുപേര്‍ മാറിനിന്ന് നോക്കുന്നതല്ലാതെ പട്ടികളെ ഓടിയ്ക്കുന്നില്ല.ചിലരൊക്കെ മൊബൈല്‍ ഫോണില്‍ എന്റെ മരണപാച്ചില്‍ പിടിയ്ക്കുന്നു.ഞാനോടുകയായിരുന്നു.പട്ടികള്‍ പുറകേയുണ്ട്.

പ്രദീപേട്ടന്‍ വണ്ടി പാര്‍ക്ക് ചെയ്തിടത്ത് നിന്നും ഒത്തിരി അകലെയെത്തി.വണ്ടികള്‍ക്കിടയിലൂടെ ഓടി അപ്പുറത്ത് ചെന്നപ്പോള്‍ അവിടെനിന്നും കുരച്ചോണ്ട് വേറെ പട്ടികള്‍.ഗത്യന്തരമില്ലാതെ റോഡിന് നടുവിലൂടെ പോകുന്ന മെട്രോ റെയില്‍ പാലത്തിന്റ തൂണിലേയ്ക്ക്.തൂണിലെ ഡ്രെയിനേജ് പൈപ്പ് വഴി മുകളിലേയ്ക്ക്‌...!

അവിടുന്ന് താഴോട്ട് നോക്കുമ്പോള്‍ പട്ടികളെല്ലാം തൂണിന് ചുവട്ടില്‍ നിന്ന് മുകളിലേയ്ക്ക് നോക്കി കുരയ്ക്കുന്നു.താഴെ കൂടി വണ്ടികള്‍ ചീറിപായുന്നു.പെട്ടന്ന് തലയ്‌ക്ക് മുകളിലൂടെ ഇരമ്പി പാഞ്ഞ് മെട്രോ ട്രെയിന്‍.

പ്രദീപേട്ടന്‍ പോയി കാണും.തിരിച്ച് വീട്ടിലേയ്ക്കുള്ള വഴിയും അറിയത്തില്ല.താഴെ ഇറങ്ങാന്‍ പട്ടികള്‍ സമ്മതിയ്ക്കുമെന്ന് തോന്നുന്നില്ല.എന്നാ ചെയ്യും.മോളിക്കുട്ടിയുടെയും സണ്ണിക്കുട്ടിയുടെയും മുന്നില്‍ ആളാകാന്‍ നോക്കിയിട്ട് ഈ ഗതി വന്നല്ലോദൈവമേ.

ഞാനിവിടെയുണ്ടന്ന് വീട്ടിലാര്‍ക്കും അറിയത്തുമില്ലല്ലോ.ഞാനിവിടെ കിടന്ന് മരിച്ചു പോകുമോ.ഇച്ചിരി വെള്ളം പോലും കിട്ടത്തില്ല.

മുത്തശ്ശി പറയാറുണ്ട് '' ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ.നമശ്ശിവായഃ ജപിച്ചാല്‍ ആപത്തൊഴിയും.'' ഓര്‍മ്മ വരുന്നു മുത്തശ്ശീ...

പേടിച്ചരണ്ട് ഒരു രാത്രി വെളുപ്പിച്ചു.രാവിലെ താഴോട്ട് നോക്കിയപ്പോള്‍ ഇന്നലെ ഓടിച്ച പട്ടികള്‍ മുകളിലേയ്ക്ക് നോക്കി നില്‍ക്കുന്നു. തല അകത്തേയ്ക്ക് വലിച്ചു. വിശന്ന് വലഞ്ഞ മൂന്ന് രാത്രിയും നാല് പകലും.ഇന്നലെ വൈകിട്ട് ഓര്‍ക്കാപ്പുറത്ത് പെയ്ത മഴ അമൃതായി,ദാഹം തീര്‍ത്തു.

കുറച്ചുകൂടി നേരംപുലര്‍ന്നപ്പോള്‍ ചിലയാള്‍ക്കാര്‍ മുകളിലേയ്ക്ക് എന്നെനോക്കി കൈ ചൂണ്ടുന്നു. എന്തൊക്കെയോ പറയുന്നു.ആള്‍ക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.പട്ടികളെ കാണാനില്ല, ആശ്വാസം.

പിന്നെയും കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചുവന്നവണ്ടി മണികിലുക്കി കൂവി വിളിച്ചു വന്നു.അതില്‍ നിന്നിറങ്ങിയ രണ്ടുപേര്‍ ഒരു തൊട്ടിയില്‍ കയറി ഞാനിരിയ്ക്കുന്നിടത്തേയ്ക്ക് വരുന്നു.ഇതെല്ലാം താഴെനിന്ന് കുറെപേര്‍ സിനിമാപിടിയ്ക്കുന്നു.

ഒരുകാര്യം എനിയ്ക്ക് മനസ്സിലായി.എന്നെ പിടിയ്ക്കാന്‍ വന്നിരിയ്ക്കുന്നു.ആകെ അങ്കലാപ്പായി.എന്നാ ചെയ്യും.പിടികൊടുക്കണ്ട, കുറച്ചുകൂടി അകത്തേയ്ക്ക് വലിഞ്ഞു. അവര് വിടുന്ന ലക്ഷണമില്ല.ചത്താലും പിടി കൊടുക്കത്തില്ല.

കൂടുതല്‍ അകത്തേയ്ക്ക് മാറാനും പറ്റത്തില്ല.ചെറിയ ഒരു വിള്ളല് കാണുന്നുണ്ട്,അതിലേയ്ക്ക് കടക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഒരാള്‍ എന്തോ വീശി.പേടിച്ചരണ്ട് ഞാന്‍ താഴേയ്ക്ക്.! വന്ന് വീണത് ഒരു വലയിലേയ്ക്ക്. പിന്നെ കണ്ണുതുറക്കുമ്പോള്‍ ഈ ആശുപത്രികിടക്കയിലായിരുന്നു.

ആരൊക്കെയോ എന്നെ കൊണ്ടുപോകാന്‍ വന്നിരിയ്ക്കുന്നു.സൂരജ് ഡോക്ടര്‍ സമ്മതിയ്ക്കുന്നില്ല കൊണ്ടുപോകാന്‍.എനിയ്ക്ക് മായചേച്ചിയുടെ വീട്ടിലേയ്ക്ക് പോയാല്‍മതി എന്ന് പറയണമെന്നുണ്ട്.വന്നവരൊക്കെ പല പേരും വിളിച്ച് എന്നെ പരിചയമുണ്ടന്ന് ഭാവിച്ചു.ഞാന്‍ നോക്കിയതേയില്ല.കണ്ണടച്ച് കിടന്നു.ഉറക്കത്തിലേയ്ക്ക് വീഴുകയായിരുന്നു.

''കല്യാണീ..''

മോളിക്കുട്ടി വിളിയ്ക്കുന്നതുപോലെ തോന്നിയപ്പോള്‍ ഞെട്ടിഉണര്‍ന്നു.കണ്ണുകളെ വിശ്വസിയ്ക്കാനായില്ല.അതാ മോളിക്കുട്ടിയും സണ്ണിക്കുട്ടിയും ജന്നിഫറിന്റെ കൈയില്‍.പ്രദീപേട്ടനും മായചേച്ചിയും അപ്പുവും ലച്ചുവും എന്നെനോക്കി ചിരിയ്ക്കുന്നു.

കുറ്റബോധവും നാണവും കൊണ്ട് അവരെ നോക്കാന്‍ തോന്നിയില്ല.മോളിക്കുട്ടിയും സണ്ണിക്കുട്ടിയും എന്റെ അരികിലെത്തി കെട്ടിപിടിച്ചു.എന്റെ എല്ലാ ക്ഷീണവും പോയന്ന് തോന്നി.

പ്രദീപേട്ടനും മറ്റും ഡോക്ടറെ കാണാനായി പോയപ്പോള്‍ മോളിക്കുട്ടി പറഞ്ഞു. '' എന്നാലും എന്റെ കല്യാണീ നീയിതെന്നാപണിയാ കാണിച്ചെ.നിന്നെ കാണാഞ്ഞിട്ട് അവിടെ എന്നാ ബഹളമാരുന്നെന്ന് അറിയാമോ.പ്രദീപേട്ടന്‍ എവിടെ ഒക്കെയോ അന്വഷിച്ചുപോയി.

അവസാനം ടിവി യില്‍ നിന്റെ പടം അപ്പു കണ്ടു,നീ ആ തൂണിന്റെ മുകളില്‍ ഇരിയ്ക്കുന്നത്.അപ്പോഴാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്.പിന്നെ ഞങ്ങളെല്ലാവരും കൂടി ഇങ്ങോട്ട് പോരുവാരുന്നു.''

''നിനക്കറിയാമോ ഞങ്ങള്‍ക്കും ഭയങ്കര സങ്കടമാരുന്നു. സൂസനാന്റി നിന്നെ തിരികെ കിട്ടാനായി കലൂര്‍ പള്ളിയില്‍ മെഴുകുതിരിയും മാലയും കൊടുത്താരുന്നു.''

അപ്പോഴേയ്ക്കും ജന്നിഫറിന്റെ കൂടെ അപ്പുവും ലച്ചുവും വന്നു. പുറകെ ഡോക്ടറും പ്രദീപേട്ടനും മായചേച്ചിയും.ഡോക്ടര്‍ എന്നെ എടുത്ത് മായചേച്ചിയുടെ കൈയില്‍ കൊടുത്തു.

'' വേറെ കുഴപ്പമൊന്നും ഇല്ല കല്യാണിയ്ക്ക്.മൂന്നാലു ദിവസം ഭക്ഷണം കഴിയ്ക്കാത്തതിന്റെ ക്ഷിണം മാത്രമേ ഉണ്ടായിരുന്നുള്ളു.കൊണ്ടുപോകാം.''

''ഇവരേതാ.?'' സൂരജ് ഡോക്ടര്‍ മോളിക്കുട്ടിയെയും സണ്ണിക്കുട്ടിയെയും നോക്കി മായചേച്ചിയോട്.

''കല്യാണീടെ ഫ്രണ്ട്സാ.വലിയ കൂട്ടാ.കല്യാണി മിസ് ആയപ്പോള്‍ മുതല്‍ ഇവരും ഭയങ്കര സങ്കടത്തിലാരുന്നു.ജന്നിഫറിന്റെ ഡാഡീടെ തറവാട്ടില്‍ നിന്നും കൊണ്ടുവന്ന പൂച്ചക്കുട്ടികളാ.''

കണ്ടില്ലേ, കല്യാണിയെ കണ്ടപ്പോഴത്തെ അവരുടെ സ്നേഹം.''

മായചേച്ചി പറഞ്ഞു.

വീട്ടിലേയ്ക്ക് പോകുന്ന വഴി മോളിക്കുട്ടി എന്റെ ചെവിയില്‍ പതുക്കെ വിളിച്ചു. ''മെട്രോ കല്യാണീ...!''

Advertisment